മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍…..
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍…..
മൊബൈല്‍ ഫോണ്‍ നമ്മുടെ ഒരു പേഴ്‌സനല്‍ അസിസ്റ്റാണ്. നമ്മുടെ കോണ്‍ടാക്ടുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എല്ലാം മൊബൈല്‍ ഫോണിലാണ്. ഈ മൊബൈല്‍ ഫോണ്‍ പെട്ടെന്ന് നഷ്ടപ്പെട്ടാലോ നമ്മള്‍ വട്ടം തിരിഞ്ഞ് പോവും. നഷ്ടപ്പെടുന്ന മൊബൈല്‍ ഫോണ്‍ നമുക്കെങ്ങിനെ കണ്ടെത്താം. അല്ലെങ്കില്‍ അതിന്റെ ഐ.എം.ഇ.എ (IMEI- International Mobile Equipment Identity) വെച്ച് അതെങ്ങിനെ ബ്ലോക്ക് ചെയ്യാം. ഫോണ്‍ നഷ്ടപ്പെടുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം തുടങ്ങിയവ മനസ്സിലാക്കാം. തൃശൂര്‍ സിറ്റി പൊലിസിന്റെ ഔദ്യോഗിക പേജിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ലോക്ക് നിര്‍ബന്ധം
നമ്മുടെ ഫോണിന് നിര്‍ബന്ധമായും ഒരു ലോക്കുണ്ടാവുക എന്നതാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഏറ്റവുമാദ്യം നാം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ നമ്മുടെ ഫോണ്‍ ലഭിക്കുന്ന വ്യക്തിക്ക് ഇതുപയോഗിച്ച് ഗൂഗ്ള്‍ പേ അക്കൗണ്ട് ഉണ്ടാക്കുന്നതിനോ മറ്റു സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതിനോ നമ്മുടെ ഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്യുന്നതിനോ സാധിക്കും.
ഐ.എം.ഇ.ഐ നമ്പര്‍ മനസ്സിലിരിക്കട്ടെ
നമ്മുടെ മൊബൈല്‍ ഫോണില്‍ തന്നെ *#06# എന്നടിച്ചാല്‍ നമ്മുടെ ഐ.എം.ഇ.ഐ (IMEI) നമ്പര്‍ ഡിസ്‌പ്ലേ ചെയ്യുന്നതാണ്. ഇത് ഫോണില്‍ തന്നെ സൂക്ഷിക്കാതെ ഏതെങ്കിലും ഡയറിയിലോ മറ്റെവിടെയെങ്കിലുമോ എഴുതിവെക്കുന്നത് നന്നായിരിക്കും.
ഇമെയില്‍ ഐഡിയും പാസ് വേഡും മറക്കാതിരിക്കുക
നഷ്ടപ്പെട്ട ഫോണില്‍ കൊടുത്തിരുന്ന ഇമെയില്‍ ഐഡി പലര്‍ക്കുമറിയാം. എന്നാല്‍ ഒട്ടുമിക്ക ആളുകള്‍ക്കും അതിന്റെ പാസ്‌വേഡ് അറിയില്ലായിരിക്കും. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട സമയത്തായിരിക്കും അതിന്റെ പാസ്‌വേഡ് അന്വേഷിച്ച് നമ്മള്‍ നടക്കുക. അതുകൊണ്ട് മൊബൈല്‍ ഫോണില്‍ കൊടുത്ത് ഇ മെയില്‍ ഐ.ഡി പാസ് വേഡ് ഓര്‍മയില്ലെങ്കില്‍ റിസെറ്റ് ചെയ്ത് ഓര്‍മയില്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.
നഷ്ടപ്പെട്ടാല്‍ ആദ്യം പരാതി നല്‍കുക
ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് ഫോണ്‍ നഷ്ടപ്പെട്ട പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു പരാതി കൊടുക്കുകയാണ്. പരാതി കൊടുക്കുന്നതിനായി പൊലിസ് സ്റ്റേഷനില്‍ പോകണമെന്നില്ല. തുണ (THUNA) പോര്‍ട്ടല്‍ വഴിയോ പോള്‍ ആപ് ഉപയോഗിച്ചോ പരാതി കൊടുക്കാവുന്നതും റസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
അടുത്തതായി ചെയ്യേണ്ടത് ഈ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കലാണ്. ഡ്യൂപ്ലിക്കേറ്റ് എടുത്താല്‍ 24 മണിക്കൂറിന് ശേഷം മാത്രമാണ് എസ്.എം.എസ് ഫെസിലിറ്റ് അവൈലബിള്‍ ആവുകയുള്ളു. എസ്.എം.എസ് ആക്ടീവ് ആയ ശേഷം ഗൂഗിളില്‍ സഞ്ചാര്‍ സാത്തി.ഗവ.ഇന്‍ (sanchar sathi gov in) എന്ന സൈറ്റില്‍ സിറ്റിസണ്‍ സെന്‍ട്രിക് സര്‍വ്വീസില്‍ ബ്ലോക്ക് സ്‌റ്റോളന്‍/ലോസ്റ്റ് മൊബൈല്‍ വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ സൈറ്റില്‍ ബ്ലോക്ക് സ്‌റ്റോളന്‍/ലോസ്റ്റ് മൊബൈല്‍ എന്നും അണ്‍ബ്ലോക്ക് ഫൗണ്ട് മൊബൈല്‍ എന്നും ചെക്ക് റിക്വസ്റ്റ് സ്റ്റാറ്റസ് എന്നും ടാബുകള്‍ കാണാം. ഇതില്‍ ബ്ലോക്ക് സ്‌റ്റോളന്‍/ലോസ്റ്റ് മൊബൈലില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ മൊബൈല്‍ നമ്പറുകള്‍ അടിക്കുന്നതിനും ഐ.എ.ഇ.ഐ അടിക്കുന്നതിനും ഡിവൈസ് ബ്രാന്റ്, ഡിവൈസ് മോഡല്‍ തുടങ്ങിയ ചേര്‍ക്കുന്നതിനും ഓപ്ഷന്‍സ് കാണാം.
മൊബൈലില്‍ പര്‍ചേസ് ഡീറ്റെയില്‍ അത് അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷനും കാണാം. അതുപോലെ നഷ്ടപ്പെട്ട ദിവസം നഷ്ടപ്പെട്ട സ്ഥലം ഏത് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് നഷ്ടപ്പെട്ടത് തുടങ്ങി നിരവധി കോളങ്ങള്‍ പൂരിപ്പിക്കണം. കൂടാതെ പൊലിസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയുടെ പകര്‍പ്പും ഇതില്‍ അപ്ലോഡ് ചെയ്യണം. ഇത് നിര്‍ബന്ധമാണ്. ഇങ്ങനെ ചോദിക്കുന്ന വിവരങ്ങളെല്ലാം നല്‍കി സബ്മിറ്റ് ചെയ്താന്‍ നമുക്ക് ഒരു ഐഡി ലഭിക്കുന്നതാണ്. ഈ ലോഗിന്‍ ഐഡി കിട്ടി 24 മണിക്കൂറിനകം സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഈ ഐ.എം.ഇ.ഐ ബ്ലോക്ക് ചെയ്യുന്നതാണ്. തുടര്‍ന്ന് ഏതെങ്കിലും സിം ഈ ഡിവൈസില്‍ ഇടുകയാണെങ്കില്‍ പരാതി നല്‍കിയ പൊലിസ് സറ്റേഷനിലേക്ക് ഇതിന്റെ വിവരം ലഭിക്കുന്നതാണ്. കൂടാതെ ഈ പരാതിയുടെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഫോണ്‍ കിട്ടിയാല്‍ ഇത് അണ്‍ബ്ലോക്ക് ചെയ്യുന്നതിനുള്ള ഓപ്ഷനും സൈറ്റില്‍ ലഭ്യമാണ്.
ലൊക്കേഷന്‍ കണ്ടെത്താം പരസഹായമില്ലാതെ
നമ്മുടെ ഫോണ്‍ നഷ്ടപ്പെടുന്ന സമയം പലപ്പോഴും അത് റിങ് ചെയ്തു കൊണ്ടിരിക്കും. എന്നാല്‍ അതിന്റെ ലൊക്കേഷന്‍ കാണാന്‍ സാധിക്കാറില്ല. പൊലിസിന്റെ സഹായമില്ലാതെ തന്നെ നമുക്ക് നമ്മുടെ ഫോണിന്റെ ലൊക്കേഷന്‍ കാണാന്‍ സാധിക്കും. ഇതിന് ചില കണ്ടീഷനുകളുണ്ട് . നമ്മുടെ ഫോണിലെ ഇന്റര്‍നെറ്റും ലൊക്കേഷന്‍ സര്‍വ്വീസും എനാബിള്‍ഡ് ആണെങ്കില്‍ ഗൂഗിളില്‍ ഫൈന്‍ഡ് മൈ ഡിവൈസ് (find my device) എന്ന് ടൈപ്പ് ചെയ്ത് അതില്‍ നഷ്ടപ്പെട്ട ഫോണിന്റെ മെയില്‍ ഐഡിയും പാസ്വേഡും കൊടുത്താല്‍ നമ്മുടെ ഫോണിന്റെ ലൊക്കേഷന്‍ നമുക്ക് കാണാന്‍ സാധിക്കും. അതില്‍ തന്നെ സൈലന്റ് ആയ ഫോണ്‍ ആണെങ്കില്‍ റിങ് ചെയ്യാനും (play sound) സെക്യുര്‍ (secure) ആക്കാനും ഡാറ്റ ഇറേസ് (erase data) ചെയ്യാനും ാപ്ഷന്‍ ഉണ്ട്. എന്നാല്‍ ഐ.എം.ഇ.ഐ നമ്പര്‍ അറിയാത്ത പലരും ഉണ്ടായിരിക്കും. ഇതില്‍ തന്നെ ഐ.എം.ഇ.ഐ നമ്പര്‍ അറിയാനുള്ള ഓപ്ഷനും ലഭ്യമാണ്. ഐഫോണ്‍ ആണെങ്കില്‍ ഫൈന്‍ഡ് മൈ ഐ ഫോണ്‍ ഉപയോഗിച്ച് ഇത്തരത്തില്‍ ലൊക്കേഷന്‍ കാണാന്‍ സാധിക്കുന്നതാണ്.
ഫോണ്‍ നഷ്ടപ്പെട്ടോ.. ഉടന്‍ ട്രാക്ക് ചെയ്യാം, ചെയ്യേണ്ടതിത്ര മാത്രം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."