കേന്ദ്ര വാർത്താവിതരണ മന്ത്രിയുടെ മാധ്യമ മേധാവികളുടെ യോഗം ; ഭൂരിപക്ഷം പുറത്ത്; ക്ഷണിച്ചത് ഒരു വിഭാഗം മാധ്യമങ്ങളെ മാത്രം
ഇ.പി മുഹമ്മദ്
കോഴിക്കോട്
കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ കോഴിക്കോട്ട് വിളിച്ചുചേർത്ത മാധ്യമ ഉടമകളുടെയും എഡിറ്റർമാരുടെയും യോഗത്തിൽ ഭൂരിപക്ഷം മാധ്യമങ്ങളെയും ഒഴിവാക്കി. 10 മാധ്യമ സ്ഥാപനങ്ങളെ മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. ബി.ജെ.പിയെയും കേന്ദ്രസർക്കാരിന്റെ നയനിലപാടുകളെയും ശക്തമായി എതിർക്കുന്ന മാധ്യമസ്ഥാപനങ്ങളെ യോഗത്തിൽ പങ്കെടുപ്പിച്ചില്ല. എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികളുടെ മുഖപത്രങ്ങളെയും മുസ് ലിം മാനേജ്‌മെന്റുകൾ നടത്തുന്ന മാധ്യമങ്ങളെയും മാറ്റിനിർത്തി.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയോട് കേരളത്തിലെ മാധ്യമ മേധാവികളുടെ ലിസ്റ്റ് രണ്ടാഴ്ച മുമ്പ് വാർത്താവിതരണ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം 60 മാധ്യമ മേധാവികളുടെ പട്ടിക അയച്ചെങ്കിലും ഇതു വെട്ടിച്ചുരുക്കി 10 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 20 പേരെ മാത്രം മന്ത്രാലയത്തിൽനിന്ന് നേരിട്ട് വിളിക്കുകയായിരുന്നു. 60 പേരുടെ പട്ടിക ചുരുക്കിയതിനെ കുറിച്ച് അറിയില്ലെന്നും മന്ത്രിയുടെ ഓഫിസാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നുമാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അധികൃതർ നൽകുന്ന വിശദീകരണം.
മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മംഗളം, ദീപിക, ജന്മഭൂമി എന്നീ പത്രങ്ങളുടേയും ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, അമൃത ടി.വി, ന്യൂസ് 18 എന്നീ ചാനലുകളുടെയും മേധാവികളാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം, ദേശാഭിമാനി, ചന്ദ്രിക, വീക്ഷണം, ജനയുഗം എന്നീ രാഷ്ട്രീയ പാർട്ടി മുഖപത്രങ്ങളെയും മുസ് ലിം മാനേജ്‌മെന്റുകൾ നടത്തുന്ന സുപ്രഭാതം, മാധ്യമം, സിറാജ് എന്നീ പത്രങ്ങളെയും ഒഴിവാക്കി. കൈരളി, മീഡിയ വൺ, ജയ്ഹിന്ദ് ചാനലുകളുടെ മേധാവികളെയും പങ്കെടുപ്പിച്ചില്ല. യോഗം റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇന്നലെ ഉച്ചയ്ക്ക് ഹോട്ടൽ കെ.പി.എം ട്രിപ്പെന്റയിലായിരുന്നു യോഗം.
അച്ചടി കടലാസിന്റെ വിലവർധന കുറയ്ക്കാനുള്ള നടപടി വേണമെന്നും ഇറക്കുമതി തീരുവയിൽ ഇളവ് വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. വ്യാജ വാർത്തകൾ പെരുകുന്ന സാഹചര്യത്തിൽ സമൂഹമാധ്യമ വാർത്തകളെ നിയന്ത്രിക്കാൻ നടപടിയെടുക്കുക, സാറ്റലൈറ്റ് ഉപകരണങ്ങളുടെ വില വർധന തടയുക, കൊവിഡിനു ശേഷം ജോലി നഷ്ടപ്പെട്ട മാധ്യമപ്രവർത്തകർക്കായി പ്രത്യേക പാക്കേജ് തുടങ്ങിയ ആവശ്യങ്ങളും മാധ്യമ മേധാവികൾ ഉന്നയിച്ചു.
ജന്മഭൂമി യൂനിറ്റ് ഓഫിസ് ഉദ്ഘാടനം ഉൾപ്പെടെ നിരവധി പരിപാടികളിൽ പങ്കെടുക്കാനായാണ് മന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോട്ടെത്തിയത്. ഈ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു മാധ്യമമേധാവികളുടെയും യോഗം. മാതൃഭൂമി എം.ഡി എം.വി ശ്രേയാംസ്‌കുമാർ എം.പി, മലയാള മനോരമ എഡിറ്റോറിയൽ ഡയരക്ടർ മാത്യൂസ് വർഗീസ്, 24 ന്യൂസ് എം.ഡി ശ്രീകണ്ഠൻ നായർ, ദീപിക എം.ഡി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ, മംഗളം എം.ഡി സാജൻ വർഗീസ്, ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ നമ്പൂതിരി, ഏഷ്യാനെറ്റ് ന്യൂസ് റീജ്യനൽ കോർഡിനേറ്റിങ് എഡിറ്റർ പി. ഷാജഹാൻ യോഗത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."