ബ്രണ്ണന്‍ കോളജിലെ ചവിട്ടും കത്തിയും
വി അബ്ദുല്‍ മജീദ്
സിംഹവും പുലിയുമൊക്കെ വിശക്കുമ്പോള്‍ ഏതെങ്കിലും ജീവിയെ കൊന്നുതിന്നുന്നത് പ്രകൃതിനിയമമാണ്. അതൊരു വീരസ്യമായി ഏതെങ്കിലും സിംഹമോ പുലിയോ അവകാശപ്പെട്ടതായി ഇതുവരെ കേട്ടിട്ടില്ല. ആ പാവം ജീവികളെ വീരശൂര പരാക്രമികളും സിംഹത്തെ കാട്ടിലെ രാജാവുമൊക്കെയായി ചിത്രീകരിച്ചത് നമ്മള്‍ മനുഷ്യരാണ്. അങ്ങനെ ഹിംസയും പരാക്രമവുമാണ് മികച്ച നേതൃഗുണങ്ങളെന്ന് കുട്ടികളെ പഠിപ്പിച്ചുപോരുന്നവരാണ് നമ്മള്‍.
മികച്ച നേതാക്കള്‍ വീരരും പരാക്രമികളുമായിരിക്കണമെന്ന രാഷ്ട്രീയബോധം മലയാളിമനസ്സുകളില്‍ വേരുപിടിക്കാന്‍ കാരണങ്ങള്‍ ഇതും തലമുറകളായി കേട്ടുപോരുന്ന പഴയ നാടുവാഴികളെക്കുറിച്ചുള്ള കഥകളുമായിരിക്കണം. അഫ്ഗാനിസ്ഥാനിലെയും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെയുമൊക്കെ യുദ്ധപ്രഭുക്കള്‍ക്കു കീഴില്‍ അണിനിരക്കുന്നവരുടെ മനോഭാവം തന്നെയാണ് വലിയൊരു വിഭാഗം മലയാളികളുടെ രാഷ്ട്രീയബോധത്തെയും നിയന്ത്രിക്കുന്നത്. പ്രാകൃതമായ ആ വീരാരാധനയെ നമ്മള്‍ ജനാധിപത്യബോധമെന്നും രാഷ്ട്രീയപ്രബുദ്ധതയുമെന്ന് അലങ്കരിച്ചു വിളിക്കുന്നു എന്നു മാത്രം.
നേതാക്കള്‍ക്ക് ചങ്കും മറ്റു ചില അവയവങ്ങളും വേണ്ടതിലധികമുണ്ടെന്ന അവകാശവാദങ്ങളും അവര്‍ എഴുന്നള്ളുമ്പോള്‍ ഉയരുന്ന ധീരാ, വീരാ വിളികളും ഈ മനോഭാവത്തില്‍നിന്ന് ഉണ്ടാകുന്നതാണ്. ഇങ്ങനെയുള്ളൊരു രാഷ്ട്രീയാന്തരീക്ഷത്തില്‍ നേതാക്കള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ചില വീരകഥകളുടെ പിന്‍ബലം വേണ്ടിവരുന്നു.
അങ്ങനെ വീരശൂര നേതാക്കളായി വളരാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ തന്നെ പഠിക്കണം. പാഠ്യവിഷയങ്ങള്‍ക്കു പുറമെ പോര്‍വിളിയും പൊയ്ത്തും പഠിക്കാനുള്ള സൗകര്യം അവിടെയുണ്ടെന്നാണ് ചില വലിയ നേതാക്കളുടെ കഥകളില്‍നിന്ന് മനസിലാകുന്നത്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും അവിടെ പഠിച്ചും പയറ്റിയും തെളിഞ്ഞ വീരപോരാളികളാണ്.
അതിലൊരു ചരിത്രസംഭവമാണ് സുധാകരന്‍ കഴിഞ്ഞദിവസം പുറത്തുവിട്ടത്. സുധാകരന്‍ ബ്രണ്ണനില്‍ പഠിക്കുന്ന കാലത്ത് കാംപസില്‍ ഇന്നത്തെ എസ്.എഫ്.ഐയുടെ പൂര്‍വകാല രൂപമായ കെ.എസ്.എഫിന്റെയും കെ.എസ്.യുവിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ പൊരിഞ്ഞ അടി. അവിടെ പരീക്ഷയെഴുതുകയായിരുന്ന പിണറായി വിജയന്‍ സംഘട്ടനം നടക്കുന്ന ഇടത്തെത്തി. ഉടന്‍ സുധാകരന്‍ ഒറ്റച്ചവിട്ട്. പിണറായി ദാ കിടക്കുന്നു ധരണിയില്‍.
എന്നാല്‍ അത് പിണറായി സമ്മതിച്ചുകൊടുത്തിട്ടില്ല. അടി കൊടുക്കുന്നത് വീരത്വമാണെങ്കില്‍ അടി കിട്ടുന്നത് കുറച്ചിലുമാണല്ലോ. സുധാകരന്‍ ഇത് സ്വപ്നം കണ്ടതാണെന്നാണ് പിണറായി പറയുന്നത്. സുധാകരന് അതു സാധിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അതിലേറെ വലിയ വീരകൃത്യം ചെയ്തയാളാണ് പിണറായി. ആ സംഘട്ടനത്തില്‍ തന്നെ പിണറായി കൈകള്‍ കൂട്ടിയിടിച്ച് ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയപ്പോള്‍ സുധാകരന്‍ ഭയന്നു പിന്മാറിയെന്നും കഥയുണ്ട്. കൂടാതെ പിണറായി അക്കാലത്ത് ഊരിപ്പിടിച്ച കത്തികള്‍ക്കിടയിലൂടെ നടന്നുപോയിട്ടുമുണ്ട്. എന്നിട്ടും ഒരു കുത്തുപോലും അദ്ദേഹത്തിന് ഏറ്റിട്ടില്ല. ഇത് അവരുടെ രാഷ്ട്രീയജീവിതത്തിലെ ചെറിയ സംഭവങ്ങള്‍ മാത്രമായിരിക്കും. ഇതിലും വലിയ കാര്യങ്ങള്‍ പറ്റിയ സന്ദര്‍ഭങ്ങളില്‍ പുറത്തുവരുമെന്നു കരുതാം.
കുതിരവട്ടം പപ്പു ലോറിയോടിച്ച് താമരശ്ശേരി ചുരമിറങ്ങുമ്പോള്‍ വണ്ടിയുടെ നിയന്ത്രണം വിടുകയും 'ന്റെ മുത്തശ്ശ്യേ...' എന്ന് വിളിച്ചപ്പോള്‍ വണ്ടി നില്‍ക്കുകയും ചെയ്ത ഒരു കഥയുണ്ട്. ഇതേ പപ്പു തന്നെ പണ്ടൊരിക്കല്‍ ഈറ്റ വെട്ടാന്‍ കാട്ടില്‍ പോയപ്പോള്‍ ഒരു പുലി ചാടിവീണു. പപ്പു മുഷ്ടിചുരുട്ടി പുലിയുടെ വായിലേക്ക് ഒറ്റ ഇടി. കൈ പുലിയുടെ വയറും കടന്ന് പിന്‍ഭാഗത്തുകൂടി പുറത്തുവന്നപ്പോള്‍ പപ്പുവിന് പുലിയുടെ വാല് പിടിക്കാന്‍ കിട്ടി. പപ്പു അതില്‍ പിടിച്ച് പുലിയെ നന്നായൊന്ന് കുടഞ്ഞു. പുലി അകംപുറം മറിഞ്ഞുപോയി.
ബഡായി പറയുമ്പോള്‍ ഒട്ടും കുറയ്‌ക്കേണ്ടതില്ലല്ലോ.
മരങ്ങള്‍ പോയാലും
സി.പി.ഐ വളരട്ടെ
സി.പി.ഐയെന്ന പാര്‍ട്ടിയെ മലയാളികള്‍ക്ക് പൊതുവെ ഇഷ്ടമാണ്. ആ ഇഷ്ടം വെറുതെയല്ല. അഴിമതിയില്‍ താരതമ്യേന വളരെ പിറകിലുള്ള, ഏറെക്കുറെ ഋഷിതുല്യരായ നേതാക്കളാണ് ആ പാര്‍ട്ടിയിലുള്ളതെന്നു വേണമെങ്കില്‍ പറയാം. ഏറെക്കാലം ഭരണത്തിലിരുന്നിട്ടും കാര്യമായ പേരുദോഷങ്ങളൊന്നും ആ പാര്‍ട്ടിയുടെ നേതാക്കള്‍ കേള്‍പ്പിച്ചിട്ടില്ല. കുറേക്കാലം സംസ്ഥാന മന്ത്രിയും എം.പിയുമൊക്കെ ആയിരുന്ന വി.വി രാഘവന്റെ മകന്‍ ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്നു. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ സി. അച്യുതമേനോനും പി.കെ വാസുദേവന്‍ നായരും പിന്നീട് സാധാരണ ബസുകളിലും ട്രെയിനില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും യാത്ര ചെയ്തു. അങ്ങനെ കര്‍മവിശുദ്ധിയുടെ പക്ഷത്തുനിന്ന് ആ പാര്‍ട്ടിയെ പ്രശംസിക്കാന്‍ തുടങ്ങിയാല്‍ അതു തീരില്ല.
അതുകൊണ്ട് മലയാളികള്‍ ഏറ്റവുമധികം പ്രശംസിച്ച പാര്‍ട്ടി സി.പി.ഐ ആണെന്ന കാര്യത്തില്‍ ഒട്ടും തര്‍ക്കമില്ല. എന്നാല്‍ അതു വോട്ടില്‍ കാണാറില്ല. കൊല്ലം, തൃശൂര്‍ ജില്ലകളിലല്ലാതെ സി.പി.ഐ ഒറ്റയ്ക്കു മത്സരിച്ചാല്‍ രണ്ടായിരം വോട്ടിനപ്പുറം കിട്ടുന്ന നിയമസഭാ മണ്ഡലങ്ങള്‍ കേരളത്തില്‍ മറ്റെവിടെയും കാണില്ല.
അതിനു കാരണമുണ്ട്. നമ്മള്‍ മലയാളികള്‍ അങ്ങനെയാണ്. ആദര്‍ശശുദ്ധിയോടും കര്‍മശുദ്ധിയിയോടുമൊക്കെ നമ്മുടെ നാട്ടുകാര്‍ക്ക് വലിയ ബഹുമാനമാണ്. എങ്കിലും ഏതു കാര്യമായാലും അതു നേരെചൊവ്വെ നടന്നാല്‍ മലയാളിക്കു തൃപ്തിയാകില്ല. ക്രമപ്രകാരം കാത്തിരിക്കാതെ നേരത്തെ തന്നെ കിട്ടേണ്ടതു കിട്ടണം. അതു മറ്റാരെയെങ്കിലും മറികടന്നാണെങ്കില്‍ അതിലേറെ സന്തോഷം. നിയമങ്ങള്‍ ലംഘിച്ചാണ് കിട്ടുന്നതെങ്കില്‍ അതിലുമൊക്കെയേറെ സന്തോഷം. ഇത് കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ വ്യക്തമായി കാണാം. റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ റിസര്‍വ് ചെയ്ത സീറ്റോ ബര്‍ത്തോ മറ്റാരും കൊണ്ടുപോകാതെ അവിടെത്തന്നെ ഉണ്ടാകുമെങ്കിലും വണ്ടി നിര്‍ത്തുമ്പോള്‍ തിക്കിത്തിരക്കി ഇടിച്ചുകയറിയാലേ മലയാളിക്കു തൃപ്തിയാകൂ. അതുപോലെ ഇത്തിരി തട്ടിപ്പും തരികിടയും കൂടി ചേര്‍ന്നാല്‍ മാത്രമാണ് ശരാശരി മലയാളിയുടെ ജനാധിപത്യബോധം തൃപ്തിപ്പെടുന്നത്.
മലയാളികളുടെ നിര്‍ഭാഗ്യം കാരണം സി.പി.ഐ ഭരണത്തിലിരുന്ന കാലങ്ങളില്‍ അവരുടെ കൈവശമുള്ള വകുപ്പുകളില്‍ ഈ ഇടിച്ചുകയറ്റം നടക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെയുണ്ട്. കാശ് കൊടുത്താല്‍ വാങ്ങാന്‍ മടിയുള്ളവരും കോടികളുടെ നോട്ടുകെട്ടുകള്‍ കണ്ടാല്‍ ഹൃദയാഘാതം വരുന്നവരുമാണ് സി.പി.ഐ നേതാക്കളെന്നാണ് പൊതുവെ നാട്ടില്‍ പറഞ്ഞുകേള്‍ക്കുന്നത്. അങ്ങനെയുള്ളൊരു പാര്‍ട്ടിയെക്കൊണ്ട് വല്ല പ്രയോജനവുമുണ്ടോ. അതുകൊണ്ടാണ് നാട്ടുകാര്‍ ആ പാര്‍ട്ടിയെ വോട്ടില്‍ കാര്യമായ പിന്തുണയ്ക്കാതെ പുകഴ്ത്തുക മാത്രം ചെയ്യുന്നത്. വളര്‍ച്ചാ മുരടിപ്പും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിത്യദാരിദ്ര്യവുമാണ് അതിന്റെ ഫലം.
എത്രകാലമെന്നുവച്ചാണ് ഒരു പാര്‍ട്ടി ഇങ്ങനെ മുന്നോട്ടുപോകുക. അതും അഴിമതിയടക്കം വന്‍കിട ആരോപണങ്ങളുണ്ടായിട്ടും വലിയ ആള്‍ബലവുമായി നിലകൊള്ളുന്നൊരു വല്യേട്ടന്‍ പാര്‍ട്ടിയുടെ കീഴില്‍. അത്രയൊന്നുമില്ലെങ്കിലും വട്ടച്ചെലവിന് ഇത്തിരി കാശെങ്കിലുമുണ്ടാക്കിയില്ലെങ്കില്‍ കൂടെ നില്‍ക്കാന്‍ ഇനിയുള്ള കാലത്ത് ആളുകളെ കിട്ടില്ലെന്നും അധികകാലം അങ്ങനെ തുടരാനാവില്ലെന്നും ഉത്തരാധുനിക കേരള രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടി ചിന്തിച്ചുപോകുന്നത് അത്ര വലിയ തെറ്റൊന്നുമല്ല. അതിനു പോംവഴി കണ്ടെത്തുന്നതും തെറ്റല്ല.
അങ്ങനെയൊക്കെയാണ് കഴിഞ്ഞ സര്‍ക്കാരില്‍ സി.പി.ഐ ഭരിച്ച വനം, റവന്യൂ വകുപ്പുകളില്‍ നിന്നുള്ള ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി അനധികൃത മരംമുറി നടന്നതെന്നാണ് പാര്‍ട്ടിയുടെ ശത്രുക്കളായ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ പറയുന്നത്. ബൂര്‍ഷ്വാ ആരോപണമായതിനാല്‍ അതു മുഖവിലയ്‌ക്കെടുക്കേണ്ട കാര്യമില്ല. പിന്നെ കാട്ടിലെ മരം, തേവരുടെ ആന, മുറിയെടാ മുറി എന്നോ മറ്റോ ഒരു പഴഞ്ചൊല്ലുമുണ്ടല്ലോ. അങ്ങനെ കുറച്ചു മരങ്ങള്‍ മുറിക്കുന്നതുകൊണ്ട് ഒരു വിപ്ലവപ്പാര്‍ട്ടി വളരുന്നുണ്ടെങ്കില്‍ അതൊരു വലിയ കാര്യമല്ലേ. മരത്തേക്കാള്‍ വലുതല്ലേ വിപ്ലവം. ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് അതൊന്നും മനസിലാകണമെന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."