പാർലമെൻ്റ് ഉദ്ഘാടനം ചെയ്യേണ്ടതാര്?
പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് ഉദ്ഘാടനം ചെയ്യാൻ പോകുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിൽ ഉദ്ഘാടനം ചെയ്യുന്നത് ഭരണഘടനയുടെ കാവലാളായ രാഷ്ട്രപതി ദ്രൗപതി മുർമുവല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുകയാണ്. പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തി പണികഴിപ്പിച്ച്, പ്രധാനമന്ത്രി അശോകസ്തംഭം അനാവരണം ചെയ്ത പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിതന്നെ ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് സംഭാവനകളൊന്നും ചെയ്യാത്ത,ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി സവർക്കറുടെ ജന്മദിനത്തിലാണ്.
പല വഴികളിലൂടെ ഒരു രാജ്യം പ്രധാനമന്ത്രിക്കുവേണ്ടി ചലിക്കുകയും ഹിന്ദുത്വത്തിന്റെ ആഘോഷങ്ങൾ ഇന്ത്യയുടെ ആഘോഷമായി മാറുകയും ചെയ്യുന്നത് കഴിഞ്ഞ എട്ടുവർഷത്തിനിടയിലെ പതിവുകാഴ്ചയാണ്.
പാർലമെന്റെന്നാൽ അത് രണ്ടുസഭകളും രാജ്യത്തിന്റെ രാഷ്ട്രപതിയും ഉൾപ്പെടുന്നതാണെന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്. ഭരണഘടനയുടെ 86ാം വകുപ്പ് പ്രകാരം രാഷ്ട്രപതിക്ക് പാർലമെന്റിന്റെ സഭകളെ പ്രത്യേകമായോ ഇരുസഭകളെയും ഒന്നിച്ചോ അഭിസംബോധന ചെയ്യാം. ഓരോ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷവും ഓരോ വർഷവും പാർലമെന്റിന്റെ സമ്മേളനങ്ങൾ തുടങ്ങുന്നത് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്താണ്. പാർലമെന്റ് പാസാക്കിയ ഏതു ബില്ലും നിയമമാകണമെങ്കിൽ രാഷ്ട്രപതി അംഗീകരിച്ചിരിക്കണം. അതായത്, പ്രസിഡന്റും പാർലമെന്റും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന വിപുല വ്യവസ്ഥകളാൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭരണഘടനാ നിർവചനത്തിന്റെ ഭാഗമല്ലാത്ത പ്രധാനമന്ത്രിക്ക് എങ്ങനെയാണ് രാഷ്ട്രപതിയെ മാറ്റിനിർത്തി പാർലമെന്റ് ഉദ്ഘാടനം ചെയ്യാൻ കഴിയുക.
രാജ്യത്തിന്റെയും റിപ്പബ്ലിക്കിന്റെയും തലവനാണ് രാഷ്ട്രപതി. പ്രധാനമന്ത്രിയാകട്ടെ എക്‌സിക്യൂട്ടീവുകളുടെ തലവൻ മാത്രമാണ്. പ്രധാനമന്ത്രിയുടെ സ്ഥാനത്തെ മറികടക്കുന്ന ഉന്നതസ്ഥാനമാണ് രാഷ്ട്രപതി വഹിക്കുന്നത്. ഭരണഘടനയെ നിലനിർത്താനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം ഉറപ്പാക്കിയാണ് രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്നത്. രാഷ്ട്രപതിഭവൻ പ്രധാനമന്ത്രിയിൽനിന്ന് വ്യത്യസ്തമായി രാഷ്ട്രീയത്തിനും എല്ലാ പക്ഷപാതങ്ങൾക്കും പരിഗണനകൾക്കും അതീതമാണ്. ഈ സാഹചര്യത്തിൽ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ലോക്‌സഭാ സെക്രട്ടേറിയറ്റ് ക്ഷണിക്കേണ്ടിയിരുന്നത് രാഷ്ട്രപതി ദ്രൗപതി മുർമുവിനെയായിരുന്നു.
1970ൽ പഴയ പാർലമെന്റ് മന്ദിരത്തോട് ചേർന്ന് നിർമിച്ച അധിക കെട്ടിടം നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോൾ അതിന്റെ ശിലാസ്ഥാപനം നടത്തിയത് 1970 ഒാഗസ്റ്റ് മൂന്നിന് അന്നത്തെ രാഷ്ട്രപതി വി.വി ഗിരിയാണ്. 1975 ഒക്ടോബർ 24ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അത് ഉദ്ഘാടനം ചെയ്തു.
നിർമാണത്തിന്റെ പൂർണ കുത്തക രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഏറ്റെടുത്തില്ലെന്നത് ശ്രദ്ധേയമാണ്. 2002ൽ പാർലമെന്റിന്റെ പുതിയ ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ രാഷ്ട്രപതി കെ.ആർ നാരായണനാണ്. പ്രധാനമന്ത്രി വാജ്‌പേയി അത് ഏറ്റെടുത്തില്ല.
ഭരണഘടന-ജനാധിപത്യ സ്ഥാപനങ്ങളോടും മൂല്യങ്ങളോടുമുള്ള ബഹുമാനത്തിനപ്പുറം പ്രധാനമന്ത്രിയുടെ ഇമേജ് നിർമാണയത്‌നമാണ് ഏതൊരു ചുവടുവയ്പ്പിലും മോദി സർക്കാർ പുറത്തെടുത്തിട്ടുള്ളത്. ഒപ്പംനിൽക്കുന്നവർ, നേതാവിന്റെ ഇമേജും അജൻഡയും സംരക്ഷിക്കേണ്ടവരാണ്. രാഷ്ട്രപതിയും അതിൽനിന്ന് മുക്തമല്ലെന്നാണ് ഈ സർക്കാർ നമ്മോട് പറയുന്നത്. രാഷ്ട്രപതിഭവനെ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കീഴിൽ നിർത്തുന്നത് ആദ്യ സംഭവമല്ല. 2019 ഫെബ്രുവരിയിൽ ഡൽഹിയിൽ ദേശീയ യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് പ്രതിരോധ സേനകളുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ രാഷ്ട്രപതിയായിരുന്നു. എന്നാൽ ഉദ്ഘാടനം ചെയ്തത് മോദിയാണെന്ന് മാത്രമല്ല, ചടങ്ങിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പങ്കെടുപ്പിക്കുക കൂടിയുണ്ടായില്ല. ഭരണഘടനയുടെ 53ാം വകുപ്പ് പ്രകാരം സൈന്യം രാഷ്ട്രപതിയുടെ കീഴിലാണ്. രാഷ്ട്രപതിഭവനിൽ നടത്തുന്ന ചടങ്ങുകളിൽ പ്രതിരോധ ഉദ്യോഗസ്ഥർക്ക് മെഡലുകളും യുദ്ധബഹുമതികളും നൽകുന്നത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ്. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിലൂടെയുള്ള മാർച്ച് പാസ്റ്റിൽ സൈന്യത്തിന്റെ സല്യൂട്ട് സ്വീകരിക്കുന്നതും സൈനിക മികവിന് പ്രതിരോധ ഉദ്യോഗസ്ഥർക്ക് പരമവീര ചക്ര, അശോക് ചക്ര തുടങ്ങിയ യുദ്ധബഹുമതികൾ നൽകുന്നതും രാഷ്ട്രപതിയാണ്. എന്നിട്ടും പ്രതിരോധ സേനയുടെ സേവനത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ പാരമ്പര്യം ആഘോഷിക്കുന്നതിനു സ്ഥാപിച്ച ദേശീയ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കി.
1937ൽ കൊൽക്കത്തയിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന മോഡേൺ റിവ്യുവിൽ ചാണക്യനെന്ന തൂലികാ നാമത്തിൽ ജവഹർലാൽ നെഹ്‌റു സ്വയം വിമർശിച്ചെഴുതിയ എഴുതിയ ലേഖനം നരേന്ദ്രമോദി ഒരിക്കലെങ്കിലും വായിക്കണം. നമുക്കിനിയും സീസർമാരെ വേണ്ടെന്ന പേരിൽ ആ ലേഖനം പലപ്പോഴായി പുനഃപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നെഹ്‌റുവിനെ സൂക്ഷിക്കണം, അവനിൽ ഒരു സ്വേച്ഛാധിപതിയുടെ എല്ലാ രൂപങ്ങളും അടങ്ങിയിട്ടുണ്ടെന്നായിരുന്നു നെഹ്‌റുതന്നെ എഴുതിയത്. അയാൾ രണ്ടുവട്ടം കോൺഗ്രസിന്റെ പ്രസിഡന്റായി കഴിഞ്ഞെന്നും മൂന്നാമതും അയാൾ കോൺഗ്രസിന്റെ അധ്യക്ഷനാവുന്നത് ഇന്ത്യയ്ക്ക് താങ്ങാനാവില്ലെന്ന് നെഹ്‌റു എഴുതി. പത്തുവർഷത്തിനുശേഷം ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി. ഇന്ത്യയുടെ ആദ്യകാലങ്ങളിൽ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാൻ നെഹ്‌റുവിന് മുന്നിൽ എല്ലാ വഴികളുമുണ്ടാരുന്നു.
എന്നാൽ, ലിബറൽ, ഡെമോക്രാറ്റിക് സ്വഭാവത്തെക്കുറിച്ചുള്ള നെഹ്‌റുവിന്റെതന്നെ ഭയവും സംശയങ്ങളും അടിസ്ഥാനരഹിതമായിരുന്നു. സ്വന്തം പോരായ്മകളെക്കുറിച്ച് ചിന്തിക്കാനുള്ള കഴിവ് ആ മനുഷ്യനെ അത്തരമൊരു നീക്കത്തിൽനിന്ന് തടഞ്ഞു. ജിജ്ഞാസ, പാണ്ഡിത്യം, മാന്യത, വൈവിധ്യം ഇവയായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തിന്റെ അടിത്തട്ട്. മോദിയെ നെഹ്‌റുവായി കാണുക അസാധ്യമാണ്. എങ്കിലും രാജ്യത്തിന്റെ ജനാധിപത്യത്തിൽ ഇത്തരം പ്രവണതകൾക്ക് സ്ഥാനമില്ലെന്ന് നരേന്ദ്രമോദി തിരിച്ചറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."