സ്റ്റാന്‍ സ്വാമിയിൽ നിന്ന് ദ്രൗപദി മുര്‍മുവിലേക്കുള്ള ദൂരം
സഹല്‍ അബ്ദുല്ല വെണ്ണക്കോട്
ജൂലൈ 24ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി കഴിയുന്നതോടെ 16ാംമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കാണ് അധികാരത്തില്‍ മുന്‍ഗണനയെങ്കിലും പ്രഥമ പൗരനും പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളില്‍ ഒപ്പ് വയ്ക്കേണ്ട വ്യക്തിയെന്ന നിലയിലും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മുഖമെന്ന നിലയിലും രാഷ്ട്രപതി സ്ഥാനം അത്ര നിസാരമല്ല.
2024ല്‍ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയെന്നോണം രാഷ്ട്രം ഉറ്റുനോക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്ന് യശ്വന്ത് സിന്‍ഹയെന്ന പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ഭരണകക്ഷിയായ എന്‍.ഡി.എ പട്ടിക വിഭാഗ ആദിവാസി വിഭാഗത്തില്‍പ്പെട്ട ദ്രൗപദി മുര്‍മുവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതിപക്ഷത്തിനിടയില്‍ കൈവന്ന ഐക്യത്തിനോളമോ അതിലേറെയോ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് എന്‍.ഡി.എ മുന്നോട്ട് വച്ച ആദിവാസി വനിതയുടെ സ്ഥാനാര്‍ഥിത്വം. ഒരു ആദിവാസി വനിത സ്ഥാനാർഥിയാക്കിയത് എന്‍.ഡി.എയുടെ ആദിവാസി സ്‌നേഹം കൊണ്ടാണെന്നുള്ളത് തെറ്റിദ്ധാരണമാത്രമാണ്. സംഘ്പരിവാര്‍ 'വനവാസി' കളെന്ന് വിശേഷിപ്പിക്കുന്ന ആദിവാസികളോട് മുമ്പ് സ്വീകരിച്ച അവരുടെ നിലപാടുകള്‍ മാത്രം പരിശോധിച്ചാൽ മതി ഈ കപട സ്‌നേഹത്തിന്റെ മറ നീങ്ങാൻ.
ആദിവാസികള്‍ക്ക് വേണ്ടി ശബ്ദിച്ചുവെന്ന ഒറ്റക്കാരണത്താലാണ് സ്റ്റാന്‍ സ്വാമിയെ സംഘ്പരിവാര്‍ ഭരണകൂടം തടവറയിലിട്ടത്. കോര്‍പറേറ്റ് കുത്തകകൾ പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ ആദിവാസി മേഖലകളിലേക്ക് അധിനിവേശം നടത്തുകയും ആദിവാസി വിഭാഗങ്ങൾ തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യം ഉടലെടുത്തപ്പോഴാണ് അവരുടെ നിലനിൽപ്പിനുവേണ്ടി സ്റ്റാന്‍ സ്വാമി ശബ്ദമുയര്‍ത്തിയത്. ഇതാണ് അദ്ദേഹത്തെ സംഘ്പരിവാർ ഭരണകൂടം തടവറയിലാക്കാനുണ്ടായ പ്രധാന കാരണം.
1937 ഏപ്രില്‍ 26ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജനിച്ച സ്റ്റാന്‍ സ്വാമി മതപഠനത്തിന്റെ ഭാഗമായി ബിഹാറില്‍ പരിശീലനത്തിനു എത്തിയപ്പോഴാണ് ആദിവാസികളുടെ ജീവിതയാതനകൾ നേരിട്ടറിയുന്നത്. 'ജീവനോപാധികള്‍ കൈയേറപ്പെടുന്നതിനെതിരെ തദ്ദേശീയ ജനത നടത്തുന്ന ചെറുത്തുനില്‍പ്പുകള്‍' എന്ന വിഷയത്തില്‍ ഫിലിപ്പീന്‍സില്‍ ഗവേഷണം നടത്തിയ സ്റ്റാന്‍ സ്വാമി ജസ്യൂട്ട് സഭയുടെ കീഴില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയരക്ടറായി 1975 മുതല്‍ 1986 വരെ പ്രവര്‍ത്തിക്കുയയും മധ്യേന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ തിരിച്ചെത്തി ഝാര്‍ഖണ്ഡിലെ ആദിവാസി മേഖല തന്റെ കര്‍മ്മഭൂമിയാക്കി തിരഞ്ഞെടുക്കുകയും തൊണ്ണൂറുകളില്‍ വന്‍കിട പദ്ധതികള്‍ക്കുവേണ്ടി ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ ശക്തമായി നിലകൊള്ളുകയും ചെയ്തു. 'വനഭൂമി ആദിവാസികളുടേതാണ് ' എന്ന് പ്രഖ്യാപിച്ചതോടുകൂടിയാണ് സംഘ്പരിവാര്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായി സ്റ്റാന്‍ സ്വാമി മാറുന്നത്. അങ്ങനെയാണ് തങ്ങളെ എതിര്‍ക്കുന്നവരുടെയെല്ലാം വായ മൂടിക്കെട്ടാനുള്ള ഭരണകൂടത്തിന്റെ ആയുധം 'മാവോവാദി പട്ടം' സ്റ്റാന്‍ സ്വാമിക്കും ലഭിക്കുന്നത്. ശേഷം ഭീമ കൊറേഗാവില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാത്ത സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസില്‍ 2020 ഒക്ടോബറില്‍ അറസ്റ്റ് ചെയ്യുന്നത്.
'എട്ട് മാസങ്ങള്‍ക്ക് മുമ്പ് ജയിലെത്തുമ്പോള്‍ എന്റെ ശരീരം സാധാരണ നിലയിലായിരുന്നു. എന്നാല്‍ ഇന്നെനിക്ക് നടക്കാനോ സ്വന്തമായി കുളിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. എന്റെ രണ്ട് ചെവിയുടെയും കേള്‍വി ശക്തി ഏതാണ്ട് നഷ്ടമായ സ്ഥിതിയിലാണ്. ജയിലിലെ ചികിത്സയെക്കാള്‍ ഭേദം മരണമാണ്. ഞാന്‍ പ്രവര്‍ത്തിച്ച നാട്ടില്‍ റാഞ്ചിയില്‍ എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ വച്ച് എനിക്ക് മരിക്കണം. എനിക്ക് ജാമ്യം തരൂ.' ഭരണകൂടത്തിന് മുമ്പില്‍ 84 വയസ് പിന്നിട്ട ഒരു തെളിവ് കൊണ്ടും കുറ്റം സ്ഥിരീകരിക്കപ്പെടാത്ത ഒരു വയോധികൻ യാചിച്ച വാക്കുകളാണിത്.
എങ്കില്‍ ജാമ്യം പോയിട്ട് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് കൈ വിറക്കുന്നത് കൊണ്ട് വെള്ളം കുടിക്കാന്‍ കഴിയാത്തത് മൂലം ഒരു സ്‌ട്രോ ആവശ്യപ്പെട്ടിട്ട് അതു നല്‍കാന്‍ പോലും കോടതി തയാറായില്ല. ഭരണകൂടത്തിന്റെ ആദിവാസികളോടുള്ള യഥാര്‍ഥ നിലപാട് ഇതായിരിക്കെ ആദിവാസി വനിതയെ പ്രഥമ പൗരയാക്കി ഉയര്‍ത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്‍പ്പരം മറ്റൊന്നുമില്ല. 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് പോലെ അത്ര സുഖകരമായിരിക്കില്ല 2022ലെ തെരഞ്ഞെടുപ്പെന്ന കൃത്യമായ ബോധ്യത്തില്‍ നിന്നാണ് ഇത്തരം ആയുധം സംഘ്പരിവാര്‍ പുറത്തെടുക്കുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മൊത്തം പോളിങ്ങിന്റെ 50 ശതമാനം വേണമെന്നിരിക്കെ നിലവിൽ എന്‍.ഡി.എക്ക് സ്വയം അത്ര നേടാനുള്ള ശേഷിയില്ല. 2017ല്‍ 22 സംസ്ഥാനങ്ങളില്‍ ഭരണം ഉണ്ടായിരുന്ന എന്‍. ഡി.എ.ക്ക് ഇപ്പോള്‍ 17 സംസ്ഥാനങ്ങളില്‍ മാത്രമാണുള്ളത്. അതേസമയം, പ്രതിപക്ഷ ഐക്യം സാധ്യമാകുകയും സമ്മതനായ ഒരു സ്ഥാനാര്‍ഥിക്ക് പ്രതിപക്ഷകക്ഷികള്‍ വോട്ട് ചെയ്യുകയും ചെയ്താല്‍ എന്‍.ഡി.എക്ക് രാഷ്ട്രപതി സ്ഥാനം നഷ്ടമാവും. പ്രതിപക്ഷ ഐക്യത്തിന് വേണ്ടി മാസങ്ങള്‍ക്ക് മുമ്പ് തന്നെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു മറ്റു പ്രതിപക്ഷ കക്ഷികളായ സ്റ്റാലിന്‍, നവീന്‍ പഡ്‌നായിക്, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവരെ കാണുകയും ശേഷം മമത ബാനര്‍ജി 17 പ്രതിപക്ഷ കക്ഷികളെയും ഒരുമിച്ചിരുത്തുകയും പ്രതിപക്ഷത്തിന് പൊതുസ്ഥാനാര്‍ഥി എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയും ശരത് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന രണ്ടാം മീറ്റിങ്ങിന് ശേഷം യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തത് എന്‍.ഡി.എയുടെ ഉറക്കം കെടുത്തുന്നുണ്ടാവും.
ഇനി വിജയിക്കണമെങ്കില്‍ മുമ്പിലുള്ള ഒരേയൊരു വഴി പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിക്കുക എന്നുള്ളതാണ്. സംഘ്പരിവാരിന്റെ ഹിന്ദുത്വ വര്‍ഗീയ അജണ്ടകള്‍ക്കെതിരേ നിലകൊള്ളുന്ന പ്രാദേശിക പാര്‍ട്ടികളെ തങ്ങളോടൊപ്പം നിര്‍ത്തണമെങ്കില്‍ അവര്‍ക്ക് കൂടി പ്രാപ്യമായ വിശേഷണങ്ങള്‍ക്കൊത്ത് വേണം സ്ഥാനാര്‍ഥിയെ നിയമിക്കാന്‍. ഒരു ആദിവാസി വനിതയെ നിയമിക്കുന്നതിലൂടെ രാജ്യത്തെ മുഴുവന്‍ വിഭാഗവും അധികാരത്തില്‍ ഉണ്ടാവണമെന്ന ആശയം മുന്നോട്ട് വയ്ക്കുന്ന സ്വത്വത്തിലധിഷ്ഠിതമായ പാര്‍ട്ടികള്‍ക്ക് ഇവരെ അംഗീകരിച്ചേ മതിയാവുകയുള്ളൂ. പ്രതിപക്ഷ സഖ്യത്തില്‍ പങ്ക് ചേരുകയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമ്മതം അറിയിക്കുകയും ചെയ്തിരുന്ന, ഝാര്‍ഖണ്ഡിലെ ആദിവാസി സമുദായത്തിന്റെ വോട്ടുകള്‍ കൊണ്ട് മാത്രം ജയിച്ചു വന്ന ജെ.എം.എമ്മിന്റെ ആദിവാസി വനിതയെ എതിര്‍ത്താല്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി അവതാളത്തിലാവുമെന്ന ബോധ്യത്തെയും കുറുമി നേതാവായ നിതീഷ് കുമാറിന് ബീഹാറി ബ്രാഹ്മണനായ യശ്വന്ത് സിന്‍ഹയെ അംഗീകരിക്കുന്നതിനേക്കാള്‍ രാഷ്ട്രീയഗുണം ലഭിക്കുക ഒരു ആദിവാസിയെ പിന്തുണക്കുന്നതിനാണ് എന്ന സത്യത്തെയും മുതലെടുക്കുകയായിരുന്നു എന്‍.ഡി.എ. വോട്ടെടുപ്പില്‍ മൂന്ന് ശതമാനം വോട്ടുകളുള്ള ബിജു ജനദാതളിനെയും നാല് ശതമാനം വോട്ടുകളുള്ള വൈ.എസ്.ആർ കോണ്‍ഗ്രസിനെയും ആദ്യഘട്ടത്തില്‍ തന്നെ എന്‍.ഡി.എക്ക് ഒപ്പം നിര്‍ത്താനായി. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 12 ശതമാനത്തോളം വരുന്ന ആദിവാസി വോട്ടുകള്‍ നേടുക എന്നതും അന്താരാഷ്ട്ര തലത്തില്‍ ഒരു ആദിവാസി വനിതയെ തങ്ങളുടെ തലപ്പത്ത് നിര്‍ത്തി എന്ന ഖ്യാതി നേടുകയും ഇതിന് പിന്നിലുള്ള ലക്ഷ്യങ്ങളാവാം.
ഈ ഒരു സ്ഥാനാര്‍ഥിത്വത്തിലൂടെ ആദിവാസികള്‍ക്കെതിരേ നടക്കുന്ന വിവേചനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യമാവും എന്ന് വിശ്വസിക്കുന്നത് വെറുതെയാണ്. സംഘ്പരിവാറിന്റെ കഴിഞ്ഞുപോയ ഓരോ സ്ഥാനാര്‍ഥി നിര്‍ണയങ്ങളും അത് വ്യക്തമാക്കുന്നുണ്ട്. 2002ല്‍ ഗുജറാത്ത് കലാപത്തിന് തൊട്ട് പിന്നാലെ മുസ് ലിം വിരുദ്ധരായി മുദ്ര കുത്തപ്പെട്ട സമയത്താണ് എ.പി.ജെ അബ്ദുല്‍ കലാമിനെ സംഘ്പരിവാര്‍ സ്ഥാനാര്‍ഥിയാക്കുന്നത്. 2017 ല്‍ രോഹിത് വെമുല പ്രശ്‌നം കൊടുമ്പിരി കൊള്ളുകയും ദലിത് വിരുദ്ധരായി ചിത്രീകരിക്കപ്പെടുകയും ചെയ്തപ്പോഴാണ് ദലിത് നേതാവ് കൂടിയായ രാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കുന്നത്.
പക്ഷെ, അതിന് ശേഷവും മുസ്ലിം വിരുദ്ധ കലാപങ്ങളും നിലപാടുകളും മാഞ്ഞിട്ടില്ല. ദലിത് വിവേചനങ്ങള്‍ക്ക് അന്ത്യം കുറിച്ചിട്ടില്ല. മുസ്ലിം ദലിത് മുന്നണിയെ മുന്നോട്ട് നയിച്ച മഅ്ദനി ഇപ്പോഴും ജയിലിലാണ്. ദലിത് മുന്നേറ്റങ്ങള്‍ സാധ്യമാക്കിയ ജിഗ്‌നേഷ് മെവാനിക്കെതിരേ കേസുകള്‍ വന്നു കൊണ്ടേയിരിക്കുന്നു.
തെറ്റുകള്‍ ചെയ്തു കൊണ്ടേയിരിക്കുകയും ആയിരം തെറ്റുകളെ നന്മയെന്ന് തോന്നിപ്പിക്കുന്ന ഒരു പ്രവര്‍ത്തി കൊണ്ട് മറച്ചു പിടിക്കാമെന്നും വ്യാമോഹിക്കുന്നത് വെറുതെയാണ്. മറവിയുടെ ആഴങ്ങളിലേക്ക് ചരിത്രസത്യങ്ങളെ കുഴിച്ചു മൂടാന്‍ ശ്രമിക്കും തോറും ഓര്‍മ കൊണ്ട് പ്രതിരോധിക്കാന്‍ കപട മുഖങ്ങള്‍ കൊണ്ട് ജനാധിപത്യ സമൂഹത്തെ വിഡ്ഢികളാക്കാന്‍ ശ്രമിക്കും തോറും അതുവലിച്ചു കീറാനും ഇവിടെ ജനാധിപത്യവാദികളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."