വിവര കൈമാറ്റം: മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ അധികൃതര്‍
വിവര കൈമാറ്റം: മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ അധികൃതര്‍
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സേവനങ്ങളുടെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് പിഴ വിധിച്ച് അയര്‍ലണ്ട് ഡാറ്റാ പ്രൊട്ടക്ഷന് കമ്മീഷണര്‍ (ഡിപിസി). 130 കോടി (10000 കോടി രൂപയിലേറെ) ഡോളറാണ് പിഴ. യൂറോപ്യന്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായും അവ യുഎസിലേക്ക് കൊണ്ടുപോവുന്നതുമായും ബന്ധപ്പെട്ട് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. സ്വകാര്യതയുമായി ബന്ധപ്പെട്ട് യൂറോപ്പ് ചുമത്തിയ ഏറ്റവും വലിയ തുകയാണിത്.
2018ല്‍ നിലവില്‍ വന്ന ജിഡിപിആര്‍ നിയമങ്ങള്‍ മെറ്റ ലംഘിച്ചുവെന്ന് ഡിപിസി പറയുന്നു. ഫെയ്‌സ്ബുക്കിനെ ലക്ഷ്യമിട്ടാണ് ഡിപിസിയുടെ നടപടി. വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റ പറഞ്ഞു. നീതീകരിക്കാനാവാത്തതും അനാവശ്യവുമാണ് ഈ പിഴയെന്നും കോടതി വഴി ശിക്ഷ സ്റ്റേ ചെയ്യാനുള്ള ശ്രമം നടത്തുമെന്നും മെറ്റ അറിയിച്ചു.
യൂറോപ്യന്‍ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് യൂറോപ്പില്‍ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന ഭീഷണി മുമ്പ് മെറ്റ ഉയര്‍ത്തിയിരുന്നു. അതിര്‍ത്തി കടന്നുള്ള വിവര കൈമാറ്റം സാധ്യമാവാതെ വന്നാല് വിവിധ രാജ്യങ്ങളില്‍ ഒരു പോലെ ലഭ്യമാക്കുന്ന സേവനങ്ങളില് പലതും നല്‍കാന്‍ സാധിക്കാതെ വരുമെന്നും അത് ഭീഷണികള്‍ വര്‍ധിപ്പിക്കുകയേ ചെയ്യുകയുള്ളൂവെന്നും മെറ്റ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ യൂണിയന് പൗരന്മാരുടെ സ്വകാര്യ വിവരങ്ങള് സുരക്ഷിതമായി അമേരിക്കയിലേക്ക് കൈമാറാന്‍ സഹായിക്കുന്ന ഒരു പുതിയ ഉടമ്പടി പ്രതീക്ഷിക്കുന്നതായി മെറ്റ കഴിഞ്ഞ മാസം പറയുകയുണ്ടായി.
യൂറോപ്യന്‍ യൂണിയനും യുഎസ് ഭരണകൂടവും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അംഗീകാരം നല്‍കിയ പുതിയ ഡാറ്റാ പ്രൊട്ടക്ഷന് ഫ്രെയിം വര്‍ക്ക് ജൂലൈയോടെ തയ്യാറായേക്കും. മുമ്പ് ലക്‌സംബര്‍ഗാണ് യൂറോപ്പില്‍ ഏറ്റവും വലിയ തുക പിഴ (74.6 കോടി യൂറോ) വിധിച്ചത്. ആമസോണ് ഡോട്ട് കോമിനെതിരെയായിരുന്നു ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."