നമസ്‌ക്കാരം, വാർത്തകൾ വായിക്കുന്നത്....
എൻ.പി അബ്ദുൽ അസീസ് മാന്നാർ
[email protected]
നമസ്‌ക്കാരം, വാർത്തകളിലേക്കു സ്വാഗതം. ഞാൻ സി.ജെ വാഹിദ്. പ്രധാനവാർത്തകൾ...
മൂന്നു പതിറ്റാണ്ടായി മലയാളികൾ കണ്ടും കേട്ടുമിരിക്കുന്ന ഹൃദ്യമായ ശബ്ദം. ചിരിയും ചിന്തകളും നിറഞ്ഞ ഒട്ടേറെ വിഭവങ്ങളുമായി ദിവസം മുഴുവനും വിവിധ ചാനലുകൾ മലയാളിയുടെ സ്വീകരണമുറിയിൽ മധുരംനിറച്ചു മത്സരം നടത്തുമ്പോൾ അവയ്ക്കിടയിൽനിന്നു പ്രധാനവാർത്തകളിലെ ഓരോ അക്ഷരങ്ങളും പെറുക്കിയെടുത്ത് ശ്രോതാക്കളുടെ ഹൃദയത്തിൽ വേറിട്ട ശ്രദ്ധപതിപ്പിക്കുന്ന സ്ഫുടംചെയ്ത ശബ്ദത്തിന്റെ ഉടമ. ആ ശബ്ദത്തിന്റെ ഉടമയുടെ പിന്നാമ്പുറങ്ങളിലേക്കിറങ്ങിച്ചെന്നാൽ ഒട്ടേറെ വിശേഷങ്ങളുമുണ്ട്.
ആലപ്പുഴ ജില്ലയിലെ ഇലിപ്പക്കുളം ഗ്രാമത്തിലെ ചെങ്ങാപ്പള്ളിൽ ജലാലുദ്ദീൻ-ഫാത്തിമാകുഞ്ഞു ദമ്പതികളുടെ ആറുമക്കളിൽ ഇളയമകനായ സി.ജെ വാഹിദ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലം. അന്ന് റിപ്പബ്ലിക് ദിനത്തെക്കുറിച്ചു വിദ്യാർത്ഥികളുടെ പ്രസംഗം റിക്കാർഡ് ചെയ്യാൻ സ്‌കൂളിലെത്തിയ ആകാശവാണി പ്രതിനിധികൾക്കു മുമ്പിൽ കറ്റാനം പോപ്പ്പയസ് സ്‌കൂളിലെ അധ്യാപകർക്കൊപ്പംനിന്ന നിരവധി വിദ്യാർഥികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളായി വാഹിദും. അങ്ങനെ റിക്കാർഡിങ്ങും കഴിഞ്ഞ് അവർ മടങ്ങി. ദിവസങ്ങൾക്കുശേഷം റിപ്പബ്ലിക് ദിനത്തിൽ റേഡിയോയിലൂടെ ആ പ്രസംഗം അന്തരീക്ഷത്തിലാകെ അലയടിച്ചപ്പോൾ അതുകേട്ട അധ്യാപകരും സഹപാഠികളും നാട്ടുകാരും ഒന്നാകെ പറഞ്ഞു; മിടുക്കൻ, മിടുമിടുക്കൻ... നന്നായിരിക്കുന്നു. അങ്ങനെ സ്‌കൂളിലെ ഹീറോ ആയെന്നു മാത്രമല്ല, അതൊരാവേശവുമായി മാറി.. ഒപ്പം മുന്നോട്ടുള്ള പ്രയാണത്തിന്റെ തുടക്കവും. ആ തുടക്കം പല കടമ്പകളും പ്രതിബന്ധങ്ങളും കടന്നു മൂന്നു പതിറ്റാണ്ടിലേറെയായി മികച്ച മലയാളം വാർത്താവതാരകനായി എത്തിനിൽക്കുമ്പോൾ മുന്നിൽ കൂട്ടിനു ഒട്ടേറെ പുരസ്‌കാരങ്ങളും സാക്ഷിയായിട്ടുണ്ട്.
മാവേലിക്കര കറ്റാനം ബഥനി ബോർഡിങ്ങിലെ അംഗമായിരുന്ന കാലത്തു വാഹിദിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ അധ്യാപകരും മാതാപിതാക്കളും പിന്തുണ നൽകിയതോടെ പിന്നീടങ്ങോട്ട് ഒരു ജൈത്രയാത്ര തന്നെയായിരുന്നു. കഥാപ്രസംഗം, കവിതാപാരായണം, മിമിക്രി, സ്‌ക്രിപ്റ്റ് തയാറാക്കൽ തുടങ്ങി എല്ലാ മേഖലകളിലും കൈയൊപ്പു ചാർത്തിയുള്ള യാത്ര. പഠനം തുടരുമ്പോഴും ടെലിവിഷനിൽ വാർത്തകൾ വായിക്കണമെന്ന മോഹം എങ്ങനെ സാധ്യമാക്കാമെന്ന അടങ്ങാത്ത ചിന്തയിലുമായിരുന്നു വാഹിദ്. അതിനായുള്ള അശ്രാന്തപരിശ്രമത്തിന്റെ തുടക്കം എവിടെയെന്നു വാഹിദിനു അറിയില്ല. എന്നാൽ ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച മനസിൽ തോന്നുന്നതെല്ലാം കത്തുകൾ രൂപത്തിൽ വിവിധ മാധ്യമങ്ങൾക്കു എഴുതി അയക്കുക ചെറുപ്പത്തിലെ പതിവായിരുന്നു. അവയെല്ലാം അച്ചടിച്ച പത്രങ്ങൾ കാണുമ്പോൾ മനസ്സിൽ അറിയാതെ ഒരു സന്തോഷം നുരഞ്ഞുപൊങ്ങും. ആ സംതൃപ്തിയിൽ നാലുപതിറ്റാണ്ടു മുമ്പ് ഒരു പ്രമുഖ ദിനപത്രത്തിൽ എഴുതിയ ഫീച്ചറിനു 300 രൂപ ആദ്യമായി പ്രതിഫലം ലഭിച്ചത് മനസ്സിൽ ഇപ്പോഴും കൊണ്ടുനടക്കുന്നു.
കേരളശബ്ദം തോപ്പിൽ രാമചന്ദ്രൻ പിള്ള എഡിറ്ററായിരുന്ന കായംകുളത്തുനിന്ന് പ്രസിദ്ധകരിച്ച 'ലേഖ' വാരികയുടെ ജനറൽ മാനേജരായും അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിക്കാൻ അവസരം ലഭിച്ച വാഹിദ്, ഒട്ടേറെ മാധ്യമങ്ങളിൽ നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു. ഇതിനിടയിലാണ് 1989ൽ ജലസേചനവകുപ്പിൽ ജോലി ലഭിക്കുന്നത്. ജോലിക്കിടെ ദൂരദർശനിൽ ന്യൂസ് റീഡർ സെലക്ഷനുള്ള പരീക്ഷ പാസായി. 1990ൽ തൊഴിൽ വാർത്തകൾ വായിച്ചായിരുന്നു ദൂരദർശനിൽ തുടക്കം. എന്നാൽ ആ വളയത്തിനുള്ളിൽ പത്തുവർഷത്തോളം നിൽക്കേണ്ടിവന്നെങ്കിലും പ്രധാനവാർത്തകൾ വായിക്കാൻ അവസരം ലഭിച്ചു. മെഡിക്കൽ കോളജ് ആശുപത്രികൾ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളെക്കുറിച്ചും റിപ്പോർട്ടുകൾ തയാറാക്കി അവതരിപ്പിക്കാനായി.
കവി എൻ.എൻ കക്കാടിന്റെ മകൻ കെ. ശ്രീകുമാർ ദൂരദർശനിലെ 'കൃഷിദർശൻ' അവതരിപ്പിക്കാൻ വിളിച്ചത് വാഹിദിന്റെ മറ്റൊരു വഴിത്തിരിവായിരുന്നു. തുടർന്നു അതിന്റെ അഭിമുഖവും സ്‌ക്രിപ്റ്റും അനുബന്ധപരിപാടികളും അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു കായംകുളം സെൻട്രൽ പ്ളാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസറ്റിറ്റ്യൂട്ടിനെക്കുറിച്ചു കെ. ശ്രീകുമാർ തയാറാക്കിയ ചരിത്രമണ്ണിലൊരു ഗവേഷണ സ്ഥാപനം എന്ന പരിപാടി. ബ്രാന്റ് കേരള, പ്രവാസം പ്രവാസി തുടങ്ങിയ പരിപാടികളിലും ഒട്ടേറെ അഭിമുഖങ്ങൾ നടത്തി. മികച്ച സ്‌ക്രിപ്റ്റോടെയുള്ള നല്ല ശബ്ദത്തിലും വാർത്താ റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്തതോടെ വാഹിദ് ഏറെ ശ്രദ്ധിക്കപ്പെട്ടു. പല റിപ്പോർട്ടുകളും സോഷ്യൽ മീഡിയകളിൽ 9 മുതൽ 18 മില്യൻവരെ ആളുകൾ കണ്ടത് ദൂരദർശനെ സംബന്ധിച്ചിടത്തോളം റിക്കാർഡ് നേട്ടം തന്നെയാണ്.
മികച്ച വാർത്താ അവതാരകനുള്ള അടൂർ ഭാസി പുരസ്‌ക്കാരം, മികച്ച അവതാരകനും റിപ്പോർട്ടർക്കുമുള്ള പ്രേംനസീർ പുരസ്‌ക്കാരം, മികച്ച മാധ്യമപ്രവർത്തകനുള്ള വൈസ്മെൻ ഇന്റർനാഷണൽ പുരസ്‌ക്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ഇതിനോടകം വാഹിദിനെ തേടിയെത്തി. 2020ലെ ഭിന്നശേഷി ദിനത്തിൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ഓച്ചിറ അബ്ബാ മോഹനനെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടിനു പ്രസാർഭാരതിയുടെ ദേശീയ പുരസ്‌ക്കാരവും വാഹിദിെന്റ കരിയറിലെ പെൻതൂവലാണ്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."