ബ്രൂവറി കേസിൽ സർക്കാരിന് തിരിച്ചടി
ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ച് കോടതി
തിരുവനന്തപുരം•ബ്രൂവറി അഴിമതിക്കേസിൽ സർക്കാരിന് തിരിച്ചടി. ബ്രൂവറി ലൈസൻസ് നൽകിയ സമയത്തെ ഫയലുകൾ ഹാജരാക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജി കോടതി അംഗീകരിച്ചു.
കേസിൻ്റെ തുടർനടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച അപേക്ഷ തള്ളുകയും ചെയ്തു. കഴിഞ്ഞ സർക്കാർ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കാൻ തീരുമാനിച്ചതിൽ അഴിമതി നടന്നെന്നാരോപിച്ച് രമേശ് ചെന്നിത്തല നൽകിയ ഹരജിയിൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടെതാണ് നടപടി. കേസിൽ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും.
ക്രമക്കേട് നടന്നിട്ടില്ലെന്നും ഹരജി തള്ളണമെന്നും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ എതിര്‍ ഹരജി
നല്‍കിയിരുന്നെങ്കിലും ഇതും കോടതി തള്ളി. ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും. കേസില്‍ ഈ മാസം 17-ന് വിസ്താരം തുടങ്ങും.
കഴിഞ്ഞ തവണ ചെന്നിത്തലയുടെ മൊഴിയെടുത്തശേഷം മുൻ മന്ത്രിമാരെ സാക്ഷികളായി വിസ്തരിക്കുന്നതിന് സമൻസ് നൽകിയിരുന്നു.
സാക്ഷി വിസ്താരമായിരിക്കും 17ന് നടക്കുക. അതേസമയം പറയാനുള്ളത് കോടതിയിൽ പറയുമെന്നും ചെന്നിത്തലയുടെ സാക്ഷിയാകാനില്ലെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."