കോണ്‍ഗ്രസ് പുനഃസംഘടനയ്‌ക്കൊരുങ്ങി സോണിയ; 24ന് ഉന്നതതല യോഗം
ന്യൂഡല്‍ഹി: പാര്‍ട്ടി പുനഃസംഘടന, വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ പദ്ധതികള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും പി.സി.സി അധ്യക്ഷരുടെയും യോഗം വിളിച്ചു. ഈ മാസം 24നാണ് യോഗം.
യു.പി, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സമീപകാലത്തുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആസൂത്രണത്തോടെ ഈ തെരഞ്ഞെടുപ്പുകളെ നേരിടണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ നിലപാട്.പാര്‍ട്ടി അധികാരത്തിലിരിക്കുന്ന പഞ്ചാബിലും രാജസ്ഥാനിലും കോണ്‍ഗ്രസിനുള്ളില്‍ കലഹമാണ്. അതോടൊപ്പം പ്രതിപക്ഷത്തുള്ള കര്‍ണാടക, തെലങ്കാന, ഡല്‍ഹി എന്നിവിടങ്ങളിലും പ്രശ്‌നങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം പാര്‍ട്ടിക്കുള്ളില്‍ പുനഃസംഘടന നടത്തണം. അതോടൊപ്പം കൊവിഡ് വ്യാപനം കാരണം നീണ്ടുപോയ പുതിയ പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്തുന്ന നടപടിയും വേഗത്തിലാക്കണം. ഈ അജന്‍ഡകളാണ് 24ലെ ചര്‍ച്ചയില്‍ പ്രധാനമായുണ്ടാകുക. ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ടുപോയതോടെ ജി-23 നേതാക്കള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതാണെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളത്. അതിനാല്‍ ഇതു സംബന്ധിച്ചും ചര്‍ച്ചയുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."