സ്വര്‍ണക്കടത്തിന് സുരക്ഷയൊരുക്കിയ 8 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍
വാഹനവുമായി മുങ്ങിയ രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊണ്ടോട്ടി (മലപ്പുറം): രാമനാട്ടുകര വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ച സംഭവം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടെന്ന് ബോധ്യമായ പൊലിസ് മരിച്ചവരുടെ കൂടെ മറ്റു വാഹനങ്ങളിലുണ്ടായിരുന്ന എട്ടുപേരെ അറസ്റ്റ് ചെയ്തു.
പാലക്കാട് നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസല്‍ (24), വല്ലപ്പുഴ കടക്കാശ്ശേരി വളപ്പില്‍ ഷാനിദ് (32), വല്ലപ്പുഴ മലയാരിലില്‍ സുഹൈല്‍ (24), പാലോട് കുലുക്കല്ലൂര്‍ വാലില്ലാത്തൊടി മുസ്തഫ (26), മുളയങ്കാവ് തൃത്താല നടയ്ക്കല്‍ ഫയാസ് (29), വല്ലപ്പുഴ പുത്തന്‍പീടിയേക്കല്‍ ഹസ്സന്‍ (35), മുളയംകാവ് പെരുമ്പറമ്പത്തൊടി സലീം (28), മുളയങ്കാവ് തൃത്താല നടയ്ക്കല്‍ മുബഷിര്‍ (27) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഒരു വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു.
വാഹനാപകടവുമായി ബന്ധപ്പെട്ട് ഫറോക്ക് പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.പി.സി 399 പ്രകാരം കവര്‍ച്ചയ്ക്ക് സന്നാഹമൊരുക്കിയതിനാണ് എട്ടു പേര്‍ക്കെതിരേ കേസെടുത്തത്.
കള്ളക്കടത്ത് സ്വര്‍ണത്തിന് സുരക്ഷയൊരുക്കുന്നതിനാണ് ചെര്‍പ്പളശ്ശേരിയിലെ 15 യുവാക്കള്‍ മൂന്ന് വാഹനങ്ങളിലായി കരിപ്പൂരിലെത്തിയതെന്ന് മലപ്പുറം എസ്.പി എസ്. സുജിത് ദാസ് പറഞ്ഞു.
ഇതില്‍ ഉള്‍പ്പെട്ട ഒരു വാഹനത്തിലെ അഞ്ചു പേരാണ് തിങ്കളാഴ്ച പുലര്‍ച്ച രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ചത്.
എട്ടുപേരും ഒരു വാഹനവും പൊലിസ് പിടികൂടിയെങ്കിലും രണ്ടുപേര്‍ ഒരു വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.
ഇവരെ പിടികൂടുന്നതിന് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി അന്വേഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. വാഹനവുമായി രക്ഷപ്പെട്ടവരെക്കുറിച്ചും പൊലിസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."