അവന്റേത് കാണാതാക്കുന്ന എന്റേത് എനിക്കെന്തിന്?
പരിസരത്തെ വീട്ടില്‍നിന്ന് നിലയ്ക്കാത്ത നിലവിളി. കേള്വിശക്തിയില്ലാത്തതുകൊണ്ട് അയാള്‍ക്ക് കാര്യമന്വേഷിക്കാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനോ കഴിഞ്ഞില്ല. വേറൊരാളുണ്ടായിരുന്നു. കേള്വിക്കുറവൊട്ടുമില്ലാത്ത ഒരാള്‍. നിലവിളി കേട്ടിട്ടും കേള്‍ക്കാത്ത മട്ടില്‍ അയാള്‍ തന്റെ മെത്തയില്‍ സുഖമായി കിടന്നുറങ്ങി. അതെന്റെ വീട്ടില്നിന്നല്ലല്ലോ എന്നായിരുന്നു അയാള്‍ പറഞ്ഞത്.
ഇനി ചോദിക്കട്ടെ, ഇവിടെ ആരാണു യഥാര്‍ഥ ബധിരന്? കേള്വിശക്തിയില്ലാത്തതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയാതെ പോയവനോ, കേട്ടിട്ടും കേള്‍ക്കാത്ത ഭാവം നടിച്ച് ഒന്നും ചെയ്യാതിരുന്നവനോ? കേള്വിശക്തിയില്ലാത്തവനു കേട്ടില്ലെന്ന കാരണം പറയാം. കേള്‍ക്കാത്ത ഭാവം നടിച്ചവന് എന്തു ന്യായം നിരത്തും? അയാള്‍ക്കു കാതുണ്ടാകുന്നതും ഇല്ലാതിരിക്കുന്നതും തമ്മില്‍ എന്തു വ്യത്യാസം?
നിരത്തുവക്കില്‍ പട്ടിക്കുട്ടിയുടെ ജഡം അഴുകിത്തുടങ്ങിയിട്ടുണ്ട്. കണ്ണില്ലാത്തതുകൊണ്ട് അയാള്‍ക്ക് അതു കാണാനോ നീക്കംചെയ്യാനോ കഴിഞ്ഞില്ല. വേറൊരാളുണ്ടായിരുന്നു. കാഴ്ചയ്ക്കു കുറവുകളൊട്ടുമില്ലാതിരുന്ന ഒരാള്‍. അയാള്‍ അതുകണ്ട ഭാവംപോലും കാണിക്കാതെ മൂക്കുപൊത്തി മുന്നോട്ടുനടന്നു. ഇതെന്റെ സ്ഥലത്തല്ലല്ലോ എന്നായിരുന്നു അയാള്‍ പറഞ്ഞത്. ഇവിടെ ആരാണു ശരിക്കും അന്ധന്? കണ്ണില്ലാത്തതുകൊണ്ട് കാണാന്‍ കഴിയാതെപോയവനോ, കണ്ടിട്ടും കാണാത്ത ഭാവം നടിച്ച് നടന്നകന്നവനോ? കാഴ്ചയില്ലാത്തവനു കണ്ടിട്ടില്ലെന്ന ന്യായം പറയാം. കാണാത്ത ഭാവം നടിച്ചവന് എന്തു കാരണം പറയും? അയാള്‍ക്കു കണ്ണുണ്ടാകുന്നതും ഇല്ലാതിരിക്കുന്നതും തമ്മില്‍ എന്ത് അന്തരം?
നടവഴിയിലാകെ ദര്‍ഗന്ധം പടര്‍ത്തി അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചാണകം കണ്ടപ്പോള്‍ ഒരിക്കല്‍ ഒരച്ഛന് പറഞ്ഞു: 'നമുക്ക് ഇതെല്ലാം എടുത്തുനീക്കാം. ആരെങ്കിലും ചവിട്ടിപ്പോയാല്‍ പ്രശ്നമാണ്'. മകനു സന്തോഷമേ തോന്നിയുള്ളൂ. കൈയില്‍ കരുതിയ സഞ്ചിയില്‍നിന്ന് ഒരു പ്ലാസ്റ്റിക് കവറെടുത്ത് അവന് അതില്‍ ചാണകം ശേഖരിക്കാന്‍ തുടങ്ങി.
അച്ഛന് ചോദിച്ചു: 'നീ എന്താണു കാണിക്കുന്നത്?'
അവന് പറഞ്ഞു: 'ഇതെല്ലാം നമ്മുടെ വീട്ടുമുറ്റത്തെ ഫലവൃക്ഷങ്ങള്‍ക്കു വളമാക്കാം...'
അപ്പോള്‍ അച്ഛന്റെ മറുചോദ്യം: 'അതെന്താ, ഇവിടെയൊന്നും ഫലവൃക്ഷങ്ങളില്ലാത്തതു കൊണ്ടാണോ?'
'അവന്റേ'തും 'അവരുടേ'തും കാണാനും കേള്‍ക്കാനും 'എന്റേ'തും 'ഞങ്ങളുടേ'തും തടസമായി നില്ക്കുന്നുവെങ്കില് അകക്കണ്ണും അകക്കാതും പ്രവര്‍ത്തനരഹിതമായി കിടക്കുന്നുവെന്നു മനസിലാക്കണം. കാണുന്ന കണ്ണില്ലാതിരിക്കലല്ല, കാണേണ്ടതു കാണാതിരിക്കലാണു ശരിക്കും അന്ധത. കേള്‍ക്കുന്ന കാതില്ലാതിരിക്കലല്ല, കേള്‍ക്കേണ്ടതു കേള്ക്കാതിരിക്കലാണു യഥാര്‍ഥ ബധിരത. കണ്ണിനു കാഴ്ചയില്ലാതിരിക്കുന്നതും കാതിനു കേള്വിയില്ലാതിരിക്കുന്നതും ശാരീരികവൈകല്യമാണെങ്കില് കാണുന്ന കണ്ണുണ്ടായിട്ടും കാണാതിരിക്കുന്നത്, കേള്‍ക്കുന്ന കാതുണ്ടായിട്ടും കേള്‍ക്കാതിരിക്കുന്നത് സ്വഭാവവൈകല്യം തന്നെയാണ്. ദൂരീകരിക്കല്കൊണ്ടല്ലാതെ ന്യായീകരിക്കല്കൊണ്ട് ആ വൈകല്യത്തെ പരിഹരിക്കാന്‍ കഴിയില്ല.
ഒരാള്‍ തന്നിലേക്കും തന്റേതിലേക്കും എത്രത്തോളം ചുരുങ്ങുന്നുവോ അത്രത്തോളം അയാളുടെ കാഴ്ചശക്തിയും കേള്‍വിശക്തിയും മനോശക്തിയും ചുരുങ്ങും. തന്റെ അതിരുകള്ക്കുള്ളിലുള്ളതു മാത്രമേ പിന്നീട് അയാള്‍ക്കു കാണാനും കേള്‍ക്കാനും അനുഭവിക്കാനും കഴിയൂ. അയലത്തെ വീട്ടില്‍നിന്ന് ഉയരുന്ന നിലവിളി കേള്‍ക്കാനുള്ള കാത് അയാള്ക്കുണ്ടാകുമെങ്കിലും കേള്‍ക്കില്ല. പരിസരത്തുള്ളവന്റെ ദൈന്യത കാണാനുള്ള കണ്ണുണ്ടാകുമെങ്കിലും അയാള്‍ കാണില്ല. അപരന്റെ സന്തോഷം തന്റെ സന്തോഷമായോ, ദുഃഖങ്ങള്‍ തന്റെ ദുഃഖങ്ങളായോ അയാള്‍ക്കു തോന്നുകയുമില്ല. തന്റെ വീടാണ് അയാള്‍ക്കു രാജ്യം. തന്റെ മുറ്റവും പറമ്പുമാണ് അയാള്‍ക്കു ലോകം. അതിനപ്പുറമുള്ളതെല്ലാം തനിക്കു ബാധ്യതയോ, കടപ്പാടോ ഇല്ലാത്ത ആരുടേതോ ആണ്. അവിടെ എന്തു സംഭവിച്ചാലും അയാളെ ബാധിക്കുകയോ, അലട്ടുകയോ ചെയ്യില്ല.
അത് എന്റേതല്ലല്ലോ എന്ന് ആശ്വസിക്കുന്നവര്‍ക്ക് അല്പായുസായ ആ ആശ്വാസം മാത്രമേ ഉണ്ടാവുകയുള്ളൂ. എന്റേതല്ല എന്നതിനു പകരം എന്റെ സഹോദരന്റേതാണ് എന്നു ചിന്തിക്കുന്നവന് അതിരുകളിലും അതിര്‍ത്തികളിലും തട്ടി വീണുപോകില്ല. അവന്റെ കണ്ണും കാതും മനസും അതിരുകള്‍ ഭേദിച്ചു മുന്നേറും. തന്റെ മുറ്റത്തെയും അയല്ക്കാരന്റെ മുറ്റത്തെയും ഒരേ കണ്ണോടെ മാത്രമേ അയാള്‍ക്കു കാണാന്‍ കഴിയുകയുള്ളൂ. അപരനു ഭവിച്ച നഷ്ടം തനിക്കു സംഭവിച്ച നഷ്ടമായാണ് അയാള്‍ക്കു അനുഭവപ്പെടുക. തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലാരും പൂര്‍ണ സത്യവിശ്വാസിയാകില്ലെന്നാണു തിരുമൊഴി.
അവനവനില്‍ ചുരുങ്ങാതെ അപരനിലേക്കു വികസിക്കാന്‍ കഴിയുന്നവനാണു സഹൃദയന്. അവനാണ് മികച്ച അയല്ക്കാരന്. ഉത്തമനായ പൗരനും നീതിമാനായ ഭരണാധികാരിയും അവന്‍തന്നെ. അയാള്‍ തന്റെ ആളുകളെയല്ല, മനുഷ്യരെയാണു കാണുക. തന്റെ നാടും വീടുമല്ല, പ്രപഞ്ചത്തെയാണു കാണുക. തന്നോടും തന്റെതിനോടും കൂടുതല്‍ കൂറുണ്ടായിരിക്കുക സ്വാഭാവികം. പക്ഷേ, അത് അപരനോടുണ്ടായിരിക്കേണ്ട കൂറില്‍നിന്ന് എടുത്താകരുത്. മറ്റുള്ളവരോടുള്ള സ്നേഹവും കാരുണ്യവും വെട്ടിക്കുറക്കാതെ തന്നെ സ്വന്തത്തെയും സ്വന്തത്തിന്റേതിനെയും നന്നായി സ്നേഹിച്ചുകൂടെന്നുണ്ടോ?
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."