വയോധികനെ മര്‍ദിച്ച വിഡിയോ ട്വീറ്റ് ചെയ്ത കേസ് റാണാ അയ്യൂബിന് മുന്‍കൂര്‍ ജാമ്യം
മുംബൈ: ഗാസിയാബാദിലെ ലോനിയില് വയോധികനെ ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദിച്ച വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത കേസില്‍ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന് ബോംബെ ഹൈക്കോടതി നാലാഴ്ചത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഈ സമയത്തിനുള്ളില്‍ ആവശ്യമെങ്കില്‍ കേസിനെതിരേ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ജസ്റ്റിസ് പി.ഡി നായിക്ക് അനുമതി നല്കി. ജാമ്യത്തുകയായി 25,000 രൂപ കെട്ടിവയ്ക്കാനും ജാമ്യക്കാരനെ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
നിരവധി പുരസ്കാരങ്ങള്‍ നേടിയ, ലോകമറിയുന്ന മാധ്യമപ്രവര്‍ത്തകയാണ് റാണാ അയ്യൂബെന്ന് അവരുടെ അഭിഭാഷക മിഹിര്‍ ദേശായ് കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടി. വിഡിയോയുടെ ആധികാരികതയില്‍ സംശയം തോന്നിയതിനാല്‍ ഡിലീറ്റ് ചെയ്തിരുന്നു. ഒരു വാര്‍ത്തയെന്ന നിലയിലാണ് വിഡിയോ ഷെയര്‍ ചെയ്തത്. അടുത്തിടെ സര്‍ജറിക്ക് വിധേയയായതിനാല്‍ റാണാ അയ്യൂബ് വിശ്രമത്തിലാണ്. മൂന്നുവര്‍ഷം തടവ് ലഭിക്കുന്ന വകുപ്പുകളാണ് പൊലിസ് ചുമത്തിയിരിക്കുന്നതെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.
കേസിന്റെ വസ്തുതയിലേക്ക് കടക്കുന്നില്ലെന്നും ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട കോടതി മുന്‍പാകെ ഉന്നയിക്കാമെന്നും പൊലിസ് നടപടികളില്‍നിന്ന് നാലാഴ്ച സംരക്ഷണം അനുവദിച്ച് കോടതി പറഞ്ഞു. റാണാ അയ്യൂബിനെ കൂടാതെ മാധ്യമപ്രവര്‍ത്തകരായ സബാ നഖ്വി, മുഹമ്മദ് സുബൈര്‍, ട്വിറ്റര്‍, ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കെതിരേയും യു.പി പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."