ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കണ്ടെത്തൽ
സിയാദ് താഴത്ത്
കൊച്ചി
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിചാരണക്കോടതി. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ കോടതിക്ക് മുന്‍പാകെ ലഭിച്ചിട്ടില്ലെന്നും ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയ ഉത്തരവില്‍ വിചാരണക്കോടതി വ്യക്തമാക്കി. ദിലീപ് സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്ന ആരോപണങ്ങള്‍ക്കപ്പുറം കൃത്യമായ രേഖകൾ പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റെ കണ്ടെത്തല്‍. സാക്ഷികളായ വിപിന്‍ലാല്‍, ദാസന്‍, സാഗര്‍ വിന്‍സന്റ്, ഡോ. ഹൈദരലി, ശരത് ബാബു, ജിന്‍സന്‍ എന്നിവരെ സ്വാധീനിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ പരാതി. എന്നാൽ സാക്ഷികള്‍ ഇക്കാര്യങ്ങളൊന്നും കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹാക്കര്‍ സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ മായ്ച്ചു കളഞ്ഞതായി പ്രോസിക്യൂഷന്‍ അവകാശപ്പെടുന്നു. എന്തു തെളിവാണ് മായ്ച്ചതെന്നത് വ്യക്തമാക്കിയിട്ടില്ല. ചില ശബ്ദസന്ദേശങ്ങള്‍ തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും അതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ബാലചന്ദ്രകുമാറിന്റെ ശബ്ദസന്ദേശങ്ങള്‍ റെക്കോഡ് ചെയ്ത തീയതി കൃത്യമായി കണ്ടെത്തിയിട്ടില്ലെന്നും ഉത്തരവിലുണ്ട്. 2017ല്‍ ശബ്ദം റെക്കോഡ് ചെയ്‌തെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിനുള്ള തെളിവില്ല. ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കിയിട്ടില്ല. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ കോടതിക്ക് മുന്‍പാകെ ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ അതിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."