അഫ്ഗാനിസ്ഥാനിലെ തോറ്റ യുദ്ധം
കെ.എ സലിം
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധത്തിനുശേഷം യു.എസ് സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുന്നു. മെയ് ഒന്നു മുതല്‍ പിന്മാറ്റം തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ 11 ഓടെ അവസാന അമേരിക്കന്‍ സൈനികനും അഫ്ഗാനിസ്ഥാന്‍ വിടുമെന്നാണ് പ്രഖ്യാപനം. എന്നാല്‍, പിന്മാറ്റം അതിനു മുന്‍പുതന്നെ പൂര്‍ത്തിയാക്കിയേക്കും. 20 വര്‍ഷം യുദ്ധം ചെയ്തിട്ടും അഫ്ഗാനിസ്ഥാനിലെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ട അമേരിക്ക ദോഹ ചര്‍ച്ചയുടെ ചുവടുപിടിച്ചാണ് പിന്മാറ്റം നടത്തുന്നത്. താലിബാനുമായി അമേരിക്ക നടത്തേണ്ടിയിരുന്ന തുടര്‍ചര്‍ച്ചകള്‍ കുറച്ചുനാളായി നടന്നിട്ടില്ല. എങ്കിലും കരാര്‍ പൂര്‍ത്തിയായിട്ടുണ്ട്. അല്‍ഖാഇദ പോലുള്ള സംഘടനകള്‍ക്ക് അഫ്ഗാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കാനും മറ്റു രാജ്യങ്ങളെ അക്രമിക്കാനും സൗകര്യമൊരുക്കില്ലെന്നതാണ് ഇതിലെ വ്യവസ്ഥകളിലൊന്ന്. ഈ വഗ്ദാനം യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ താലിബാന്‍ മുന്നോട്ടുവച്ചതാണ്. താലിബാന്‍ ആത്മീയ നേതാവ് മുല്ലാ ഉമറിനെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചാല്‍ മാത്രം മതിയെന്നും അമേരിക്കന്‍ സൈന്യത്തിന് കീഴടങ്ങാമെന്നും താലിബാന്‍ വക്താവും പാകിസ്താനിലെ അഫ്ഗാന്‍ അംബാസഡറുമായിരുന്ന മുല്ലാ അബ്ദുസ്സലാം സഈഫ് മുന്നോട്ട് വച്ചതാണ്. എന്നാല്‍ താലിബാനെ അഫ്ഗാനിസ്ഥാന്റെ മുക്കുമൂലകളില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കുമെന്ന ധാര്‍ഷ്ട്യമായിരുന്നു അമേരിക്കയുടെ മറുപടി. അത് സാധ്യമായ കാര്യമായിരുന്നില്ല. പിന്നാലെ 20 കൊല്ലം നീണ്ട യുദ്ധം അമേരിക്കയെ താലിബാനൊപ്പം ഒരു ടേബിളിന് ചുറ്റുമിരുന്ന് ചര്‍ച്ച നടത്താന്‍ മാത്രം വിനയമുള്ളവരാക്കി.
സമീപകാലത്തായി അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ മുന്നേറ്റം സജീവമായിട്ടുണ്ട്. മെയ് ഒന്നിനുശേഷം നാലു വ്യത്യസ്ത മേഖലയില്‍ നിന്നായി എട്ടു ജില്ലകള്‍ താലിബാന്‍ പിടിച്ചു. തലസ്ഥാനമായ കാബൂള്‍, കാണ്ഡഹാര്‍, ഹെല്‍മന്ദ് അടക്കമുള്ള ആറു പ്രവിശ്യകള്‍ ഏതു നിമിഷവും പിടിച്ചേക്കുമെന്ന സ്ഥിതിയാണുള്ളത്. അഫ്ഗാനിസ്ഥാനിലെ 398 ജില്ലകളില്‍ 22 ശതമാനം താലിബാന്റെയും 24 ശതമാനം അഫ്ഗാന്‍ സര്‍ക്കാരിന്റെയും കൈവശമാണ്. രാജ്യത്തിന്റെ പകുതിയിലധികം പ്രദേശങ്ങളില്‍ ആര്‍ക്കാണ് നിയന്ത്രണമെന്ന് വ്യക്തതയില്ലാത്ത വിധം പോരാട്ടത്തിലാണ്. രണ്ടു വന്‍ശക്തികള്‍ അഫ്ഗാനെ കീഴടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെന്ന ചരിത്രം തങ്ങള്‍ക്കും ബാധകമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മടിച്ചതാണ് അമേരിക്കയുടെ ആദ്യത്തെ പിഴവ്. അഫ്ഗാനിസ്ഥാന് ആരുടെയും മുന്നില്‍ കീഴടങ്ങിയ ചരിത്രമില്ല. 1839ല്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കാന്‍ സൈന്യത്തെ അയച്ച ബ്രിട്ടിഷുകാരാണ് ഈ യാഥാര്‍ഥ്യം ആദ്യം മനസിലാക്കിയത്. ശക്തമായ പോരാട്ടത്തിനുശേഷം 1842ല്‍ അവിടെനിന്ന് പിന്മാറുമ്പോഴേക്കും 4500ലധികം വരുന്ന ബ്രിട്ടിഷ് - ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ടത് സൈന്യത്തില്‍ അസിസ്റ്റന്റ് സര്‍ജനായി ജോലി ചെയ്തിരുന്ന വില്യം ബ്രൈഡന്‍ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തു.
ബ്രൈഡന്റെ തലക്കേറ്റ വെട്ട് തലച്ചോറ് ചിതറുന്ന ആഴത്തിലെത്താതെ തടഞ്ഞത് തണുപ്പിനെ നേരിടാന്‍ തൊപ്പിക്കുള്ളില്‍ ചുരുട്ടിവച്ചിരുന്ന ബ്ലാക്ക്‌വുഡ് മാഗസിനാണ്. മുറിവേറ്റതലയുമായി കുതിരപ്പുറത്ത് ബ്രൈഡന്‍ ഒറ്റക്ക് ഒരുവിധം ജലാലാബാദിലെത്തുകയായിരുന്നു. ഇത് സംബന്ധിച്ച എലിസബത്ത് തോംസന്റെ പെയിന്റിങ് വളരെ പ്രസിദ്ധമാണ്. 1979ല്‍ അഫ്ഗാന്‍ കമ്യൂണിസ്റ്റുകളുടെ സഹായത്തോടെ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചതായിരുന്നു മറ്റൊന്ന്. യു.എസും സഊദിയും പാകിസ്താനും പരിശീലിപ്പിച്ച മുജാഹിദുകള്‍ നടത്തിയ പോരാട്ടത്തിനൊടുവില്‍ 10 വര്‍ഷത്തിന് ശേഷം സോവിയറ്റ് യൂണിയന് പിന്മാറേണ്ടി വന്നു. പിന്നാലെ അധികാരത്തിന് വേണ്ടി പോരടിച്ച അഫ്ഗാന്‍ യുദ്ധപ്രഭുക്കള്‍ സാധാരണ ജീവിതം അസാധ്യമാക്കിയപ്പോഴാണ് പാകിസ്താനില്‍നിന്ന് വിദ്യാഭ്യാസം നേടിവന്ന യുവാക്കള്‍ നേതൃത്വം നല്‍കുന്ന താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതും താല്‍ക്കാലികമായെങ്കിലും സുസ്ഥിര സര്‍ക്കാര്‍ സ്ഥാപിക്കുന്നതും. സ്വന്തമായി യുദ്ധവിമാനങ്ങളോ ടാങ്കുകളോ ഇല്ലാത്ത താലിബാന്‍ കാര്യമായി ചോരയൊഴുക്കാതെയാണ് അഫ്ഗാന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്തത്. രണ്ടാമത് ഉസാമ ബിന്‍ലാദന്‍ കൊല്ലപ്പെടുന്നതിന് മുന്‍പും ശേഷവും അമേരിക്കക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് നാണം കെടാതെ പിന്‍വാങ്ങാന്‍ അവസരമുണ്ടായിരുന്നു. അതുപയോഗിച്ചില്ലെന്ന് മാത്രമല്ല അവിടെ സൈന്യത്തെ നിലനിര്‍ത്തി ഇറാഖില്‍ക്കൂടി ആക്രമണം നടത്തുകയായിരുന്നു അമേരിക്ക.
തദ്ദേശീയരുടെ ഏറ്റവും ശക്തമായ സംവിധാനമായ താലിബാന്‍ സൈനികമായി നീക്കം ചെയ്യാവുന്നതാണെന്ന അമേരിക്കയുടെ കണക്കു കൂട്ടല്‍ തെറ്റായിരുന്നു. 2001ല്‍ താലിബാന്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം സൈനികമായി കൂടുതല്‍ ശക്തമായിട്ടുണ്ട്. യുദ്ധം വാണിജ്യമായിക്കണ്ട അഫ്ഗാന്‍ യുദ്ധപ്രഭുക്കള്‍ അമേരിക്കന്‍ അധിനിവേശത്തെയും മറ്റൊരു കച്ചവടമായാണ് കണ്ടിരുന്നത്. താലിബാനെ നീക്കി അമേരിക്ക കൊണ്ടുവന്ന ഹാമിദ് കര്‍സായി സര്‍ക്കാര്‍ അഴിമതിക്കാരുടെ കൂടാരമായിരുന്നു. അമേരിക്കയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ അഫ്ഗാന്‍ പുനരുദ്ധാരണത്തിനായി നല്‍കുന്ന പണം സര്‍ക്കാരിലെ ഉന്നതര്‍ കൈക്കലാക്കി. കാബൂള്‍ ബാങ്കിന് വിദേശരാജ്യങ്ങള്‍ നല്‍കിയ 820 ദശലക്ഷം ഡോളര്‍ പാവപ്പെട്ടവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് ജനങ്ങള്‍ക്ക് തിരിച്ചടവ് വേണ്ടാത്ത ലോണായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ 22 ദശലക്ഷവും നേടിയത് മേരിലാന്റില്‍ റസ്റ്റോറന്റ് നടത്തിയിരുന്ന കര്‍സായിയുടെ സഹോദരന്‍ മഹ്മൂദ് കര്‍സായി തന്നെയായിരുന്നു. ഈ പണമുപയോഗിച്ച് ഇതേ ബാങ്കിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയ മഹ്മൂദ് കര്‍സായി രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ നിക്ഷേപകനാവുകയും ചെയ്തു. 2004 ഓടെയാണ് അഫ്ഗാനിസ്ഥാനിലേക്ക് വന്‍തോതില്‍ പണമൊഴുക്ക് തുടങ്ങുന്നത്. ഈ പണത്തിന്റെ വലിയൊരു പങ്കും യുദ്ധപ്രഭുക്കന്‍മാരുടെ ദുബൈയിലെ വില്ലകളായും സ്വസ്ബാങ്കിലെ അക്കൗണ്ടുകളായും രൂപംകൊണ്ടു. സി.ഐ.എയുമായി നേരിട്ടു ബന്ധമുളള സര്‍ക്കാരിലെ പ്രധാനി മുഹമ്മദ് സിയാ സലാഹി അഴിമതിക്കേസില്‍ അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തെ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത് കര്‍സായി നേരിട്ടാണ്. ഒരു അഴിമതിക്കേസ് തീര്‍പ്പാക്കാന്‍ സലാഹി മറ്റൊരു ഉദ്യോഗസ്ഥനില്‍ നിന്ന് കൈക്കൂലി വാങ്ങുകയായിരുന്നു.
കര്‍സായിയുടെ അടുത്ത സഹായി നൂറുല്ല ദല്‍വാരി അഴിമതിക്കേസില്‍ അറസ്റ്റിലായി രണ്ടു മണിക്കൂറിനകം ജയില്‍മോചിതനായതും കര്‍സായിയുടെ ഉത്തരവ് മൂലമായിരുന്നു. താലിബാന്റെ ശേഷി കണക്കാക്കുന്നതില്‍ തങ്ങള്‍ പരാജയമായിരുന്നുവെന്ന് അമേരിക്ക ഇപ്പോള്‍ സമ്മതിക്കുന്നു. താലിബാന്റെ തകര്‍ച്ച സംബന്ധിച്ച അമേരിക്കയുടെ അവകാശവാദങ്ങളെല്ലാം കള്ളമായിരുന്നു. താലിബാന്‍ നേതാക്കളെന്നവകാശപ്പെട്ട് അമേരിക്ക കൊലപ്പെടുത്തുകയോ പിടികൂടുകയോ ചെയ്തവരില്‍ 90 ശതമാനവും സാധാരണക്കാരായിരുന്നുവെന്ന് അമേരിക്കന്‍ സൈനിക റിപ്പോര്‍ട്ടിലുണ്ട്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ ഡേവിഡ് പീറ്ററസ് പറയുന്ന കണക്ക് പ്രകാരം 1,031 താലിബാന്‍ നേതാക്കളെ കൊലപ്പെടുത്തുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ 365 പേര്‍ മധ്യ, ഉയര്‍ന്ന റാങ്കിലുള്ളവരായിരുന്നുവെന്നും അമേരിക്ക അവകാശപ്പെടുന്നു. എന്നാല്‍ താലിബാന്‍ നേതാക്കളെന്ന് സംശയിച്ച് പിടികൂടിയ 80 ശതമാനം പേരെയും സാധാരണക്കാരെന്ന് കണ്ടെത്തി വൈകാതെ വിട്ടയച്ചുവെന്ന് സൈനിക റിപ്പോര്‍ട്ട് പറയുന്നു.
അമേരിക്കയുടെ പിന്മാറ്റം നിര്‍ണായകമാവുക അയല്‍രാജ്യങ്ങളായ പാകിസ്താനും ഇന്ത്യക്കുമാണ്. പാകിസ്താനും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധമാകട്ടെ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഊട്ടിയുറപ്പിക്കപ്പെട്ടതുമാണ്. താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ചര്‍ച്ച നടത്തിവരികയും ചെയ്യുന്നുണ്ട്. അമേരിക്ക പിന്‍വാങ്ങിയാലും അഫ്ഗാനില്‍ യുദ്ധം അവസാനിക്കില്ലെന്നുറപ്പാണ്. പരിശീലനം ലഭിച്ച രണ്ടുലക്ഷത്തിലധികം സൈനികര്‍ ഇപ്പോഴും അഷ്‌റഫ് ഗനി സര്‍ക്കാരിനുണ്ട്. ജനസാന്ദ്രതയുള്ള ജില്ലകള്‍ ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. അധികാര കൈമാറ്റം സൈനിക നീക്കത്തിലൂടെയാണ് നടക്കുന്നതെങ്കില്‍ ശക്തമായ യുദ്ധം അഫ്ഗാനിസ്ഥാനിലുണ്ടാകും. ഒരു രാഷ്ട്രീയ പരിഹാരത്തിന് ഇരുവിഭാഗവും മുതിര്‍ന്നാല്‍ അതായിരിക്കും അഫ്ഗാന്‍ ജനതയുടെ ഭാവിക്ക് ഗുണകരമാവുക. അതിന് മുന്‍കൈയെടുക്കേണ്ട ബാധ്യത അമേരിക്കക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."