പൈപ്പ് പൊട്ടി ജല അതോറിറ്റിക്ക് നഷ്ടമാകുന്നത് പ്രതിവര്‍ഷം 200 കോടി
മലപ്പുറം: കാലഹരണപ്പെട്ട പൈപ്പുകളുടെ തകര്‍ച്ച കാരണം പ്രതിവര്‍ഷം ജല അതോറിറ്റിക്ക് നഷ്ടമാകുന്നത് 200 കോടി. പൈപ്പുകളുടെ ചോര്‍ച്ച കണ്ടെത്താനാകാത്തതും, റോഡരികില്‍ കുഴിയെടുത്ത് പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവരില്‍ നിന്നുള്ള അനുമതി വൈകുന്നതുമാണ് ജല അതോറിറ്റിക്ക് നഷ്ടം കൂട്ടുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലായി ജലവിഭവ വകുപ്പ് നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടി മാത്രം 2.5 മുതല്‍ മൂന്ന് ലക്ഷം മില്യണ്‍ ലിറ്റര്‍ ജലം നഷ്ടമാകുന്നുണ്ടെന്ന് കണ്ടെത്തിയത്.
20 വര്‍ഷം മുമ്പുവരേ സിമന്റില്‍ നിര്‍മിച്ച ആസ്ബസ്റ്റോസ് പൈപ്പുകളായിരുന്നു ജല അതോറിറ്റി ഉപയോഗിച്ചിരുന്നത്. ഇവയിലാണ് വ്യാപകമായി തകര്‍ച്ച കാണുന്നത്. പൈപ്പുകള്‍ കുഴിച്ചിട്ടതിനുശേഷം റോഡുകളുടെ വികസനം കാരണം ഇവയില്‍ പലതും എവിടെയാണെന്ന് വ്യക്തമായി കണ്ടെത്താന്‍ പോലും കഴിയുന്നില്ല. ഇവ പരിശോധിക്കാന്‍ റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയില്‍ അനുമതി കിട്ടാനും ദിവസങ്ങളെടുക്കുന്നു. ഇതുവരെ ജലവിതരണം നിര്‍ത്തിവയ്ക്കാനും കഴിയുന്നില്ല. ഇതോടെ ദിവസങ്ങളോളം ജലം പാഴായിപ്പോകുകയാണ്.
പഴയ പൈപ്പുകള്‍ മാറ്റി ആറ് ഇഞ്ച് വരേ പി.വി.സി പൈപ്പുകളും, പിന്നീട് ഇരുമ്പ് പൈപ്പുകളുമാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇവ കാര്യക്ഷമമെങ്കിലും പഴയ പൈപ്പുകള്‍ പൂര്‍ണമായി മാറ്റാനാവുന്നില്ല. ചോര്‍ച്ചമൂലം പ്രതിദിന വിതരണത്തിനായി തയാറാക്കുന്ന വെള്ളത്തിന്റെ 20 മുതല്‍ 25 ശതമാനം വരേയാണ് ഇത്തരത്തില്‍ പൊട്ടിയ പൈപ്പുകളിലൂടെ നഷ്ടമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."