താപം അതിവേഗം:മനുഷ്യരാശി ഭീഷണിയിലോ?
കെ. ജംഷാദ്
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ലോകത്തെ എല്ലായിടത്തും കാലാവസ്ഥയും ഋതുക്കളും തകിടം മറിഞ്ഞിരിക്കുന്നു. ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് ഭീഷണിയാകും വിധം കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമായിക്കഴിഞ്ഞു. നിശ്ചിത ചൂടും തണുപ്പും മഴയും മാത്രമേ മനുഷ്യരെ പോലുള്ള ജീവികൾക്ക് താങ്ങാനാകൂ. അത്തരത്തിലൊരു കാലാവസ്ഥ നിലനിൽക്കുന്നതിനാലാണ് ഭൂമിയിൽ ജീവനുള്ളത്. ഭക്ഷ്യ സുരക്ഷയുടെ ആണിക്കല്ലായ കൃഷിയും അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് നശിക്കുകയാണ്. മനുഷ്യരുൾപ്പെടെ ജീവജാലങ്ങൾക്ക് അതിപ്രധാനമാണ് സ്ഥായിയായ ഋതുമാറ്റം. എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലം ഇപ്പോൾ ഋതുക്കളുടെ സ്വഭാവം മാറിക്കഴിഞ്ഞു.
ചുട്ടുപൊള്ളി കേരളം
കേരളത്തിൽ കടുത്ത ചൂടാണ് ഈ വേനലിൽ അനുഭവപ്പെട്ടത്. ആറു മാസത്തോളമായി ഒരു തുള്ളി മഴ പെയ്യാത്ത സ്ഥലങ്ങളുണ്ട്. പലയിടത്തും വേനൽ മഴ പെയ്യാതെയാണ് ഈ വർഷത്തെ വേനൽ കടന്നു പോയത്. ഔദ്യോഗികമായി വേനൽ കാലം ഈ മാസം 31ന് അവസാനിക്കും. തുടർന്ന് ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ മൺസൂൺ സീസണാണ്. മൺസൂൺ ഇത്തവണ ജൂൺ ആദ്യവാരം എത്തുമെന്നാണ് പ്രവചനം. പക്ഷേ ജൂണിൽ മഴ കുറയുകയും ചെയ്യും. വരവറിയിച്ച ശേഷം മൺസൂൺ മഴ ജൂണിൽ വിട്ടുനിൽക്കുന്നത് ഈയിടെ പതിവായിട്ടുണ്ട്. ഇത്തവണയും ഈ സ്ഥിതിയാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്.
2023-2027 കാലയളവിൽ ലോകത്തിന് ചുട്ടുപൊള്ളുമെന്നാണ് യു.എന്നിന് കീഴിലുള്ള ലോക കാലാവസ്ഥാ സംഘടന World Meteorological Organization (WMO) പറയുന്നത്. കഴിഞ്ഞ 10 വർഷമായി ലോകത്ത് ആഗോള താപനത്തെ തുടർന്ന് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തെ ജനുവരികൾ, ഫെബ്രുവരികൾ, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളെല്ലാം ചൂടേറിയ വർഷങ്ങളെന്ന റെക്കോർഡ് ഭേദിക്കുകയാണ്. ഈ പ്രവണത തുടരുമെന്നും കൂടുതൽ രൂക്ഷമാകുമെന്നുമാണ് കാലാവസ്ഥാ പ്രവചന മാതൃകകൾ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്.
താപം 1.5 ഡിഗ്രി കടക്കും
ലോകം ഏറെ ഭീതിയോടെ കാണുന്ന വാർത്തയാണ് ആഗോള താപം 1.5 ഡിഗ്രി കടക്കുമെന്നത്. കഴിഞ്ഞ ഏപ്രിലിൽ ഏഷ്യയിലെ തെക്ക്, തെക്കുകിഴക്ക് മേഖലയിൽ ഏറ്റവും തീവ്രമായ ചൂടാണ് രേഖപ്പെടുത്തിയത്. ലാവോസിൽ 42 ഡിഗ്രിയും തായ്‌ലൻഡിൽ 45 ഡിഗ്രിയും ചൂട് ഇക്കാലയളവിൽ രേഖപ്പെടുത്തി. ഇതൊന്നും ആ പ്രദേശത്ത് പതിവുള്ളതല്ല. ഇറ്റലി തണുപ്പുള്ള രാജ്യമായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ഉഷ്ണ തരംഗമായിരുന്നു. കഴിഞ്ഞ ദിവസം ആറു മാസം കൊണ്ട് പെയ്യേണ്ട മഴ രണ്ടു ദിവസം കൊണ്ട് പെയ്തു. പ്രളയ കെടുതി തുടരുകയാണ് ഇറ്റലിയിൽ ഇപ്പോൾ. ഇങ്ങനെ പെട്ടെന്ന് കാലാവസ്ഥയെ മാറ്റുന്നതിലെ വില്ലനാണ് ആഗോള താപനം.
ഈയിടെ പുറത്തുവന്ന സസ്റ്റൈനബിൾ എനർജി എന്ന ഗവേഷണ ഗ്രൂപ്പിന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ചൂട് കൂടിയതു മൂലം ഒരോ സെക്കൻഡിൽ 10 എ.സികൾ വിൽക്കപ്പെടുന്നുണ്ട് എന്നാണ് കണക്ക്. സാധാരണ വേൽക്കാല താപനിലയേക്കാൾ അപകടകരമായ രീതിയിലാണ് ചൂടു കൂടുന്നത്. തണുപ്പുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പോലും താപതരംഗങ്ങൾ വർധിക്കുന്നു. ആഗോളതാപനം മൂലം ഏകദേശം 1.2 ബില്യൺ ഗ്രാമീണ നഗരങ്ങൾ അപകടത്തിലാണ്. കാരണം അവർക്ക് നിലവിൽ ശീതീകരണ സംവിധാനങ്ങളില്ല. 2.4 ബില്യൺ മധ്യവർഗ ജനങ്ങൾ ലഭ്യമായ താങ്ങാവുന്ന കൂളിങ് ഉപകരണങ്ങൾ വാങ്ങുന്നുവെന്നും ഈ റിപ്പോർട്ട് പറയുന്നു.
കാലാവസ്ഥയെ തകർത്ത്
വ്യവസായ വിപ്ലവം
വ്യവസായ വിപ്ലവം മുതലാണ് കാലാവസ്ഥയ്ക്ക് കാര്യമായ പരുക്കേൽക്കാൻ തുടങ്ങുന്നത്. വ്യവസായ വിപ്ലവത്തിനു മുൻപും ശേഷവും എന്നാണ് ഇപ്പോൾ കാലാവസ്ഥാ ഡാറ്റയിലെ രണ്ടു ഭാഗങ്ങൾ. വ്യവസായ വിപ്ലവത്തിൽ ഫോസിൽ ഇന്ധനങ്ങൾ അനിയന്ത്രിതമായി ഉപയോഗിച്ചതും അതു തുടരുന്നതുമാണ് ആഗോള താപനത്തിന് കാരണം. 50 വർഷത്തെ കാലാവസ്ഥാ ഡാറ്റ അടിസ്ഥാനമാക്കിയുള്ള ദീർഘകാല ശരാരശിയേക്കാൾ ആഗോള തലത്തിലെ ചൂട് 1.5 ഡിഗ്രിയിൽ താഴെ നിർത്തിയില്ലെങ്കിൽ ഭൂമിയിൽ മനുഷ്യരാശിയുടെ നിലനിൽപ്പ് ഭീഷണിയാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
യു.എന്നിന്റെ നേതൃത്വത്തിൽ നടക്കുന്ന കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ ഉച്ചകോടിയായി കോപ് കാലാവസ്ഥാ ഉച്ചകോടികളിൽ പതിവു ചർച്ചയും ഇതാണ്. താപനം 1.5 ഡിഗ്രിയിൽ പിടിച്ചു നിർത്താൻ 2015 നവംബർ 30 മുതൽ ഡിസംബർ 12 വരെ പാരിസ് നടന്ന പാരിസ് ഉച്ചകോടിയിൽ ധാരണയായിരുന്നു. 196 രാജ്യങ്ങളാണ് ഈ ഉച്ചകോടിയിൽ പങ്കെടുത്തത്. അന്നത്തെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തിൽ ധാരണയിലെത്താൻ കഴിഞ്ഞു. എന്നാൽ, ഗ്ലാസ്‌ഗോയിൽ നടന്ന 2021 ലെ കോപ് 26 ഉച്ചകോടിയിലും തുടർന്ന് 2022ൽ ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടന്ന കോപ് 27 ഉച്ചകോടിയിലും ഈ ചർച്ച തുടർന്നു.
ഡബ്ല്യു.എം.ഒയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് 2027 നകം 1.5 ഡിഗ്രി താപനം കടക്കുമെന്നാണ് പ്രവചനം. മുകളിൽ പറഞ്ഞ ഉച്ചകോടികളിലെ ചർച്ചകളും തുടർ നടപടികളും ഫലപ്രദമായില്ല എന്നാണ് ഇത് വിരൽചൂണ്ടുന്നത്. 2050നകം എന്നു പ്രതീക്ഷിച്ചിരുന്ന കാലാവസ്ഥാ വ്യതിയാനം അതിവേഗത്തിൽ യാഥാർഥ്യമാകുകയാണ് എന്നാണ് വ്യക്തമാകുന്നത്. മനുഷ്യരുടെ ഇടപെടലുകളും എൽനിനോ പ്രതിഭാസവുമാണ് താപനം വർധിക്കാൻ കാരണമെന്നാണ് ലോക കാലാവസ്ഥാ സംഘടനയുടെ നിരീക്ഷണം.
അതിനാൽ അടുത്ത അഞ്ച് വർഷം ഉയർന്ന താപനിലയാണ് ലോകത്ത് രേഖപ്പെടുത്തുക. മൂന്നു വർഷം തുടർച്ചയായി അനുഭവപ്പെട്ട ലാനിനക്ക് ശേഷം ഈ മാസത്തോടെ എൽനിനോ രൂപപ്പെട്ടിട്ടുണ്ട്. ഉഷ്ണതരംഗങ്ങൾ, പേമാരി, പ്രളയം, കാട്ടുതീ തുടങ്ങിയവയാണ് താപനം കൂടുമ്പോൾ സംഭവിക്കുക. 2027നു മുൻപ് ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്നതിൽ രാജ്യങ്ങൾ അതീവ ജാഗ്രതയോടെ പരിശ്രമിച്ചാൽ ആഗോളതാപനത്തിൽ പ്രതീക്ഷയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
2020ൽ തന്നെ ലോക കാലാവസ്ഥാ സംഘടന 1.5 ഡിഗ്രി താപനം മറികടക്കാനുള്ള സൂചന നൽകിയെങ്കിലും 20 ശതമാനത്തിൽ താഴെയായിരുന്നു സാധ്യത പ്രവചിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം ഈ സാധ്യത 50 ശതമാനമായി വർധിച്ചു. ഈ വർഷം വീണ്ടും കൂടി 66 ശതമാനമായി. അതായത് ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പിന് അനുസരിച്ച് ലോകരാജ്യങ്ങൾക്ക് താപനത്തെ നേരിടാനുള്ള പ്രവർത്തനങ്ങൾ ചെയ്യാനാകുന്നില്ലെന്ന അർഥം.
പ്രത്യാഘാതം
ആഗോള കാലാവസ്ഥാ വ്യതിയാനങ്ങൾ എൽനീനോ എന്നിവ ആരോഗ്യം, ജലലഭ്യത, ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ പുതിയ കാലാവസ്ഥാ റിപ്പോർട്ട് പുറത്തിറക്കുന്നതിനിടെ ലോക കാലാവസ്ഥാ സംഘടനയുടെ സെക്രട്ടറി ജനറൽ പ്രൊഫ. പെട്ടേരി താലാസ് പറഞ്ഞു. നേരത്തെ രണ്ട് ഡിഗ്രിയായിരുന്നു ആഗോള താപനത്തിന്റെ അപകടകരമായ പരിധിയായി കണക്കാക്കിയിരുന്നത്. എന്നാൽ, 2018 ലാണ് 1.5 ഡിഗ്രിയെന്ന പരിധി പോലും മനുഷ്യർക്ക് വെല്ലുവിളിയാകുമെന്ന് കണ്ടെത്തിയത്. കൊവിഡ് കാലത്ത് കാർബൺ ബഹിർഗമനം കുറഞ്ഞെങ്കിലും വീണ്ടും ലോകം സജീവമായതിനെ തുടർന്ന് കാർബൺ ബഹിർഗമനം കൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."