ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സമഗ്രവും കുറ്റമറ്റതുമായ നിയമനിര്‍മാണം അനിവാര്യം
കൊച്ചി: 2011 മുതല്‍ നല്‍കി വന്ന മുസ്ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഹിതം മുസ്ലിം - പിന്നോക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 80:20 അനുപാതം നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാവണമെന്ന് മെക്ക വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടനാ നേതാക്കളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഭാവിയില്‍ കോടതി വ്യവഹാരങ്ങള്‍ക്കു ഇടവരാത്ത വിധം സമഗ്രവും സമ്പൂര്‍ണവും കുറ്റമറ്റതുമായ നിയമ നിര്‍മാണം നടത്തണം. വരുന്ന മാസങ്ങളില്‍ ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ 'ന്യൂനപക്ഷ ക്ഷേമവികസന നയം' വ്യക്തമാക്കുന്ന നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ സന്നദ്ധമാവണമെന്നും വെബിനാര്‍ ആവശ്യപ്പെട്ടു. സച്ചാര്‍-പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകളും ക്ഷേമപദ്ധതികളും ബജറ്റ് വിഹിതവും നൂറു ശതമാനവും മുസ്ലിംകള്‍ക്ക് മാത്രമായി ഉറപ്പുവരുത്തണം.
പാലൊളി കമ്മിറ്റിയുടെ നിര്‍ദേശങ്ങളും ശുപാര്‍ശകളും അടിയന്തിരമായി നടപ്പിലാക്കണം. 2016 ലും 2021 ലും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പാലൊളികമ്മിറ്റി ശുപാര്‍ശകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കി വാഗ്ദാനം പാലിക്കണം. ഹൈക്കോടതി വിധി നാമമാത്രമായ സ്‌കോളര്‍ഷിപ്പ് വിഷയമായി മാത്രം കാണരുതെന്നും യോഗം സര്‍ക്കാരിനോടഭ്യര്‍ഥിച്ചു.
മുസ്ലിംകളുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ ജ. ജെ.ബി കോശി കമ്മിഷന്‍ മാതൃകയില്‍ ഒരു കമ്മിഷനെ അടിയന്തിരമായി നിയമിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോശി കമ്മിഷന്റെ സമാനമായ അന്വേഷണ വിഷയങ്ങളും കാലാവധിയും നിശ്ചയിക്കണം.
സംസ്ഥാനത്ത് നിലവിലുള്ള 28 ശതമാനത്തിലധികം വരുന്ന മുസ്‌ലിംകളില്‍ ജെ.ബി കോശി കമ്മിഷനംഗങ്ങളുടെയും ചെയര്‍മാന്റെയും യോഗ്യതയും പദവിയും അലങ്കരിച്ചിരുന്നവരില്ലെന്നത് പിന്നോക്കാവസ്ഥയുടെ മകുടോദാഹരണമാണെന്ന് മെക്ക ജനറല്‍ സെക്രട്ടറി എന്‍.കെ അലി ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു.
പ്രസിഡന്റ് പ്രൊഫ. ഇ. അബ്ദുല്‍ റഷീദ് അധ്യക്ഷനായി. മുന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി. നസീര്‍ മോഡറേറ്ററായി. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എ.എം ആരിഫ്, മുന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിമാരായിരുന്ന എം.എല്‍ .എമാര്‍ മഞ്ഞളാംകുഴി അലി, ഡോ. കെ.ടി ജലീല്‍, മുന്‍ മന്ത്രി കുട്ടി അഹമദ് കുട്ടി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. ബദീഉസ്സമാന്‍, സി.ടി സക്കീര്‍ ഹുസൈന്‍, എന്‍ജിനിയര്‍ മുഹമ്മദ് കോയ , വി.എച്ച് അലിയാര്‍ അല്‍ ഖാസ്മി, കാസിം ഇരിക്കൂര്‍, സജീദ് ഖാലിദ്, എം.എച്ച് ഷാജി, ഉസ്മാന്‍ പെരുമ്പിലാവ്, മൂവാറ്റുപുഴ അശ്‌റഫ് മൗലവി, എസ്. നിസാര്‍, ചുനക്കര ഹനീഫ, കടയ്ക്കല്‍ ജുനൈദ്, എം. തമീമുദ്ദീന്‍ , ടി.സി ലത്തീഫ്, വി.എം അലിയാര്‍, അന്‍വര്‍ സാദത്ത്, ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത്, അജ്മല്‍ ഇസ്മാഈയില്‍, നുജൂം , ഫായിസ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. നൂറോളം പേര്‍ പങ്കെടുത്തു. മെക്ക ദേശീയ ജനറല്‍ സെക്രട്ടറി എ.എസ്.എ റസാഖ് ക്രോഡീകരണം നടത്തി. മെക്ക സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം.എ ലത്തീഫ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."