മുന്‍ സഹപ്രവര്‍ത്തകയെ സ്റ്റാഫ് അംഗമാക്കാന്‍ ആരോഗ്യമന്ത്രി; തടയിട്ട് സി.പി.എം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുന്‍ സഹപ്രവര്‍ത്തകയെ പി.ആര്‍.ഒ ആയി സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ നീക്കത്തിന് സി.പി.എം നേതൃത്വം തടയിട്ടു.
മുന്‍പ് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായിരുന്ന മുന്‍സഹപ്രവര്‍ത്തകയ്ക്ക് ഇപ്പോള്‍ ആര്‍.എം.പിയുമായി അടുപ്പമുണ്ടെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സി.പി.എം നേതൃത്വം ഇടപെട്ടത്. നേരത്തേ വീണാജോര്‍ജിനൊപ്പം ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ നിലവില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പ്രധാന ചുമതല വഹിക്കുകയാണ്.തെരഞ്ഞെടുപ്പ് സമയത്ത് വീണാജോര്‍ജിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ചുമതലയേറ്റതിനു പിന്നാലെ പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെ മന്ത്രി സ്വന്തം നിലയ്ക്ക് സ്റ്റാഫിലേക്ക് എടുക്കാന്‍ നീക്കം നടത്തുകയായിരുന്നു. മന്ത്രിയുടെ ഓഫിസില്‍ ഇവര്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സി.പി.എം കോഴിക്കോട് ജില്ലാ നേതൃത്വമുള്‍പ്പെടെ എതിര്‍പ്പ് അറിയിച്ചതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് നീക്കത്തിന് തടയിട്ടു.
പാര്‍ട്ടി അറിയാതെ സ്റ്റാഫ് അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കരുതെന്നാണ് മന്ത്രിമാര്‍ക്ക് സി.പി.എം നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."