സഭ ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ?
എ സജീവന്‍
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കാന്‍ കത്തോലിക്കസഭയുടെ പരമോന്നത വൈദികനേതൃത്വം തീരുമാനിച്ച വാര്‍ത്ത അത്ഭുതത്തോടെയാണ് കേട്ടത്. കുറച്ചുനാള്‍ മുന്‍പായിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ ആശ്ചര്യത്തിന്റെ കാര്യമേയുണ്ടായിരുന്നില്ല. വൈദികര്‍ക്കെതിരേ ഉയര്‍ന്ന പരാതികള്‍ പലതിനും ചവറ്റുകുട്ടയില്‍ മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളുവല്ലോ. എന്നാല്‍, ദിവസങ്ങള്‍ക്കു മുന്‍പു മാത്രമാണ് കാനന്‍ നിയമങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ മാര്‍പാപ്പ തീരുമാനിച്ചത്. പുതിയ നിയമമനുസരിച്ച് വൈദികരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ അതിഗുരുതരമായ കുറ്റമായാണ് കത്തോലിക്ക സഭ പരിഗണിക്കുക. സഭയ്ക്കു കുറ്റം ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ കടുത്ത നടപടികളുണ്ടാകും.
സഭ വേട്ടക്കാര്‍ക്കൊപ്പമല്ല ഇരകള്‍ക്കൊപ്പമാണെന്ന ആശ്വാസകരമായ, പ്രതീക്ഷാനിര്‍ഭരമായ നിലപാടാണ് മാര്‍പാപ്പയില്‍ നിന്നുണ്ടായത് എന്നതില്‍ സംശയമില്ല. അത്തരമൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ അപേക്ഷ ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിയില്ലെന്നാണു കരുതിയിരുന്നത്. സംഭവിച്ചത് മറിച്ചാണ്. സിസ്റ്റര്‍ ലൂസിയുടെ മൂന്നാമത്തേതും അവസാനത്തേതുമായ അപ്പീലും വത്തിക്കാന്‍ തള്ളിയിരിക്കുന്നു. ഇനി തിരുവസ്ത്രം അഴിച്ചുവച്ചു പുറത്തുപോവുക മാത്രമേ രക്ഷയുള്ളൂവെന്നാണ് സഭയുടെ നിലപാട്.
ലൂസി കളപ്പുരയ്ക്കല്‍ എന്ന ക്രിസ്തുവിന്റെ മണവാട്ടി അത്രമാത്രം പാപിനിയാണോ. അവര്‍, വഴിവിട്ട ജീവിതസഞ്ചാരം നടത്തിയതായി അറയില്ല. ലൈംഗികകേളികളില്‍ അഭിരമിച്ചതായി ശത്രുക്കള്‍ പോലും കുറ്റപ്പെടുത്തിയിട്ടില്ല. നമുക്കെല്ലാം അറിയാവുന്ന ഏക തെറ്റ്, കന്യാസ്ത്രീകള്‍ക്കു നേരേ ലൈംഗികകൈയേറ്റം നടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ചില വൈദികര്‍ക്കു നേരേ ശബ്ദമുയര്‍ത്തി എന്നതു മാത്രമാണ്. പവിത്രമായ ബിഷപ്പ് പദവിയിലിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ എന്നയാള്‍ ലൈംഗികചൂഷണത്തിന് വിധേയയാക്കിയ കന്യാസ്ത്രീ പരാതിയുമായി സഭയെ സമീപിച്ചപ്പോള്‍ അവര്‍ക്കൊപ്പം നിന്നുവെന്നതാണ് പൊതുജനത്തിന് അറിയാവുന്ന വെല്ലുവിളി.
വൈദികരെല്ലാം മോശക്കാരാണെന്ന് ആരും കുറ്റപ്പെടുത്തില്ല. മാന്യന്മാരാണ് അവരില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍, കാമാസക്തരായ ഒരുകൂട്ടം വൈദികര്‍ നടത്തിയ ലൈംഗികപീഡനങ്ങളെക്കുറിച്ചുള്ള കഥകള്‍ ഇന്നും ഇന്നലെയുമല്ല ലോകത്തിന്റെ നാനാ കോണുകളില്‍ നിന്നും ഉയരാന്‍ തുടങ്ങിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പെടെയുള്ള കൊച്ചുങ്ങളെ വരെ നിരന്തരം പീഡിപ്പിച്ച വൈദികരെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പാശ്ചാത്യനാടുകളില്‍ നിന്നു പുറത്തുവന്നിരുന്നു. ദ് ബോസ്റ്റന്‍ ഗ്ലോബ് എന്ന പ്രസിദ്ധീകരണത്തിന്റേതു പോലുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്.
കേരളത്തില്‍ തന്നെ അപരാധികളെ സംരക്ഷിക്കാന്‍ ശ്രമിച്ച എത്രയെത്ര സംഭവങ്ങള്‍. ഏതാണ്ട് അരനൂറ്റാണ്ടു മുന്‍പുണ്ടായ മറിയക്കുട്ടി കൊലക്കേസിന്റെ കാര്യം മറന്നിട്ടുണ്ടാകില്ല. ആ കേസില്‍ കോടതി ശിക്ഷിച്ച ഫാ. ബെനഡിക്ടിനെ വിശുദ്ധനായി ചിത്രീകരിക്കാനുള്ള ശക്തമായ നീക്കങ്ങള്‍ വരെയുണ്ടായി. അടുത്ത കാലത്തുണ്ടായതാണല്ലോ കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവം. അതിന് ഉത്തരവാദിയായ ഫാ. റോബിന്‍ വടക്കുഞ്ചേരിയിലിനെ സംരക്ഷിക്കാന്‍ എന്തെല്ലാം നീക്കങ്ങളാണ് തകൃതിയായി നടന്നത്. കുട്ടിയെ പീഡിപ്പിച്ചത് നിരപരാധിയായ അവളുടെ പിതാവാണെന്നു വരുത്തിത്തീര്‍ക്കാന്‍ വരെ ശ്രമമുണ്ടായി.
2009 ല്‍ തൃശൂര്‍ തൈക്കാട്ടുശ്ശേരിയില്‍ ഒന്‍പതു വയസ്സുകാരിയായ പെണ്‍കുട്ടിയെ ഫാ. രാജു പൊക്കന്‍ പീഡിപ്പിച്ചത് ആദ്യ കുര്‍ബാനയ്ക്കു പുത്തനുടുപ്പു വാങ്ങിക്കൊടുക്കാമെന്നു വ്യാമോഹിപ്പിച്ചാണെന്നായിരുന്നു പരാതി. 2015 ല്‍ കൊടുങ്ങല്ലൂരിനടുത്ത പുത്തന്‍വേലിക്കകം പള്ളിയിലെ വികാരി ഫാ. എഡ്വിന്‍ ഫിഗറസ് കുമ്പസാരക്കൂട്ടില്‍ നിന്നു പുരോഹിതഗൃഹത്തിലേയ്ക്കു കൊണ്ടുപോയി പതിനാലുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2013 ല്‍ ഫാത്തിമ സോഫിയ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം മലയാളികള്‍ മറക്കാനിടയില്ല. ഫാ. ആരോക്കിയ രാജിനെതിരേയായിരുന്നു പീഡനാരോപണം. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി ഉണ്ടായിട്ടും പൊലിസ് ആ മരണം ആത്മഹത്യയാക്കി വിധിയെഴുതി കേസ് അവസാനിപ്പിച്ചു.
രണ്ടുവൈദികരും കന്യാസത്രീയും മഠത്തിനുള്ളില്‍ നടത്തിയ വേഴ്ച കണ്ടുപോയെന്ന കാരണത്താലണല്ലോ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ആ കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങള്‍ സിനിമാക്കഥകളെപ്പോലും അതിശയിക്കുന്നവയായിരുന്നു. ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും സി.ബി.ഐ പോലും മാറിമാറി അന്വേഷിച്ചിട്ടും അസ്വാഭാവികമായി ഒന്നും കണ്ടില്ല. അതൊരു ക്രൂരമായ കൊലപാതകമാണെന്നു ബോധ്യമായ നീതിപീഠം വിടാതെ പിടിമുറുക്കിയപ്പോഴാണ് ഒടുവില്‍ കുറ്റക്കാരെ പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ പോലും നിര്‍ബന്ധിതമായത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ആരെല്ലാം എങ്ങനെയെല്ലാം രംഗത്തിറങ്ങിയെന്നത് അടുത്തകാലത്തു കണ്ടതാണല്ലോ. ജനപ്രതിനിധിയായിരുന്ന ഒരു രാഷ്ട്രീയനേതാവ് തികച്ചും നീചമായാണ് പീഡനത്തിനിരയാക്കപ്പെട്ട കന്യാസ്ത്രീക്കെതിരേ ആവര്‍ത്തിച്ചു പ്രതികരിച്ചത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കു പിന്തുണ നല്‍കാന്‍ ക്രിസ്തുവിന്റെ മണവാട്ടികളില്‍ ബഹുഭൂരിപക്ഷവും ഉണ്ടായിരുന്നില്ല. ഒപ്പം നിന്ന കുറച്ചുപേര്‍ക്ക് അനുഭവിക്കേണ്ടി വന്ന മാനസികപീഡനം എത്രയെന്നത് അവരുടെ വിലാപതുല്യമായ പ്രതികരണങ്ങളിലൂടെ സമൂഹത്തിനു ബോധ്യപ്പെട്ടതാണ്.
അങ്ങനെ അതിക്രൂരമായ മാനസിക പീഡനം അനുഭവിക്കേണ്ടി വന്നവരില്‍ ഒരാളായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലാണ് ഇപ്പോള്‍ തിരുവസ്ത്രം അഴിച്ചുവയ്‌ക്കേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുന്നത്. ചുരിദാര്‍ ധരിച്ചു, അനുസരണം പാലിച്ചില്ല തുടങ്ങിയ തമാശ തോന്നിക്കുന്ന കുറ്റങ്ങളാണ് ഈ നടപടിക്കു കാരണങ്ങളായി സഭ ഉന്നയിച്ചിരിക്കുന്നത്. അവയൊന്നുമല്ല, ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ പ്രതികരിച്ചു എന്നതാണ് തനിക്കെതിരേ നടപടിയെടുക്കാന്‍ കാരണമായതെന്നു സിസ്റ്റര്‍ ലൂസി തുറന്നു പറഞ്ഞിട്ടുണ്ട്. ചുരിദാര്‍ ധരിച്ചുവെന്നതിന് സിസ്റ്റര്‍ ലൂസിക്കെതിരേ നടപടിയെടുത്ത സഭ, അവര്‍ നടത്തിയ ചില വെളിപ്പെടുത്തലുകളിലെ കുറ്റവാളികളെത്തേടി പോയില്ല എന്നതു കൗതുകകരമാണ്. കര്‍ത്താവിന്റെ നാമത്തില്‍ എന്ന പേരില്‍ ഒരു ആത്മകഥ സിസ്റ്റര്‍ ലൂസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍, തന്നെ നാലു തവണ വൈദികര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന പരാമര്‍ശമുണ്ട്. മഠം സന്ദര്‍ശിക്കാനെന്ന വ്യാജേന എത്തുന്ന ചില വൈദികര്‍ ലൈംഗികചൂഷണം നടത്തിയ എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പീഡനത്തിനിരയായ ഒരു കന്യാസ്ത്രീ പ്രസവിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും അതിനു കാരണക്കാരനായ വൈദികനെ സഭ സംരക്ഷിക്കുകയാണു ചെയ്തതെന്നും ആ പുസ്തകത്തില്‍ പറയുന്നു. കര്‍ത്താവിന്റെ നാമത്തില്‍ ആണയിട്ടെഴുതിയ ആ പുസ്തകത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ അന്വേഷണവും നടപടിയുമുണ്ടായില്ല. പകരം, തിരുവസ്ത്രമണിഞ്ഞ ഒരു കൂട്ടം കാമാതുരന്മാരാല്‍ ക്രിസ്തുവിന്റെ മണവാട്ടികള്‍ വേട്ടയാടപ്പെടുന്നതിനെക്കുറിച്ചു തുറന്നു പറഞ്ഞ സിസ്റ്റര്‍ ലൂസിയെപ്പോലുള്ളവര്‍ നിരന്തരം വേട്ടയാടപ്പെടുന്നു.
വൈദികപീഡനങ്ങളുടെ പാപഭാരം മുഴുവന്‍ ഏറ്റെടുത്ത്, 2001 ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ ഏറെ പ്രസക്തമാണ്. അതിങ്ങനെയായിരുന്നു. അരമനകളില്‍ നടക്കുന്ന ആ ലൈംഗിക അരാജകത്വം ക്രിസ്തുവിന്റെ വചനങ്ങള്‍ക്കും മാതൃകയ്ക്കും എതിരാണ്. വൈദികരുടെ ലൈംഗിക അരാജകത്വം തടയാന്‍ കാനന്‍ നിയമം പൊളിച്ചെഴുതാന്‍ മാര്‍പാപ്പ തയാറായതിനു തൊട്ടുചേര്‍ന്ന ദിവസം തന്നെയാണ് വത്തിക്കാന്‍ ലൂസി കളപ്പുരയ്ക്കല്‍ എന്ന കന്യാസ്ത്രീയെ കല്ലെറിയാന്‍ വിട്ടുകൊടുത്തത് എന്നത് വിധി വൈപരീത്യമായിരിക്കാം.നിന്ദിതരേ പീഡിതരേ നിങ്ങള്‍ കൂടെ വരൂ, ക്രിസ്തുവിന്റെ സ്വര്‍ഗരാജ്യം നിങ്ങള്‍ക്കുള്ളതല്ലോ എന്നു പാടി സമാധാനിക്കാം.
ആമേന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."