ഈ കണ്ണുകൾ എല്ലാത്തിനും സാക്ഷിയായിരുന്നു
കെ.എ സലിം
'ഇവിടെയാണ് അതെല്ലാം നടന്നത്' വഴികാട്ടിയായി വന്ന ഗുജറാത്തി സുഹൃത്ത് പറഞ്ഞു. ഗുജറാത്ത് വംശഹത്യ നടന്ന് 10 വർഷങ്ങൾക്കുശേഷം അഹമ്മദാബാദിലെ ചമൻപുരക്കപ്പുറത്ത് ഗുൽബർഗ് സൊസൈറ്റിയിലെ ആ വീടിനു മുന്നിലായിരുന്നു ഞാൻ. ആളൊഴിഞ്ഞ് കാടുപിടിച്ച് തകർന്ന കെട്ടിടം. മനുഷ്യമാംസം വെന്ത് കരിഞ്ഞ ചുമരുകളും തകർന്ന ജനലുകളും അതുപോലെത്തന്നെയുണ്ടായിരുന്നു. സമീപത്തെ ഉദ്യാനത്തോട് ചേർന്ന ഭാഗത്ത് ചുവപ്പും മഞ്ഞയും കലർന്ന ബൊഗൈൻവില്ല പൂക്കൾ കെട്ടിടത്തിനു മുകളിലേക്ക് പടർന്ന് കയറിയിരുന്നു. ബൊഗൈൻവില്ല പൂക്കൾ അന്നുമുണ്ടായിരിക്കണം. ഇഹ്സാൻ ജഫ്രിക്ക് ഈ പൂക്കൾ ഇഷ്ടമായിരുന്നുവെന്ന് സാക്കിയാ ജഫ്രി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഗുൽബർഗ് സൊസൈറ്റിയിൽ ഇഹ്സാൻ ജഫ്രിയടക്കം 69 ജീവനുകളെ അഗ്‌നിനാളങ്ങൾ വിഴുങ്ങിയ 2002 ഫെബ്രുവരി 28ലെ പകൽ അവിടെ എന്താണ് നടന്നതെന്ന് പറയാൻ ബാക്കിയായത് സാക്കിയാ ജഫ്രി മാത്രമായിരുന്നില്ല. കൊലക്കത്തിയിൽനിന്ന് രക്ഷപ്പെട്ട് പാഞ്ഞവരും പാതി പൊള്ളിയ ദേഹവുമായി ജീവിതത്തിലേക്ക് തിരിച്ചുവന്നവരുമായി അനവധി പേരുണ്ടായിരുന്നു. വാട്വയിലെ അഭയാർഥി കോളനികളിൽ പലയിടത്തായി അവരെ കണ്ടിട്ടുണ്ട്. അവരിൽ നിന്നായി അതെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ സാക്കിയ പറഞ്ഞ യാഥാർഥ്യങ്ങളിൽ അതിലെല്ലാം കൂടുതലുണ്ടായിരുന്നു.
ഗുൽബർഗ് സൊസൈറ്റിയിൽ ഇതെല്ലാം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് സൂറത്തിൽനിന്ന് 12കാരി കൊച്ചുമകൾ അനിഖ ഇഹ്സാൻ ജഫ്രിയെ വിളിച്ചു. 2002 മാർച്ച് ഒന്നിനാണ് സൂറത്തിലെ സ്‌കൂൾ വാർഷികദിനത്തിൽ അവളുടെ ഡാൻസ് അരങ്ങേറ്റം. അത് കാണാൻ മുത്തച്ഛനും മുത്തശ്ശിയുമെത്തണം. രണ്ടുദിവസം മുമ്പുതന്നെ സൂറത്തിലെത്താമെന്ന് ഉറപ്പു കൊടുത്തതായിരുന്നു ഇഹ്സാൻ ജഫ്രി. സൂറത്തിലെ ലാർസൻ ആന്റ് ടർബോ കമ്പനിയിൽ തിരക്കേറിയ എൻജിനീയറാണ് അനിഖയുടെ പിതാവ്. തങ്ങളും അവളെ കാണാൻ കാത്തിരിക്കുകയായിരുന്നുവെന്ന് സാക്കിയ പറഞ്ഞു. ഗോധ്ര തീവണ്ടി ദുരന്തമുണ്ടായ ഫെബ്രുവരി 27ന് രാത്രി ഇഹ്സാൻ ജഫ്രി അനിഖയെ വിളിച്ചു. നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. വരാൻ കഴിയുമെന്നുറപ്പില്ല. എന്നാൽ അനിഖക്ക് അത് സമ്മതമായിരുന്നില്ല. വരാമെന്ന് വീണ്ടും ഉറപ്പുകൊടുത്താണ് ഇഹ്സാൻ ഫോൺവച്ചത്. 28ന് ഉച്ചയോടെ അനിഖ വീണ്ടും വിളിച്ചു. നിങ്ങൾ ഇതുവരെ പുറപ്പെട്ടില്ലേയെന്നായിരുന്നു ചോദ്യം. ഗുൽബർഗ് സൊസൈറ്റിയിലെ ഇഹ്സാൻ ജഫ്രിയുടെ വീടിന് ചുറ്റുമുള്ള വീടുകൾ കത്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. അയൽവാസികളെല്ലാം ജഫ്രിയുടെ വീടിനുള്ളിൽ അഭയം തേടിയിരുന്നു. കൈയിൽ കിട്ടിയവരെയെല്ലാം ഹിന്ദുത്വവാദി അക്രമികൾ വെട്ടിയും കുത്തിയും കത്തിച്ചും കൊലപ്പെടുത്തിയിരുന്നു.
വലിയൊരു സംഘം ജഫ്രിയുടെ ഗേറ്റിനു മുന്നിലും തടിച്ചുകൂടിയിരുന്നു. ഇടയ്ക്കിടെ അവർ അകത്തേക്ക് പെട്രോൾ ബോംബെറിഞ്ഞു കൊണ്ടിരുന്നു. പുറത്തെ സ്ഥിതി മോശമാണ്. വരാനാവില്ലെന്നായിരുന്നു ജഫ്രിയുടെ മറുപടി. പൊലിസിനെ വിളിച്ചു അവരെത്തുമെന്ന് കാത്തിരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഏറെക്കഴിഞ്ഞിട്ടും ആരും വന്നില്ല. അനിഖാ നീ ഫോൺ വയ്ക്കൂ. എനിക്ക് ചിലരെയെല്ലാം വിളിക്കാനുണ്ട്. നിന്നെ ഞാൻ അൽപം കഴിഞ്ഞിട്ട് വിളിക്കാമെന്ന് പറഞ്ഞ് ജഫ്രി ഫോൺവച്ചു. പുറത്തെ ആൾക്കൂട്ടം വലുതായി. വാളുകളും ഇരുമ്പു കമ്പികളും സൈക്കിൾച്ചെയിനുകളും വീശി അവർ ആക്രോശിച്ചു കൊണ്ടിരുന്നു: 'എല്ലാവരെയും വലിച്ചിറക്കി കൊന്ന് കത്തിക്ക്'. ഗേറ്റ് തകർത്ത് അകത്ത് വരാൻ ഏറെ വൈകില്ലെന്ന് ജഫ്രിക്ക് മനസ്സിലായി. പലരെയും നിരന്തരം വിളിച്ച് ജഫ്രി സഹായം തേടിക്കൊണ്ടിരുന്നു. ഗുജറാത്ത് ഡി.ജി.പി ചക്രവർത്തി, അഹമ്മദാബാദ് പൊലിസ് കമ്മിഷണർ തുടങ്ങി ഗുജറാത്തിലെ നിരവധി പേരെ വിളിച്ചു. ആരും സഹായത്തിനെത്തിയില്ല. അപ്പോഴെല്ലാം താൻ കൂടെ നിൽക്കുന്നുണ്ടായിരുന്നുവെന്ന് സാക്കിയ പറയുന്നു. ഒടുവിലാണ് സഹായം തേടി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വിളിക്കുന്നത്. ഫോൺവച്ച അദ്ദേഹത്തിന്റെ മുഖം വിവർണമായിരുന്നു. ഫോണെടുത്ത മോദി സഹായം നൽകിയില്ലെന്ന് മാത്രമല്ല തന്നെ അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു ജഫ്രിയുടെ മറുപടി. നീയിതുവരെ മരിച്ചില്ലേ എല്ലായിരുന്നു മോദിയുടെ ചോദ്യം.
കുറച്ചുകാലം എം.പിയായിരുന്ന ജഫ്രിക്ക് ഡൽഹിയിലുമുണ്ടായിരുന്നു ബന്ധങ്ങൾ. സുഹൃത്തുക്കളായ ബി.ജെ.പി നേതാക്കളെ വിളിച്ചു. ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിയുടെ ഓഫിസിൽ വിളിച്ചു. ബി.ജെ.പി നേതാക്കളിൽ പലരും ജഫ്രിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്രമോദിയുടെ ഓഫിസിലും വിളിച്ചു. എന്നാൽ മോദിയുടെ ഓഫിസിൽനിന്ന് ഒരു സഹായവും വന്നില്ല. ഉച്ചയ്ക്ക് രണ്ടരയായപ്പോഴേക്കും ആൾക്കൂട്ടം വീടിന്റെ ഗേറ്റ് തകർത്ത് അകത്തേക്ക് ഇരച്ചുകയറി. സ്ത്രീകളെ പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ടുപോയി കൂട്ടത്തോടെ ബലാത്സംഗം ചെയ്തു. തുടർന്ന് കൈകാലുകൾ വെട്ടിമാറ്റി കത്തിച്ചു. പുരുഷൻമാരെ കൈകാലുകൾ വെട്ടിമാറ്റി കത്തിച്ചു. കുട്ടികളെ പെട്രോളൊഴിച്ച് കത്തിച്ചു. അവരെ വെറുതെ വിടണമെന്നും തന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ എന്നും പറഞ്ഞ് ജഫ്രി ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിപ്പോയെന്ന് സാക്കിയ പറയുന്നു. തന്നെ അവരൊന്നും ചെയ്യില്ലെന്ന് അദ്ദേഹം കരുതിയിരിക്കണം. എന്നാൽ 72കാരനെ അവർ നഗ്നനാക്കി നടത്തി. എന്നിട്ട് ക്രൂരമായി മർദിച്ചു. ആദ്യം വിരലുകൾ വെട്ടിമാറ്റി. പിന്നാലെ കാലുകൾ വെട്ടിമാറ്റി. ശരീരം വലിച്ചുകൊണ്ടുപോയി കത്തിക്കൊണ്ടിരിക്കുന്ന മറ്റു മൃതഹങ്ങൾക്ക് മുകളിലിട്ട് കത്തിച്ചു.
അക്രമികൾ വീടിന്റെ മുറികളുടെ വാതിലുകൾ തകർത്ത് അകത്തുള്ളവരെയെല്ലാം കൊന്നുകൊണ്ടിരുന്നുവെന്ന് സാക്കിയ പറയുന്നു. മുകളിലുള്ള മുറിയിലുണ്ടായിരുന്ന സാക്കിയയെയും ഏതാനും സ്ത്രീകളെയും അവർ കണ്ടില്ല. അക്രമികൾ പോയെന്ന് ഉറപ്പുവരുത്തി അവർ പുറത്തിറങ്ങി. മുറികളിലും വരാന്തയിലും കോണിപ്പടിയിലുമെല്ലാം മൃതദേഹങ്ങളായിരുന്നു. മുറ്റത്ത് ചിതറിക്കിടക്കുന്ന പാതി കരിഞ്ഞതും അല്ലാത്തതുമായ മൃതദേഹങ്ങൾ. ചെരിഞ്ഞു കിടക്കുന്ന പെൺകുട്ടികളിലൊരാളെ തനിക്കറിയാമായിരുന്നു. തന്റെ വീട്ടിലേക്ക് ഓടിക്കയറി വന്ന ഗർഭിണികളിലൊരാളായിരുന്നു അവർ. അവളുടെ ശരീരത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. അവൾ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു. വയറു കീറി കുഞ്ഞിന്റെ തല പുറത്തേക്കുവന്ന നിലയിലായിരുന്നുവെന്നും സാക്കിയ പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള തളരാത്ത പോരാട്ടമായിരുന്നു പിന്നീടങ്ങോട്ട് സാക്കിയയുടെ ജീവിതം. കൂട്ടക്കൊല ഉന്നതതലത്തിൽ തയാറാക്കിയ പദ്ധതിയാണെന്ന് അവർക്കറിയാമായിരുന്നു. അവർ പലതും കേൾക്കുകയും കാണുകയും ചെയ്തിരുന്നു. കൂട്ടക്കൊലയ്ക്കുത്തരവാദികളായ മോദിയടക്കമുള്ള 62 പേരുടെ പട്ടിക തയാറാക്കി സാക്കിയ ആദ്യം ഗുജറാത്ത് ഹൈക്കോടതിയെയും പിന്നാലെ സുപ്രിംകോടതിയെയും സമീപിച്ചു. സാക്കിയയുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രിംകോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടത്.
ഗുൽബർഗ് സൊസൈറ്റിയിൽ അക്രമമുണ്ടായതും ഇഹ്സാൻ ജഫ്രിയെ കൊലപ്പെടുത്തിയതും അന്നേ ദിവസം വൈകിട്ട് പൊലിസ് ബ്രീഫിങ്ങിലാണ് താൻ അറിയുന്നതെന്നാണ് മോദി ഇക്കാര്യത്തിൽ പറഞ്ഞ ആദ്യത്തെ നുണ. എന്നാൽ മോദിയെ അപ്പപ്പോൾ തന്നെ വിവരങ്ങൾ അറിയിച്ചിരുന്നുവെന്ന് ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സഞ്ജീവ് ഭട്ട് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ജഫ്രിയുടെ വീട് ആക്രമിക്കപ്പെട്ടതായും എന്തെങ്കിലും ചെയ്യണമെന്നും മോദിയോട് താൻ ഫോണിൽ ആവശ്യപ്പെട്ടതായി ഭട്ട് പറഞ്ഞു. ജഫ്രി കൊല്ലപ്പെടുന്നതിനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു അത്. മോദിയെ നേരിട്ട് കണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. ജഫ്രി ആൾക്കൂട്ടത്തെ വെടിവച്ചു പ്രകോപിപ്പിച്ചുവെന്ന നുണയാണ് മോദി പറഞ്ഞത്. ജഫ്രിക്ക് ആൾക്കൂട്ടത്തിലേക്ക് വെടിവയ്ക്കുന്ന ശീലമുണ്ടോയെന്ന് പരിശോധിക്കണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടു. പരിഭ്രാന്തനായ ജഫ്രി സഹായം തേടി തങ്ങളെ വിളിച്ചതായി മുൻ മുഖ്യമന്ത്രി അമർസിൻഹ് ചൗധരിയും മുൻ ആഭ്യന്തരമന്ത്രി നരേഷ് റാവലും തന്നോട് പറഞ്ഞതായും സഹായിക്കണമെന്ന് മോദിയോട് അവർ അഭ്യർഥിച്ചതായും സഞ്ജീവ് ഭട്ടിന്റെ മൊഴിയിലുണ്ട്.
കുറച്ച് കഴിഞ്ഞപ്പോൾ ഗുൽബർഗ് സൊസൈറ്റിയിൽനിന്ന് ഇൻഫോർമർ തന്നെ വിളിച്ചു. ജഫ്രി അക്രമികൾക്ക് നേരെ വെടിവച്ചതായി അദ്ദേഹം പറഞ്ഞു. ഓഫിസിലെത്തിയപ്പോൾ അവിടെ തന്നെക്കാത്ത് റിപ്പോർട്ടുണ്ടായിരുന്നു. സ്വയരക്ഷാർത്ഥമാണ് ജഫ്രി വെടിവച്ചതെന്ന് അതിലുണ്ടായിരുന്നു. ഇന്റലിജൻസ് ചുമതലയുണ്ടായിരുന്ന താൻ കാര്യങ്ങൾ അറിയും മുമ്പ് മോദി എല്ലാം അറിയുന്നുണ്ടായിരുന്നുവെന്നും സഞ്ജീവ് ഭട്ട് പറയുന്നു. 2008ലാണ് ഗുൽബർഗ് സൊസൈറ്റി കേസ് വീണ്ടും അന്വേഷിക്കാൻ സുപ്രിംകോടതി ഉത്തരവിടുന്നത്. അതിൽ മോദിയടക്കമുള്ള ഉന്നതരുടെ പങ്ക് കൂടി അന്വേഷിക്കാൻ സുപ്രിംകോടതി ആവശ്യപ്പെട്ടു. എന്നാൽ ഉന്നതരുടെ പങ്ക് സംബന്ധിച്ച് തെളിവൊന്നും കണ്ടത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി 2012ൽ അന്വേഷണ സംഘം സുപ്രിംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിനെ ആദ്യം ചോദ്യം ചെയ്തത് കേസിലെ അമിക്കസ് ക്യൂറിയായിരുന്ന രാജു രാമചന്ദ്രനാണ്. പിന്നാലെ ഈ റിപ്പോർട്ടിനെ ചോദ്യം ചെയ്താണ് സാക്കിയ ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചത്.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. നീതി ലഭിക്കാനുള്ള സാധ്യത വിദൂരമാണെന്നുറപ്പുണ്ടായിട്ടും കീഴടങ്ങാതെയാണ് സാക്കിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്നത്. താൻ നേരിട്ടു കണ്ട കാര്യങ്ങൾ സംഭവിച്ചില്ലെന്ന് എങ്ങനെ പറയാനാവുമെന്ന് സാക്കിയ ചോദിക്കുന്നു. ജഫ്രി മോദിയുടെ സഹായം തേടിയതും അപമാനിതനായതും താൻ കണ്ടതാണ്. പൊലിസിനെയും മറ്റു ഉന്നതരെയും വിളിച്ചു. പൊലിസ് സഹായിച്ചില്ല. കൂട്ടക്കൊലക്ക് ശേഷം പ്രദേശത്തെത്തിയ ഉന്നതരെയും താൻ കണ്ടു. നിങ്ങളെ ആരും സഹായിക്കാൻ പോകുന്നില്ലെന്ന പൊലിസും സർക്കാറും തങ്ങൾക്കൊപ്പമാണെന്നും അക്രമികൾ വിളിച്ചു പറയുന്നത് കേട്ടു. എല്ലാം സംഭവിച്ചതാണ്. അത് താൻ എവിടെയും പറയും. പോരാട്ടം അവസാനിക്കില്ല. തന്റെ അവസാന ശ്വാസം വരെ താൻ നീതിക്കായി പോരാടുമെന്നും സാക്കിയ പറഞ്ഞു. സുപ്രിംകോടതി വിധിയോടെ ഒന്നും അവസാനിക്കില്ല. 80 പിന്നിട്ട വിധവ കൊളുത്തിവിട്ടത് ഒരു കനലാണ്. നീതി പുലരുംവരെ അത് എരിഞ്ഞുകൊണ്ടിരിക്കും.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."