രണ്ടുകുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ അസമില്‍ സര്‍ക്കാര്‍ ആനുകൂല്യവുമില്ല
ഗുവാഹത്തി: അസമില്‍ രണ്ടുകുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നയം നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. ഘട്ടം ഘട്ടമായാണ് ഇതു നടപ്പാക്കുകയെന്നും വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ഹിമന്ദ പറഞ്ഞു. ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ എല്ലാ ആനുകൂല്യങ്ങള്‍ക്കും രണ്ടു കുട്ടികളിലധികം പാടില്ലെന്ന വ്യവസ്ഥ വയ്ക്കില്ലെന്നും ഹിമന്ദ പറഞ്ഞു.
സംസ്ഥാനത്തെ പല പദ്ധതികളും കേന്ദ്ര സര്‍ക്കാരിന്റെതാണ്. അതിനാല്‍ അവിടെയൊന്നും ഈ വ്യവസ്ഥ ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ല. സ്കൂളുകളിലും കോളജുകളിലും സൗജന്യപ്രവേശത്തിന് ഈ വ്യവസ്ഥ വയ്ക്കില്ല. പ്രധാനമന്ത്രി ആവാസ് യോജനയുടെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങളും രണ്ടുകുട്ടികളില്‍ അധികമുള്ളവര്‍ക്ക് നിഷേധിക്കില്ല. അതേസമയം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പാര്‍പ്പിടപദ്ധതി പോലുള്ളവയുടെ ആനുകൂല്യം ലഭിക്കാന്‍ രണ്ടുകുട്ടികളില്‍ അധികം പാടില്ലെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തും. വൈകാതെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഒരു സര്‍ക്കാര്‍ ആനുകൂല്യങ്ങളും നല്‍കേണ്ടതില്ലെന്ന നിലയിലേക്ക് നയം വ്യാപിപ്പിക്കുമെന്നും ഹിമന്ദ പറഞ്ഞു.സംസ്ഥാനത്തെ കുടിയേറ്റ മുസ്ലിംകള് കുടുംബാസൂത്രണം നടപ്പാക്കണമെന്ന ഹിമന്ദയുടെ പ്രഖ്യാപനം നേരത്തെ വിവാദമായിരുന്നു. ഹിമന്ദയുടെ പിതാവിന് തന്നെ അഞ്ചു കുട്ടികളുണ്ടെന്നായിരുന്നു ഇതിന് പ്രതിപക്ഷത്തിന്റെ മറുപടി. തങ്ങളുടെ രക്ഷിതാക്കള്‍ എന്തു ചെയ്തുവെന്ന് നോക്കുന്നതില്‍ കാര്യമില്ലെന്ന് ഇതെക്കുറിച്ച് ഹിമന്ദ പ്രതികരിച്ചു. 1970കളില്‍ ആളുകള്‍ എന്തു ചെയ്തുവെന്നത് കണക്കിലെടുക്കേണ്ടെന്നും ഹിമന്ദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."