നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം 25ന്
പാലക്കാട്: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 25ന് രാവിലെ 10ന് എം.ബി രാജേഷ് എം.പി നിര്‍വഹിക്കും. പുതുശ്ശേരി കൈലാസ് നഗര്‍ റിക്രിയേഷന്‍ ക്ലബ് - ലൈബ്രറി കെട്ടിടത്തിലാണ് പരിപാടി.
ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ 9.30ന് പുതുശ്ശേരി കോപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് മുന്‍വശത്തുനിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാര്, പൊതുജനങ്ങള്‍, പാലക്കാട് ഗവണ്മെന്റ് പോളിടെക്നിക്ക് കോളജ്, എന്‍.എസ്.എസ് യൂനിറ്റ് വളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വാദ്യാഘോഷങ്ങളോടെ വിളംബരജാഥ ആരംഭിക്കും.
ജാഥ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. വിപിന്‍ദാസ് ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധരായ ഡോ. എ. റോഹന്‍, ഡോ. വി.കെ.പി ഗീത എന്നിവരുടെ നേതൃത്വത്തില്‍ നേത്രരോഗ ബോധവല്‍ക്കരണ ക്യാംപും സൗജന്യ നേത്രപരിശോധനയും നടത്തും.
ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ അന്ധതാനിവാരണ സമിതി, ആരോഗ്യകേരളം, അഹല്യ കണ്ണാശുപത്രി, അഹല്യ നേത്രബാങ്ക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, പുതുശ്ശേരി ജനസേവന ചാരിറ്റബിള്‍ സൊസൈറ്റി, പുതുശ്ശേരി കൈലാസ് നഗര്‍ റസിഡന്‍സ് അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 25 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെയാണ് 31-മത് ദേശീയ നേത്രദാന പക്ഷാചരണം നടക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ബിനുമോള്‍ അധ്യക്ഷയാവും.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.കെ അനൂപ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി റീത്ത, ജില്ലാ ഓഫ്ത്താല്‍മിക് സര്ജന് ഡോ. കെ.ജി സുമിത്ര, പേരൂര്‍ പി. രാജഗോപാലന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."