തൃശൂര്‍ ഡയറി പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ സംഭരണ- സംസ്‌ക്കരണ ശേഷിയിലേക്ക്: ഉദ്ഘാടനം 27 ന്
തൃശൂര്‍: പ്രതിദിനം 60,000 ലിറ്റര്‍ സംഭരണശേഷിയില്‍ പ്രവര്‍ത്തിച്ച തൃശൂര്‍ ഡയറിയുടെ സംഭരണ സംസ്‌കരണശേഷി പ്രതിദിനം ഒരു ലക്ഷം ലിറ്ററായി വര്‍ധിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയായി. ഇതിനായി വിപുലീകരിച്ച തൃശൂര്‍ ഡയറിയുടെ ഉദ്ഘാടനം രാമവര്‍മപുരം ഡയറി കോംപൗണ്ടില്‍ ആഗസ്റ്റ് 27 രാവിലെ 10 ന് ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ.രാജു നിര്‍വഹിക്കും.
കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും. പുതിയ പാസ്ച്യുറൈസേഷന്‍ പ്ലാന്റിന്റേയും പാക്കിംഗ് യൂനിറ്റിന്റേയും ഉദ്ഘാടനം സഹകരണ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തും. ഡ്രൈവ്-ഇന്‍-പാര്‍ലര്‍ ഉദ്ഘാടനം കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജനും ഡി.പി.എം.സി.യു വിതരണ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എ.കൗശിഗനും നിര്‍വഹിക്കും.
ആധുനീകരിച്ച ലാബിന്റെയും പുതിയ കോള്‍ഡ് സ്റ്റോറിന്റെയും പുതിയ പവര്‍ സപ്ലൈ സിസ്റ്റത്തിന്റെയും ഉദ്ഘാടനം യഥാക്രമം ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ്, ടി.ആര്‍.സി എം.പി.യു ചെയര്‍മാന്‍ കല്ലട രമേശന്‍, എം.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ കെ.എന്‍ സുരേന്ദ്രന്‍ എന്നിവര്‍ നിര്‍വഹിക്കും.
കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ശാന്ത കെ.എം, അഡ്വ. വി.കെ സുരേഷ്‌കുമാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മില്‍മ മാനേജിംഗ് ഡയറക്ടര്‍ യു.വി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
മില്‍മ എറണാകുളം മേഖലാ യൂനിയന്‍ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ സ്വാഗതവും ഇ.ആര്‍.ഡി.എം പി.യു മാനേജിങ് ഡയറക്ടര്‍ ബി. സുശീല്‍ ചന്ദ്രന്‍ നന്ദിയും പറയും. എറണാകുളം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂനിയന്‍ 1987 ല്‍ എന്‍.ഡി.ഡി.ബിയുടെ ഓപ്പറേഷന്‍ ഫ്‌ളെഡ്-സെക്കന്‍ഡ് പദ്ധതി പ്രകാരം പണികഴിപ്പിച്ച ഡയറി ഡി.എം.പി, എന്‍.എം.പി.എസ്, എന്‍.പി.ഡി.ഡി എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 5.41 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."