രാമനാട്ടുകര അപകടം ; ക്വട്ടേഷന്‍ സംഘമെത്തിയത് കള്ളക്കടത്ത് സ്വര്‍ണത്തിന് സുരക്ഷയൊരുക്കാന്‍
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി (മലപ്പുറം): രാമനാട്ടുകര അപകടത്തില്‍പ്പെട്ടവരും കേസില്‍ അറസ്റ്റിലായവരും കരിപ്പൂരിലെത്തിയത് കള്ളക്കടത്ത് സ്വര്‍ണത്തിന് സുരക്ഷയൊരുക്കാന്‍. ഇതിനിടെയുള്ള ഓട്ടപ്പാച്ചിലിലാണ് അപകടമുണ്ടായതെന്ന് പൊലിസ് കണ്ടെത്തി. ഇതു സംബന്ധിച്ച് കൃത്യമായ തെളിവുകള്‍ അറസ്റ്റിലായവരുടെ മൊഴിയില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും പൊലിസിന് ലഭിച്ചിട്ടുണ്ട്.
കൊടുവള്ളി സംഘത്തിനു വേണ്ടി കരിപ്പൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.11 കോടിയുടെ സ്വര്‍ണവുമായി എത്തിയ മലപ്പുറം സ്വദേശിയായ യുവാവിനെയും ഇയാള്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണം കൈമാറുന്നയാളെയും ആക്രമിക്കാന്‍ കണ്ണൂര്‍ സംഘം പദ്ധതിയിട്ടതായാണ് വിവരം. ഇതനുസരിച്ചാണ് ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തുന്നതു വരെ കവചമൊരുക്കാന്‍ ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള 15 സംഘം മൂന്ന് വാഹനങ്ങളിലായി കരിപ്പൂരിലെത്തിയത്.
എന്നാല്‍, കള്ളക്കടത്ത് സ്വര്‍ണം കരിപ്പൂര്‍ കസ്റ്റംസ് പിടിച്ചെടുത്തു. തുടര്‍ന്ന് സ്വര്‍ണം സ്വീകരിക്കാനെത്തിയയാള്‍ മടങ്ങുകയും ചെയ്തു. ഇയാള്‍ക്ക് പിറകെ കണ്ണൂര്‍ സംഘം പുറപ്പെട്ടതായുള്ള നിഗമനത്തിലാണ് സംരക്ഷണത്തിന് ഇറങ്ങിയവര്‍ രാമനാട്ടുകര വരെ പിന്തുടര്‍ന്നത്. പിന്നീട് മടങ്ങുന്നതിനിടെ പുളിഞ്ചോട്ടില്‍ വാഹനം അപകടത്തിപ്പെടുകയായിരുന്നു.
ഈ രണ്ട് സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണോ സംഭവ ദിവസം കരിപ്പൂര്‍ വിമാനത്താവള റോഡില്‍ കാറിനു നേരെയുണ്ടായ ആക്രമണമെന്ന് പൊലിസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷിച്ചു വരികയാണ്. കരിപ്പൂര്‍ നുഅ്മാന്‍ ജങ്ഷനിലുണ്ടായ സംഘര്‍ഷവും രാമനാട്ടുകര ജങ്ഷന്‍ വരെയുള്ള യാത്രക്കിടെയുണ്ടായ സംഭവത്തിലും വ്യക്തത വരാനുണ്ട്. അറസ്റ്റിലായവരില്‍നിന്ന് കണ്ണൂര്‍ സ്വദേശിയെ കുറിച്ച് വിവരങ്ങള്‍ പൊലിസിന് ലഭിച്ചു. ഇയാള്‍ ചുവന്ന ഷിഫ്റ്റ് കാറില്‍ കരിപ്പൂരിലെത്തിയതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."