വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഒരുക്കണം: യു.എ.ഇ കെ.എം.സി.സി
ദുബൈ: ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാനുള്ള വിലക്ക് യു.എ.ഇ ഗവണ്‍മെന്റ് നീക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധനക്കുള്ള റാപ്പിഡ് ടെസ്റ്റ് സെന്ററുകള്‍ ഒരുക്കണമെന്ന് യു.എ.ഇ കെ.എം.സി.സി ആവശ്യപ്പെട്ടു.
യു.എ.ഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസക്കാര്‍ക്കാണ് ദുബൈ വിമാനത്താവളം വഴിയുള്ള പ്രവേശനം നല്‍കുന്നത്. യു.എ.ഇയുടെ ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ഗവ. മീഡിയാ ഓഫിസ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. യാത്രയുടെ 48 മണിക്കൂര്‍ കഴിയാത്ത ക്യു.ആര്‍ കോഡുള്ള പി.സി.ആര്‍ നെഗറ്റീവ് ഫലം ഹാജരാക്കുന്നതിനൊപ്പം ഇന്ത്യയില്‍ നിന്നും വരുന്ന യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകളിലൊന്ന് വിമാനം പുറപ്പെടുന്നതിനു നാലുമണിക്കൂര്‍ മുമ്പ് റാപ്പിഡ് ടെസ്റ്റിനു വിധേയരാവണമെന്നാണ്. ഇതിനായി വിമാനത്താവളങ്ങളില്‍ ടെസ്റ്റിങ് സൗകര്യമൊരുക്കുകയല്ലാതെ നിര്‍വാഹമില്ല. ഈ ആവശ്യം ഉന്നയിച്ചു വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അപേക്ഷ അയച്ചതായി യു.എ.ഇ കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ അറിയിച്ചു.
ഏപ്രില്‍ 24 മുതല്‍ പ്രാബല്യത്തിലുള്ള, ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്കാണ് യു.എ.ഇ അവസാനിപ്പിക്കുന്നത്. ഈ മാസം 23 മുതല്‍ വിലക്ക് നീങ്ങുന്നതോടെ നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനാളുകളാണ് യാത്രക്ക് തയ്യാറാവുക. ഇവരില്‍ പലരും നാട്ടിലെത്തി തിരികെ വന്നു ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവരാണ്. ഇവരെ അവരവരുടെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ വേണ്ട ഊര്‍ജ്ജിതമായ ശ്രമം കേരള സര്‍ക്കാര്‍ മുന്‍ കയ്യെടുത്തു നടത്തണമെന്നും കെ.എം.സി.സിയുടെ യു.എ.ഇ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, ട്രഷറര്‍ നിസാര്‍ തളങ്കര എന്നിവര്‍ ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."