പ്ലസ്ടു സ്‌പെഷല്‍ ഫീസില്‍ അവ്യക്തത സ്‌കൂളധികൃതരും രക്ഷിതാക്കളും ആശയക്കുഴപ്പത്തില്‍
സ്‌കൂള്‍ തുറക്കാത്തതിനാല്‍ ഫീസ് വാങ്ങുന്നത് എന്തിനെന്ന് രക്ഷിതാക്കള്‍
ജാഫര്‍ കല്ലട
നിലമ്പൂര്‍: സ്‌കൂള്‍ പ്രവര്‍ത്തനം നടക്കാത്ത കഴിഞ്ഞ അധ്യയനവര്‍ഷത്തെ പ്ലസ്ടു സ്‌പെഷല്‍ ഫീസ് പിരിക്കുന്നതിനെ സംബന്ധിച്ച അവ്യക്തത സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ആശയക്കുഴപ്പത്തിലാക്കുന്നു.
സാധാരണ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണമനുസരിച്ചാണ് ആ വര്‍ഷത്തെ അക്കാദമിക -അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്‌പെഷല്‍ ഫീ കുട്ടികളില്‍ നിന്നും പിരിക്കുന്നത്. സംസ്ഥാന ജനറല്‍ റവന്യൂ വിഭാഗത്തില്‍ ലാബ്, ലൈബ്രറി, കലണ്ടര്‍ എന്നിങ്ങനെ അക്കാദമിക ഫീസുകളും ഓഡിയോ-വിഷ്വല്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്, യൂത്ത് ഫെസ്റ്റിവല്‍, മാഗസിന്‍, അസോസിയേഷന്‍, സ്റ്റേഷനറി തുടങ്ങിയ അക്കാദമികേതര ഇനത്തിലെ ഫീസുകളുമാണ് കുട്ടികള്‍ നല്‍കേണ്ടത്.
അധ്യയനവര്‍ഷം ഔദ്യോഗികമായി ആരംഭിക്കുകയോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം സ്‌കൂളുകളില്‍ നടക്കുകയോ ചെയ്യാത്തതിനാല്‍ ഫീസുകള്‍ പിരിക്കണോ എന്ന നിര്‍ദേശം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇതുവരെയും നല്‍കിയിട്ടില്ല. ഇതിനിടയില്‍ തന്നെ ചില പ്രിന്‍സിപ്പല്‍മാര്‍ കുട്ടികളില്‍ നിന്ന് സ്‌പെഷല്‍ ഫീ സ്വീകരിച്ചത് മറ്റുള്ളവരില്‍ ഏറെ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ തുറക്കാതെ സ്‌പെഷല്‍ ഫീ പിരിക്കുന്നതുമായി ബന്ധപ്പെട്ട് ചിലയിടത്ത് രക്ഷിതാക്കളും പ്രിന്‍സിപ്പല്‍മാരും തമ്മില്‍ തര്‍ക്കവും നടന്നു.
അധ്യയനം ആരംഭിച്ചില്ലെന്ന കാരണത്താല്‍ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളും നീണ്ടു പോകുകയാണ്. ഓണ്‍ലൈന്‍ പഠനം മാത്രം നടന്ന അധ്യയനവര്‍ഷത്തില്‍ സ്‌പെഷല്‍ ഫീസ് പിരിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വ്യക്തമായ ഉത്തരം ലഭിക്കുന്നില്ലെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു. ഇതു സംബന്ധിച്ചു കൃത്യമായ നിര്‍ദേശം ഔദ്യോഗികമായി നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്ന് കാണിച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം.ജോര്‍ജിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നുവെങ്കിലും നടപടികളുണ്ടായിട്ടില്ല.സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാതെ പത്താം ക്ലാസുവരെയുള്ള ഫീസുകള്‍ പിരിക്കേണ്ടെന്ന തീരുമാനം ജില്ലാതലങ്ങളില്‍ എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."