യു.എസ് പശ്ചിമേഷ്യയില്‍ നിന്ന് പിന്‍വാങ്ങുന്നു
വാഷിങ്ടണ്‍: സഊദി ഉള്‍പ്പെടെ പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ച യുദ്ധപ്രതിരോധ സംവിധാനങ്ങള്‍ പിന്‍വലിക്കുന്നു. ഇറാനെതിരായ ഏറ്റുമുട്ടല്‍ ഒഴിവാക്കി ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള ഭീഷണികള്‍ ചെറുക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നതാണ് അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദ ഫ്രോണ്ടിയര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ പശ്ചിമേഷ്യന്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനം.
പശ്ചിമേഷ്യയില്‍ വിന്യസിച്ച യു.എസ് സൈനികരെയും പിന്‍വലിക്കും. സഊദിക്കു പുറമെ ഇറാഖ്, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എട്ട് പാട്രിയറ്റ് മിസൈല്‍ പ്രതിരോധ ബാറ്ററികളാണ് പിന്‍വലിക്കുന്നവയില്‍ പ്രധാനം. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് സഊദിയില്‍ സ്ഥാപിച്ച ഥാഡ് മിസൈലുകളും പിന്‍വലിക്കും. സഊദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരേയുണ്ടായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചവയാണിവ. ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനായി നിയോഗിച്ച നൂറുകണക്കിന് സൈനികരെയും അമേരിക്ക തിരിച്ചുവിളിക്കും. അവിടെ വിന്യസിച്ച യുദ്ധവിമാനങ്ങളും പിന്‍വലിക്കും. യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം സംസാരിച്ചിരുന്നതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 ഒക്ടോബറില്‍ ഹൂത്തി ആക്രമണത്തെ തുടര്‍ന്നാണ് സഊദിയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തില്‍ പാട്രിയറ്റ് മിസൈലുകളും ഥാഡ് സംവിധാനവും സൈനികരെയും യു.എസ് വിന്യസിച്ചത്.
അതേസമയം ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സൈനിക താവളങ്ങള്‍ തുടരും. ഇറാഖില്‍ നിന്നും യു.എസ് സൈനിക പിന്‍മാറ്റം അന്തിമഘട്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."