സമസ്തയുടെ നിര്‍ദ്ദേശങ്ങള്‍ സി.ഐ.സി അംഗീകരിച്ചു
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിര്‍ദ്ദേശങ്ങള്‍ വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി (സി.ഐ.സി) അംഗീകരിച്ചു. താഴെ വിവരിക്കുന്ന ചില വിഷയങ്ങളില്‍ സമസ്ത കേന്ദ്ര മുശാവറയുടെ നിര്‍ദ്ദേശങ്ങള്‍ സി.ഐ.സി അംഗീകരിക്കാത്തതിന്റെ പേരില്‍ സി.ഐ.സിയുമായുള്ള സംഘടനാ ബന്ധം അവസാനിപ്പിച്ചതായി 08/06/2022ന് ചേര്‍ന്ന മുശാവറ തീരുമാനപ്രകാരം സി.ഐ.സിക്ക് കത്ത് നല്‍കിയിരുന്നു.
അതിനു ശേഷം 30/06/2022ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ വെച്ച് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരും സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും, കേന്ദ്ര മുശാവറ അംഗങ്ങളായ കെ ഉമര്‍ ഫൈസി മുക്കം, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവരും ചേര്‍ന്ന് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സമസ്തയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാമെന്ന് സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയായ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സി.ഐ.സിയുമായുള്ള സംഘടനാ ബന്ധം വീണ്ടും തുടരുന്നതാണെന്ന് സമസ്ത തീരുമാനിച്ചതായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും അറിയിച്ചു.
കത്തുകളുടെ പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു
സമസ്ത 15/06/2022ന് സി.ഐ.സിക്ക് നല്‍കിയ കത്ത്
ജനറല്‍ സെക്രട്ടറി, കോ ഓഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി), വാഫി കാമ്പസ്, പാങ്ങ്, പി.ഒ പാങ്ങ് സൗത്ത്, വഴികൊളത്തൂര്‍, മലപ്പുറം ജില്ല 679 338
മാന്യരേ, അസ്സലാമുഅലൈകും
സി.ഐ.സി.യുടെ കീഴില്‍ നടത്തി വരുന്ന വഫിയ്യ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്‌സിന്റെ കാലാവധിയായ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത് വരെ വിവാഹം നടത്താന്‍ പാടില്ലെന്ന നിര്‍ബന്ധ നിയമവും, വഫിയ്യ കോഴ്‌സില്‍ പഠിക്കുന്ന ഏതെങ്കിലും പെണ്‍കുട്ടികള്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിവാഹിതരായാല്‍ അവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും അവരെ പുറത്താക്കുന്ന രീതിയും ഒഴിവാക്കണമെന്നും, സി.ഐ.സി.യുടെ ഭരണഘടന ഭേദഗതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, പാഠ്യപദ്ധതികള്‍ തുടങ്ങിയവ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വീക്ഷണവും, ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണമെന്നതും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സി.ഐ.സി.യുടെ ഉപദേശ സമിതിയില്‍ ഒരംഗമായിരിക്കമെന്നതും പുതിയ ഭേദഗതിയില്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭരണഘടനയില്‍ നേരത്തെ ഉണ്ടായിരുന്നത് പോലെ നിലനിര്‍ത്തണമെന്നും രേഖാമൂലം താങ്കളോട് ആവശ്യപ്പെടത് അംഗീകരിക്കുകയോ ഉചിതമായ മറുപടി നല്‍കുകയോ ചെയ്യാത്തതിനാലും, സി.ഐ.സി.യോട് ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് ഇത് വരെ ഉണ്ടായിരുന്ന സംഘടന ബന്ധം അവസാനിപ്പിച്ചതായി 08062022 ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗത്തിന്റെ തീരുമാനം താങ്കളെ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. എന്ന്, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (ഒപ്പ്), (ജനറല്‍ സെക്രട്ടറി).
സി.ഐ.സി സമസ്തക്ക് 01/07/2022ന് നല്‍കിയ കത്ത്
ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ
ബഹുമാന്യരെ, 1) സി.ഐ.സി ജനറല്‍ ബോഡി ഭരണഘടനയില്‍ വരുത്തിയ ഭേദഗതികളില്‍ ദുര്‍ബലപ്പെടുത്താന്‍ സമസ്ത കേന്ദ്ര മുശാവറ ആവശ്യപ്പെട്ട മൂന്ന് കാര്യങ്ങളും പഴയ രൂപത്തില്‍ തന്നെ നിലനില്‍കുന്നതാണ്. 2) വഫിയ്യ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കുന്ന പെണ്‍കുട്ടികളുടെ പഠന കാലത്ത് വിവാഹം സി.ഐ.സി തടസ്സപ്പെടുത്തുകയോ തുടര്‍നടപടികള്‍ ഉണ്ടായിരിക്കുകയോ ചെയ്യുന്നതല്ല. എന്ന്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (ഒപ്പ്) പ്രസിഡന്റ്, കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."