വെള്ളിയാഴ്ച
ഹനാന്‍ മറിയം
ഒരു വെള്ളിയാഴ്ച. മരംകോച്ചുന്ന തണുപ്പില്‍ സുബ്ഹിയുടെ മുന്‍പ് എണ്ണീറ്റ് കൊട്ടത്തളത്തിലേക്ക് നടക്കുമ്പോള്‍ കമ്പിളി പുതപ്പിനുള്ളിലെന്നപോലെ എന്റെ കണ്ണുകള്‍ക്ക് തെളിച്ചം വന്നിട്ടുണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഭാരമോര്‍ത്ത് കണ്ണീര്‍ ഒറ്റിക്കുന്ന പൈപ്പിനെ വിളിച്ചുണര്‍ത്തി വുളു എടുത്തപ്പോള്‍ വിറക്കുകയായിരുന്നു ഞാന്‍. ദ്രവിച്ച ദേഹത്തേക്ക് ഒരു കോപ്പ വെള്ളമൊഴിച്ചപ്പോള്‍ എന്റെ ഉന്മേഷനാഡികള്‍ ഉണര്‍ന്നു. പൊക്കിളിലെ കട്ടപിടിച്ച അഴുക്ക് കഴുകിക്കളയുമ്പോള്‍ വാപ്പാന്റെ മയ്യത്ത് കുളിപ്പിച്ചതോര്‍ത്തു. വാപ്പാന്റെ ഓരോ രോമത്തെയും തൊട്ടുതടവിയത് പോലെ എന്റേതും തടവി. എന്റെ ശരീരത്തിലെ അഴുക്ക് ആര്‍ക്കുമൊരു അറപ്പ് ആവാതിരിക്കട്ടെയെന്ന് പ്രാര്‍ഥിച്ചു. ദേഹത്ത് സോപ്പ് പത ഉയരുമ്പോള്‍ എന്റെ കുഞ്ഞുമോന്‍ ഹാഫിസിനെ തിരുമ്പുകല്ലിന്മേല്‍ കയറ്റിനിര്‍ത്തി കുളിപ്പിച്ചതോര്‍ത്തു. കോപ്പയിലെ വെള്ളം കൊണ്ട് അവന്റെമേല്‍ മഴ പെയ്യിപ്പിച്ചത് ഇപ്പോള്‍ എന്റെമേല്‍ ചൊരിയുകയാണ്. കക്ഷത്ത് മുസുവാക്ക് കൊണ്ട് ഉരച്ചുകഴുകുമ്പോള്‍ ഞാന്‍ മറിയത്തെ ഓര്‍ത്തു. അവള്‍ക്ക് എന്റെ മണം സഹിക്കവയ്യായിരുന്നു. എത്ര മുന്തിയ സോപ്പ് ഉപയോഗിച്ചാലും അവള്‍ തൃപ്തിപ്പെട്ടിട്ടില്ല. 'നിങ്ങള്‍ക്ക് പ്രസവിച്ച സ്ത്രീയുടെ മണമാണ്' അവള്‍ പറയുമായിരുന്നു. അവള്‍ക്ക് പുരുഷന്മാരുടെ ഗന്ധമായിരുന്നു, അധ്വാനിക്കുന്ന സ്ത്രീകളുടെ മണത്തെ പ്രകീര്‍ത്തിക്കണം. പൈപ്പിനെ മയക്കത്തിലേക്ക് അയച്ച് കോപ്പ തിരിച്ചുവയ്ക്കുമ്പോള്‍ മങ്ങിയ വെളിച്ചത്തിലും രണ്ട് ജീവനുള്ള ശരീരങ്ങളെ വാതില്‍ക്കല്‍ ഞാന്‍ കണ്ടു. ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന മറിയവും, കുഞ്ഞുമോന്‍ ഹാഫിസും.
'മോനെ ഹാഫിസെ!'
വാപ്പാനെ കുളിപ്പിക്കുകയാണെടാ. നീയവിടെ നോക്കി നിക്കല്ലേടാ. വാപ്പാനെ നീയല്ലേടാ കുളിപ്പിക്കേണ്ടത്? എന്റെ കുഞ്ഞുമോന്‍ കുളിമുറിയുടെ പുറത്തുനിന്ന് കരയുകയാണ്.
'മറിയം, ഇന്ന് എനിക്ക് പ്രസവിച്ച സ്ത്രീയുടെയല്ല, മരിച്ച മനുഷ്യന്റെ മണമാണ്. എന്നെ വന്ന് കുളിപ്പിക്കൂ'
എല്ലാവരും കരയുന്ന തിരക്കിലാണ്, മറിയവും, ഹാഫിസും, ചങ്കില്‍ നിന്നിറങ്ങാത്ത തേങ്ങാച്ചോറും ഇറച്ചിക്കറിയും വേവിക്കുന്ന ചെമ്പട്ടിയും. ഇതൊക്കെ ഇനിയാര് തൂത്തുകളയും? നിങ്ങള്‍ കരയാതെ!
ഉപ്പുരസമുള്ള ചുണ്ടുകള്‍ എന്റെ തണുത്ത ഉറഞ്ഞ ശരീരത്തില്‍ പതിയുമ്പോള്‍ ഉമ്മാനെ ഓര്‍ത്തു. അവര്‍ എന്നെ ചുംബനങ്ങളാല്‍ പൊതിയുമായിരുന്നു. ചെറുതിലെ ഉമ്മാന്റെ ചുണ്ടിലെ പാലുണ്ണിയെ പിടിച്ചുവലിക്കുമ്പോള്‍ ഉമ്മ പറയുമായിരുന്നു,
'വലിക്കല്ലേ മോനെ, ഉമ്മാന്റെ സ്‌നേഹം ഒക്കെ അവിടെയാ'.
പ്രായം കൂടുന്തോറും ഉമ്മാന്റെ പാല്ലുണ്ണി വലുതായി, ഉമ്മാന്റെ സ്‌നേഹവും.
അന്നുമൊരു വെള്ളിയാഴ്ചയായിരുന്നു, ഉമ്മാനെ കുളിപ്പിച്ച ചുണ്ടിലെ പാലുണ്ണിയെ പതിയെ തടവിയപ്പോള്‍ അതിലൊരുപിടി സ്‌നേഹം എനിക്കും കിട്ടി. ഒറ്റ കട്ടില്‍ പൂമുഖത്ത് കൊടുന്നിട്ട് ഉമ്മാനെ അതില്‍ കിടത്തിയപ്പോള്‍, ഞാന്‍ ആ തണുത്ത ഉണ്ണിയുടെ മേല്‍ ചുംബിച്ചു. സര്‍വമനുഷ്യരുടെയും ശരീരത്തില്‍ അത്തരം സ്‌നേഹ ബാങ്കുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് മോഹിച്ചു.
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ എന്റെ തണുത്ത കൈകളില്‍ സ്ഥാനംപിടിച്ച മറിയത്തിന്റെ കൈ ആരൊക്കെയോ പിടിച്ചുമാറ്റി.
'നീ നന്നായി അധ്വാനിക്കണം, ധൈര്യമുള്ളവള്‍ ആയിരിക്കണം'.
ഗള്‍ഫിലേക്ക് പോകുമ്പോള്‍ പറയുന്ന രണ്ടുവരി ഞാന്‍ ആവര്‍ത്തിച്ചു.
നാലുകോണില്‍ പിടിച്ച് എന്നെ ഏറ്റിക്കൊണ്ടുപോകുമ്പോള്‍ മുന്‍കോണില്‍ സ്ഥാനംപിടിച്ച ഹാഫിസിനോട് ചോദിച്ചു,
'മോന് വാപ്പാനെ പൊന്തുവോടാ?'
അവനെ തോളത്ത് ഏറ്റാത്ത അവസരമുണ്ടായിരുന്നില്ല. അവന്‍ എപ്പോഴും എന്റെ മുകളിലായിരുന്നു. ഈ പ്രായത്തില്‍ തന്നെ അവന്‍ എന്നെ ഏറ്റേണ്ടി വരുമെന്ന് ഞാന്‍ നിശ്ചയിച്ചില്ലായിരുന്നു. മയ്യത്ത് പറമ്പില്‍ എത്തിയപ്പോള്‍ എനിക്ക് പരിചയമുള്ള ഒട്ടനവധി പേര്‍. ഞാന്‍ ഖബറിടത്തേക്ക് വന്നുപോയ നേരങ്ങളില്‍ എന്റെ മിഴിനീര്‍ പൊഴിഞ്ഞിട്ടേയുള്ളൂ. പക്ഷേ, ഇന്നവ വറ്റിക്കിടക്കുന്നു.
മറുവശങ്ങളില്‍ നിന്ന് ജീവിതമാകുന്ന സാഗരത്തിന്റെ ഒഴുക്കും, എല്ലുകളുടെ കച്ചേരിയും കേള്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ എനിക്ക് ആരെയും ഓര്‍ക്കാനില്ല, മണ്ണിലേക്ക് ഇറങ്ങിപ്പോകുന്നത് ആദ്യമായിട്ടാണ്. മരണം എനിക്കൊരു പുതിയ അനുഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."