പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ഗുപ്കര്‍ സഖ്യം പങ്കെടുക്കും
ശ്രീനഗര്‍: നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം, നിയമസഭാ തെരഞ്ഞെടുപ്പ് എന്നീ അജന്‍ഡകള്‍ മുന്‍നിര്‍ത്തി വ്യാഴാഴ്ച പ്രധാനമന്ത്രി ഡല്‍ഹിയില്‍ വിളിച്ച കശ്മിര്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പീപ്പിള്‍സ് അലയ്ന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (ഗുപ്കര്‍ സഖ്യം) തീരുമാനം. ശ്രീനഗറില്‍ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടില്‍ച്ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തി, സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി എന്നിവരും തന്നോടൊപ്പം യോഗത്തില്‍ പങ്കെടുക്കുമെന്ന് തീരുമാനം വിശദീകരിച്ച് ഗുപ്കര്‍ സഖ്യം ചെയര്‍മാന്‍ ഫാറൂഖ് അബ്ദുല്ല പറഞ്ഞു. 2019 ഓഗസ്റ്റ് അഞ്ചിന് കശ്മിരിലെ 370-ാം വകുപ്പ് എടുത്തു കളയുകയും കശ്മിരിനെ വിഭജിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത ശേഷം ആദ്യമായാണ് കശ്മിരി രാഷ്ട്രീയ നേതാക്കളുമായി കേന്ദ്രം ചര്‍ച്ച നടത്തുന്നത്.
370ാം വകുപ്പ് പുനഃസ്ഥാപിക്കുക, കശ്മിരിന് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുക എന്നീ ആവശ്യങ്ങള്‍ യോഗത്തില്‍ നേതാക്കള്‍ പ്രധാനമന്ത്രി മുമ്പാകെ ഉന്നയിക്കും. 370ാം വകുപ്പ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായാണ് എടുത്തുകളഞ്ഞതെന്നും അത് പുനഃസ്ഥാപിക്കാതെ കശ്മിരില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയില്ലെന്നും മഹ്ബൂബ മുഫ്തി പറഞ്ഞു. യോഗത്തിന്റെ അജന്‍ഡയെന്തെന്ന് പ്രധാനമന്ത്രി തങ്ങളോട് പറഞ്ഞിട്ടില്ല. എന്നാല്‍ തങ്ങളുടെ അജന്‍ഡ യോഗത്തില്‍ വയ്ക്കുമെന്നും ഗുപ്കര്‍ സഖ്യം വക്താവ് കൂടിയായ തരിഗാമി അറിയിച്ചു. ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മഹ്ബൂബ മുഫ്തി, തരിഗാമി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, താരാ ചന്ദ്, ജി.എ മിര്‍, പീപ്പിള്‍സ് കോണ്‍ഫറന്‍ നേതാക്കളായ സജ്ജാദ് ഗനി ലോണ്‍, മുസഫര്‍ ഹുസൈന്‍ ബേഗ്, അപ്നി പാര്‍ട്ടിയുടെ അല്‍താഫ് ബുഖാരി, ബി.ജെ.പിയുടെ രവീന്ദര്‍ റെയ്‌ന, നിര്‍മല്‍ സിങ്, കവീന്ദര്‍ ഗുപ്ത, നാഷണല്‍ പാന്തര്‍ പാര്‍ട്ടി നേതാവ് പ്രൊഫ. ഭീംസിങ് എന്നിങ്ങനെ 14 നേതാക്കള്‍ക്കാണ് യോഗത്തിലേക്ക് ക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."