'എന്റെ സങ്കല്പത്തിലെ കാളി മാംസം കഴിക്കും, മദ്യം സേവിക്കും' വിവാദ പരാമര്‍ശവുമായി മഹുവ മൊയിത്ര
കൊല്‍ക്കത്ത: തന്റെ സങ്കല്പത്തിലുള്ള കാളിദേവി മാംസംഭക്ഷിക്കുന്ന, മദ്യം സേവിക്കുന്ന ദേവതയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. കാളിയെ മാംസം ഭക്ഷിക്കുന്ന ദേവതയായി സങ്കല്പ്പിക്കാന് ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് എല്ലാ അവകാശമുണ്ടെന്നും മഹുവ പറഞ്ഞു. ലീന മണിമേഖല സംവിധാനം ചെയ്ത 'കാളി' എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. അതേ സമയം മഹുവയുടെ വിവാദ പരാമര്‍ശത്തെ തള്ളിക്കൊണ്ടു തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.
ഇന്ത്യ ടുഡേയുടെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മഹുവയുടെ വിവാദ പരാമര്‍ശം. 'ദൈവങ്ങളെ എങ്ങനെ കാണുന്നു എന്നത് വ്യക്തികളുടെ അവകാശമാണ്. ഉദാഹരണത്തിന് നിങ്ങള്‍ ഭൂട്ടാനിലേക്കോ സിക്കിമിലേക്കോ പോയാല്‍, അവിടെ പൂജ ചെയ്യുമ്പോള്‍ ദൈവത്തിന് വിസ്കി പ്രസാദമായി നല്കുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ പോയി ദൈവത്തിന് വിസ്കി പ്രസാദമായി നല്‍കുന്നുവെന്ന് പറഞ്ഞാല്‍, അത് മതനിന്ദയാണെന്ന് അവര്‍ പറയും'. മഹുവ പറഞ്ഞു.
മഹുവയുടെ പരാമര്‍ശത്തിനെതിരെ വലിയ വിവാദമാണ് ബി.ജെപി ഉയര്‍ത്തിയത്. ദേവന്മാരെയും ദേവതകളെയും അപമാനിക്കുന്നത് പശ്ചിമ ബംഗാള്‍ ഭരണകക്ഷിയുടെ ഔദ്യോഗിക നിലപാടാണോ എന്ന് ബി.ജെ.പി ചോദിച്ചു.എന്നാല്‍ മഹുവയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. പരാമര്‍ശത്തെ അലപിക്കുന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."