വി.എച്ച്.പി നേതാവുള്‍പ്പെട്ട ഭൂമിതട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരേ കേസ്
നേതാവ് അയോധ്യ ഭൂമി തട്ടിപ്പുകേസില്‍ ആരോപണ വിധേയന്
ലഖ്നൗ: അയോധ്യയില്‍ ഭൂമി തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവും രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിയും സഹോദരന്മാരും ഉള്‍പ്പെട്ട മറ്റൊരു ഭൂമി തട്ടിപ്പ് പുറത്തുകൊണ്ടു വന്നതിന് മാധ്യമപ്രവര്‍ത്തകനും മറ്റ് രണ്ടുപേര്‍ക്കുമെതിരേ യു.പി പൊലിസ് 18 കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
ചമ്പത് റായിയുടെ സഹോദരന് സഞ്ജയ് ബെന്‍സലിന്റെ പരാതിയില്‍ മാധ്യമപ്രവര്ത്തകന് വിനീത് നരയ്ന്, അല്‍ക ലഹോതി, രജനിഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
വി.എച്ച്.പി നേതാവിനെതിരേ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് കേസ്. മതത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തുക, വ്യാജ രേഖകള്‍ നല്കല്, വഞ്ചന, അതിക്രമം എന്നീ കുറ്റങ്ങളും എഫ്.ഐ.ആറില്‍ ആരോപിച്ചിട്ടുണ്ട്. ചമ്പത് റായ് തന്റെ സഹോദരന്മാര്ക്ക് ബിജ്നോറില് ഭൂമി പിടിച്ചെടുക്കാന്‍ സൗകര്യമൊരുക്കിയെന്ന് മൂന്നുദിവസം മുന്‍പ് വിനീത് നരയ്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.
അല്‍ക ലഹോതിയുടെ ഉടമസ്ഥതയിലുള്ള ഒരു പശു വളര്‍ത്തല്‍ കേന്ദ്രത്തില്‍ 20,000 ചതുരശ്ര മീറ്റര്‍ സ്ഥലം പിടിച്ചെടുക്കാന്‍ ചമ്പത് റായ് തന്റെ സഹോദരങ്ങളെ സഹായിച്ചതായായിരുന്നു ആരോപണം. കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ 2018 മുതല്‍ അല്‍ക ലഹോതി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ഥിച്ചതായും പോസ്റ്റില്‍ പറഞ്ഞിരുന്നു.
ആരോപണങ്ങളെക്കുറിച്ച് ബിജ്നോര്‍ പൊലിസ് മേധാവി ഡോ. ധരംവീര്‍ സിങ് ഇതിനകം ചമ്പത് റായ്ക്കും സഹോദരന്മാര്ക്കും ശുദ്ധിപത്രം നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."