കൊവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് മൂന്നാംഘട്ട പരീക്ഷണഫലം
ന്യൂഡല്‍ഹി: ഭാരത് ബയോടെക് തദ്ദേശീയമായി നിര്‍മിച്ച വാക്‌സിനായ കൊവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് മൂന്നാംഘട്ട പരീക്ഷണ ഫലം.
രാജ്യത്തുടനീളം 25,800 പേരിലാണ് കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൊവിഡ് ബാധയുണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാധ്യത 100 ശതമാനവും ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിനു കീഴിലുള്ള സബ്ജക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിക്ക് സമര്‍പ്പിച്ചത്. ഇന്നലെ യോഗം ചേര്‍ന്ന എക്‌സ്‌പേര്‍ട്ട് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കി. എന്നാല്‍, ഇതു സംബന്ധിച്ച വിവരങ്ങള്‍ അന്താരാഷ്ട്ര അംഗീകാരമുള്ള അവലോകന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവിട്ട മൂന്നാംഘട്ട പരീക്ഷണത്തിന്റെ ആദ്യ ഇടക്കാല വിശകലനത്തില്‍ കൊവാക്‌സിന്‍ 81 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. മൂന്നാംഘട്ട പരീക്ഷണ ഫലവും എക്‌സ്‌പേര്‍ട്ട് കമ്മിറ്റി അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാന്‍ ഭാരത് ബയോടെക്കിന് സാധിക്കും. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പുതന്നെ കഴിഞ്ഞ ജനുവരിയില്‍ കൊവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."