ദ്വീപ് വികസനത്തില്‍ പഞ്ചായത്തുകള്‍ കാഴ്ചക്കാര്‍ മാത്രമാകുന്നു
ജലീല്‍ അരൂക്കുറ്റി
കവരത്തി: ലക്ഷദ്വീപില്‍ പഞ്ചായത്തി രാജ് നിയമങ്ങളും ചട്ടങ്ങളും നോക്കുകുത്തി.
തദ്ദേശഭരണത്തിലെന്നല്ല, വികസനത്തില്‍ പോലും പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റതോടെ പഞ്ചായത്തുകളും ജനപ്രതിനിധികളും കാഴ്ചക്കാരായി.
പഞ്ചായത്ത് അംഗങ്ങള്‍ക്ക് റെമ്മ്യുണറേഷന്‍ അലവന്‍സ് അനുവദിക്കണമെന്ന പതിറ്റാണ്ടുകള്‍ പിന്നിട്ട ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. പട്ടേലിന്റെ വിവാദമായ പുതിയ പഞ്ചായത്ത് റെഗുലേഷന്റെ കരടിലും പഞ്ചായത്ത് അംഗങ്ങള്‍ക്ക് അലവന്‍സ് നല്‍കണമെന്ന ആവശ്യം അവഗണിക്കപ്പെട്ടിരിക്കുകയാണ്.
ലക്ഷദ്വീപിനെ മാലി ദ്വീപ് പോലെ മൂന്ന് വര്‍ഷത്തിനകം വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് നിരവധി പദ്ധതികളുമായി മുന്നോട്ട് പോകുന്ന പട്ടേല്‍ വന്നയുടന്‍ ചെയ്തത് പഞ്ചായത്തിന്റെ ഉണ്ടായിരുന്ന നാമമാത്ര അധികാരങ്ങള്‍ കൂടി കവര്‍ന്നെടുക്കുകയായിരുന്നു. അടിസ്ഥാന വികസനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളിലൊന്നും പഞ്ചായത്തുകളെയോ എം.പി ഉള്‍പ്പെടെ ജനപ്രതിനിധികളെയോ ഉള്‍പ്പെടുത്തിയില്ല.
പൂര്‍ണമായും ഉദ്യോഗസ്ഥ തല ചര്‍ച്ചകളും തീരുമാനങ്ങളും മാത്രമായിരുന്നു. പഞ്ചായത്തീരാജ് നിയമ പ്രകാരമുള്ള അധികാരങ്ങള്‍ കൈമാറുന്നതില്‍ ആദ്യകാല അഡ്മിനിസ്‌ട്രേറ്റര്‍മാരും തയാറല്ലായിരുന്നു.
നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് കൃഷി, ഫിഷറീസ്, ആരോഗ്യം , വിദ്യാഭ്യാസം, മൃഗ സംരക്ഷണം എന്നീ അഞ്ച് വകുപ്പുകളിലെ പദ്ധതികളുടെ നടത്തിപ്പ് ജില്ലാ പഞ്ചായത്തിനും വില്ലേജ് ദ്വീപ് പഞ്ചായത്തുകള്‍ക്കും ലഭ്യമായത്. എന്നാല്‍ പട്ടേല്‍ പ്രത്യേക ഉത്തരവിലൂടെ ഈ അധികാരങ്ങള്‍കൂടി തിരിച്ചെടുത്തു. ഇതോടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ യാതൊരു പങ്കുമില്ലാതായി.
ദ്വീപില്‍ ദ്വിതല പഞ്ചായത്ത് സംവിധാനമാണ്. പത്ത് വില്ലേജ് ദ്വീപ് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും. ജില്ലാ പഞ്ചായത്താണ് ഏറ്റവും വലിയ ജനാധിപത്യ സഭ. നേരിട്ട് തെരഞ്ഞെടുക്കുന്ന 26 അംഗങ്ങളും പത്ത് ദ്വീപ് പ്രസിഡന്റുമാരും ലോക്‌സഭ എം.പിയും ഉള്‍പ്പെടുന്ന 37 അംഗ ജില്ലാ പഞ്ചായത്ത് പട്ടികവര്‍ഗ മേഖലയുടെ വികസനത്തിനുള്ള കൗണ്‍സില്‍ കൂടിയാണ്.
പത്ത് വി.ഡി.പി കളിലായി 88 അംഗങ്ങളാണുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് 5,900 രൂപയും വൈസ് പ്രസിഡന്റിന് 4,600 രൂപയുമാണ് അലവന്‍സ്. ദ്വീപ് പ്രസിഡന്റുമാര്‍ക്ക് 4,600 രൂപയും വൈസ് പ്രസിഡന്റുമാര്‍ക്ക് 3,300 രൂപയും. അംഗങ്ങള്‍ക്ക് 100 മുതല്‍ 150 രൂപ വരെ പഞ്ചായത്ത് കമ്മിറ്റിക്ക് സിറ്റിങ് ഫീസ് നല്‍കുന്നത് മാത്രമാണ് ഏക ആനുകൂല്യം.
പൂര്‍ണമായും സേവനം എന്ന നിലയിലാണ് പഞ്ചായത്ത് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രത്യേക ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ വികസന കാര്യത്തില്‍ കാര്യമായ പങ്കാളിത്തം പഞ്ചായത്തുകള്‍ക്ക് നല്‍കാനുമാകുന്നില്ല.
പഞ്ചായത്തിന് അധികാരങ്ങള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹസന്‍ ബൊഡുമുക്ക ഗോത്തിയും പഞ്ചായത്ത് പ്രസിഡന്റുമാരും കേന്ദ്ര മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."