യുഎഇയിലൂടെ ഇനി ആഡംബര ട്രെയിൻ യാത്ര; പാസഞ്ചർ ട്രെയിനിന് പിന്നാലെ ആഡംബര ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്
അബുദാബി: ട്രെയിൻ വഴിയുള്ള ചരക്കു സർവീസിനും ഉടൻ തുടങ്ങാനിരിക്കുന്ന പാസഞ്ചർ സർവീസിനും പിന്നാലെ ആഡംബര ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. രാജ്യത്തിന്റെ പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാകും ഇത്തിഹാദിന്റെ ആഡംബര ട്രെയിൻ കുതിക്കുക. യുഎഇയിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സർവീസ് പ്രഖ്യാപിച്ചത്.
ഇറ്റാലിയൻ കമ്പനിയായ ആഴ്‌സനൽ ആകും ട്രെയിൻ ഒരുക്കുക. ആഡംബര ട്രെയിൻ നിർമിക്കാൻ ആഴ്‌സനലും ഇത്തിഹാദ് റെയിലും കരാറിൽ ഒപ്പിട്ടു. ഫുജൈറയിൽനിന്ന് തുടങ്ങി വിവിധ എമിറേറ്റുകളിലൂടെ അബുദാബിയിലെ ചരിത്രപ്രസിദ്ധമായ ലിവ മരുഭൂമിയിൽ അവസാനിക്കും വിധത്തിലാണ് പദ്ധതി ഒരുങ്ങുന്നത്. ഇമറാത്തി പൈതൃകം പ്രതിഫലിപ്പിക്കുന്നതാകും ഈ ആഡംബര യാത്ര.
ഇത്തിഹാദ് വിമാനങ്ങളോട് കിടപിടിക്കുന്നതാകും ട്രെയിനിലെ സർവീസുകൾ എന്നാണ് സൂചന. പഴയകാലത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം പുതിയകാലത്തിന്റെ സൗകര്യങ്ങളും ട്രെയിനിൽ ഒരുങ്ങും. പദ്ധതി ഉടൻ തുടങ്ങുമെന്ന് അറിയിച്ചെങ്കിലും സർവീസ് ആരംഭിക്കുന്ന തീയതി വെളിപ്പെടുത്തിയില്ല.
ഈ വർഷം ഫെബ്രുവരിയിലാണ് യുഎഇയിലുടനീളം ചരക്കുഗതാഗത സർവീസ് ഇത്തിഹാദ് ആരംഭിച്ചത്. അടുത്ത വർഷം യാത്രാ ട്രെയിൻ ആരംഭിക്കാനുള്ള ഒരുക്കങ്ങളും നടന്നുവരികയാണ്. ഇതിനിടെയാണ് ആഡംബര ട്രെയിൻ കൂടി വരുന്നത്. സഊദി അറേബ്യയുടെ ആഡംബര പദ്ധതിയായ ദ് ഡ്രീം ഓഫ് ദി ഡെസർട്ടിനു ശേഷം ഗൾഫ് മേഖലയിലെ രണ്ടാമത്തെ പദ്ധതിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."