ഗൂഗിള്‍ മാപ്പിലെ 'ദ്വീപ്' തേടി അവര്‍ കണ്ടെത്തി കൊച്ചിയിലെ 'പയറുമണി ദ്വീപ്' കെട്ടുകഥ
കെ. ജംഷാദ്
കോഴിക്കോട്: കൊച്ചി തീരത്തിനു സമീപം പുതിയ ' ദ്വീപ്' രൂപം കൊള്ളുന്നുവെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ശാസ്ത്രീയ തെളിവുകള്‍.
ഗൂഗിള്‍ മാപ്പിലാണ് ഏകദേശം 8 കി.മി നീളമുള്ള ' ദ്വീപ്' തെളിഞ്ഞത്. പിന്നാലെ ചില മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. പയറുമണിയുടെ ആകൃതിയിലായതിനാല്‍ ' പയറുമണി ദ്വീപ്' എന്ന പേരും ചിലരിട്ടു.
ഗൂഗിള്‍ മാപ്പിന്റെ സാങ്കേതിക പിഴവാണ് സംശയങ്ങള്‍ ജനിപ്പിച്ചത്. സംഭവത്തിന്റെ സത്യാവസ്ഥ തേടി പാലക്കാട് സ്വദേശിയും സാറ്റ്ഷുവറിലെ ജിയോസ്‌പേഷ്യല്‍ എന്‍ജിനീയറുമായ ആര്‍ജുന്‍ ഗംഗാധരന്‍, വാഷിങ്ടണ്‍ കേന്ദ്രമായ വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ പ്രൊജക്ട് അസോഷ്യേറ്റ് രാജ് ഭഗത് എന്നിവര്‍ വിവിധ ജിയോസ്‌പേഷ്യല്‍ ടൂളുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ദ്വീപ് ഇല്ലെന്ന് വ്യക്തമായത്.
കപ്പലുകളുടെ സഞ്ചാരം കാണിക്കുന്ന വെസല്‍ ഫൈന്‍ഡര്‍ മാപ്പില്‍ ഇപ്പോഴും ദ്വീപ് മേഖലയിലൂടെ കപ്പല്‍ ഗതാഗതം നടക്കുന്നുണ്ട്. 2018 മുതല്‍ 2020 തുടക്കം വരെയുള്ള ഗൂഗിള്‍ ചിത്രങ്ങളില്‍ കടലിനടിയില്‍ ഒന്നും കാണാനില്ല.
ലാന്റ്‌സാറ്റ്-8 ഉപഗ്രഹം ഈ വര്‍ഷം ഫെബ്രുവരി 14ന് പകര്‍ത്തിയ ചിത്രത്തിലും ഉപഗ്രഹ നിരീക്ഷണ സ്ഥാപനങ്ങളായ മൈക്രോസോഫ്റ്റിന്റെ ബിങ്, മാക്‌സര്‍ ടെക്‌നോളജീസ്, എസ്‌രി എന്നിവയുടെ ഹൈറസൊല്യൂഷന്‍ ചിത്രങ്ങളിലും കടലില്‍ മണല്‍ത്തിട്ടയില്ല.ജലത്തിന്റെ തെളിച്ചം പരിശോധിക്കുന്നതിന് നാസയുടെ സീഡാസ് എന്ന ഉപഗ്രഹ സെന്‍സര്‍ റിപ്പോര്‍ട്ടിലും കടലില്‍ തടസമില്ല.
490 നാനോ ഫെബ്രുവരി 14 ന് ഈ മേഖലയിലെ കടല്‍വെള്ളം പരിശോധിച്ചതിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഉപഗ്രഹ പരിശോധനകളില്‍ കടലില്‍ മണല്‍ത്തിട്ടയോ ദ്വീപോ രൂപപ്പെടുന്നില്ലെന്നും ഗൂഗിളിന്റെ സാങ്കേതിക പിഴവാണ് തെറ്റിദ്ധാരണയ്ക്കും വാര്‍ത്തയ്ക്കും കാരണമെന്നും ജിയോസ്‌പേഷ്യല്‍ വിദഗ്ധനും ബംഗളൂരു വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എര്‍ത്ത് ഒബ്‌സര്‍വര്‍ രാജ് ഭഗവത് പളനിച്ചാമിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."