പിണറായിയുടെ പ്രോഗ്രസ് കാർഡിലെ സത്യങ്ങളെത്ര?
റജിമോൻ കുട്ടപ്പൻ
ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിൻ്റെ രണ്ടാം സർക്കാരിൻ്റെ രണ്ടാംവർഷ പ്രോഗ്രസ് റിപ്പോർട്ട് കാർഡ് ഇറക്കുകയുണ്ടായി. സി.പി.എമ്മിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അദ്ദേഹം ഉന്നയിച്ചിട്ടുള്ള അവകാശവാദങ്ങളുടെ വസ്തുതകൾ അന്വേഷിക്കുകയാണ് ഈ ലേഖനം.
25 വർഷം കഴിയുമ്പോൾ...
വരുന്ന 25 വർഷംകൊണ്ടു ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ മധ്യവരുമാന രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്കു കേരളത്തിന്റെ ജീവിതനിലവാരം ഉയർത്തുകയാണ് എൽ.ഡി.എഫ് സർക്കാരിന്റെ ലക്ഷ്യം-മുഖ്യമന്ത്രി പിണറായി വിജയൻ
വസ്തുത
ഫെബ്രുവരിയിലെ റിപ്പോർട്ടുകൾ പറയുന്നത് സംസ്ഥാനത്തിന്റെ പൊതുകടം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജി.എസ്.ഡി.പി) 39.1 ശതമാനം ആണ്. ശതമാനക്കണക്കിൽ, ബാധ്യതയിൽ ഏഴാമതാണ് കേരളം. 3.90 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടം. റിസർവ് ബാങ്കാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. 2022 ജൂണിൽ നിയമസഭയിൽ സർക്കാർ അറിയിച്ചത് കേരളത്തിന്റെ കടം 3.32 ലക്ഷം കോടിയാണെന്നാണ്. ആറുമാസംകൊണ്ട് ബാധ്യത ഉയരുകയായിരുന്നു. ധനപരമായ ഉത്തരവാദിത്വവും ബജറ്റ് മാനേജ്‌മെന്റും സംബന്ധിച്ച ആക്ട് അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ കടബാധ്യത ജി.എസ്.ഡി.പിയുടെ 29 ശതമാനത്തിൽ കൂടരുതെന്നാണ്. എന്നാൽ 2017 മുതൽ തുടർച്ചയായി കേരളത്തിന്റെ കടം ഈ പരിധിക്കും മുകളിലാണ്.
പെൻഷൻ ആക്ഷേപങ്ങൾ
പെൻഷനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉന്നയിക്കുന്ന ചില കാര്യങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. 2016ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ 1473.67 കോടി രൂപ വിവിധ പെൻഷൻ ഇനങ്ങളിൽ കുടിശ്ശികയായിരുന്നു. രണ്ടുവർഷംവരെ പെൻഷൻ കിട്ടാത്തവർ അക്കാലത്തുണ്ടായിരുന്നു. കർഷകത്തൊഴിലാളികൾക്ക് 99.69 കോടി രൂപ, വാർധക്യ പെൻഷൻ 803.85 കോടി രൂപ, വികലാംഗ പെൻഷൻ 95.11 കോടി, അവിവാഹിത പെൻഷൻ 25.97 ലക്ഷം, വിധവാ പെൻഷൻ 449 കോടി എന്നിങ്ങനെയായിരുന്നു കണക്കുകൾ. ഈ കുടിശ്ശികയെല്ലാം പുതിയ സർക്കാർ കൊടുത്തുതീർത്തു. 600 രൂപയായിരുന്ന പെൻഷൻ തുക 1600 രൂപയാക്കി ഉയർത്തി. 18997 കോടി രൂപ സാമൂഹിക പെൻഷനായി വിതരണം ചെയ്തു. എല്ലാ പെൻഷനുകളും കൃത്യമായി നൽകുന്നു. പാവങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരാണെന്നതുകൊണ്ടാണ് ഇതു സ്വീകരിക്കുന്നത്. അതാണ് സർക്കാരിന്റെ നയം- പിണറായി വിജയൻ
വസ്തുത
മുൻ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ കെ. ദാസൻ എം.എൽ.എയ്ക്ക് കൊടുത്ത മറുപടി; 'കർഷകത്തൊഴിലാളി പെൻഷൻ കുടിശ്ശിക 2014 ഒക്ടോബർ മുതൽ ഡിസംബർ വരെയുണ്ട്. മൂന്നു മാസം. മറ്റ് ക്ഷേമപെൻഷനുകളായ വാർധക്യപെൻഷൻ, വികലാംഗപെൻഷൻ, വിധവാപെൻഷൻ അമ്പത് വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ 2014 ഒക്ടോബർ മുതൽ 2015 ജനുവരിവരെ. അതായത് 4 മാസം'. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സമർപ്പിച്ച വൈറ്റ് പേപ്പർ പ്രകാരം അടിയന്തരവും ഹ്രസ്വകാല ബാധ്യകളും പട്ടികയിൽ സാമൂഹികസുരക്ഷ പെൻഷനായി പറയുന്നത് 800 കോടി മാത്രമാണ്. ഒപ്പം ഈ കഴിഞ്ഞ വിഷുവിന് കൈനീട്ടം എന്ന് പറഞ്ഞ പെൻഷൻ 2 മാസം മുടങ്ങിക്കിടന്ന പെൻഷനാണ് നൽകിയത്.
നെൽകൃഷി നേട്ടം
2016ലെ സർക്കാർ അധികാരത്തിലെത്തിയശേഷം നെൽകൃഷി വർധിപ്പിക്കാൻ ശ്രമം നടത്തി. ഓരോ പ്രദേശത്തുമുള്ള തരിശുനിലങ്ങൾ കൃഷി ഭൂമിയാക്കാൻ നടത്തിയ ശ്രമങ്ങളോടു ജനങ്ങൾ പൂർണമായി സഹകരിച്ചു. അതിന്റെ ഫലമായി 1,70,000 ഹെക്ടർ സ്ഥലത്തുണ്ടായിരുന്ന നെൽകൃഷി ഇപ്പോൾ 2,23,000 ഹെക്ടറായിരിക്കുന്നു. ഉത്പാദനക്ഷമതയും വർധിച്ചു. പച്ചക്കറി ഉത്പാദനത്തിലും വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു- പിണറായി വിജയൻ
വസ്തുത
സംസ്ഥാന കാർഷിക വകുപ്പിന്റെ കണക്കനുസരിച്ച് കൃഷിയിടങ്ങളുടെ വിസ്തീർണത്തിൽ 15 വർഷത്തിനിടെ 1.06 ലക്ഷം ഹെക്ടറാണ് (2.63 ലക്ഷം ഏക്കർ) കുറഞ്ഞത്. 2005-2006ൽ 21.32 ലക്ഷം ഹെക്ടറിൽ ചെയ്തിരുന്ന കൃഷി 20.26 ലക്ഷം ഹെക്ടറിലേക്കു ചുരുങ്ങി. നെൽകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയിൽ മാത്രമല്ല, ഉൽപാദനക്ഷമതയും 15 വർഷത്തിനിടയിൽ വലിയ തോതിൽ ഇടിഞ്ഞുവെന്നാണ് കണക്കുകൾ നൽകുന്ന ചിത്രം. 2005 മുതൽ 2020 വരെയുളള കാലയളവിൽ നെൽപ്പാട വിസ്തൃതി 2,75,742ൽനിന്ന് 1,91,051 ഹെക്ടറായാണ് മാറിയത്. അതായത് 15 വർഷംകൊണ്ട് 84,691 ഹെക്ടർ നെൽകൃഷി ഇല്ലാതായി. വിളവ് 6,29,987 ടണ്ണിൽനിന്ന് 5,87,078 ടണ്ണായി ഇടിഞ്ഞു. മൊത്തം ഉൽപാദന കുറവ് 6.81%. നെൽകൃഷി വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾ വേണ്ടത്ര ഫലിക്കുന്നില്ല എന്നാണ് കണക്കുകൾ പറയുന്നത്. ഉൽപാദനത്തിൽ 43,089 ടണ്ണിന്റെ കുറവുണ്ടെന്ന് കൃഷി വകുപ്പിന്റെ സാമ്പത്തിക സ്ഥിതിവിവര വിഭാഗത്തിന്റെ കണക്കുകളിൽ പറയുന്നു.
തൊഴിൽ കിട്ടിയോ
12 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനത്തിലേക്കു താഴ്ന്നു- പിണറായി വിജയൻ
വസ്തുത
കേരളാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2023 ഏപ്രിൽ വരെ 2,870,046 കേരളീയരാണ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത്. ഇതിൽ 43949 എൻജിനീയറിങ് ബിരുദധാരികളും 127778 ബിരുദാനന്തര ബിരുദധാരികളുമുണ്ട്.
ഒരു ലക്ഷം സംരംഭങ്ങൾ
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ പദ്ധതിയിലൂടെ ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം 1,40,000ൽ എത്തി- പിണറായി വിജയൻ
വസ്തുത
'ഒരു വർഷം, ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയിൽ കുറവുണ്ടെങ്കിൽ എല്ലാവർക്കും ചേർന്നു പരിഹരിക്കാമെന്നു മന്ത്രി പി. രാജീവ്. റീ റജിസ്റ്റർ ചെയ്ത സംരംഭങ്ങൾ പട്ടികയിലുണ്ടെങ്കിൽ നീക്കാൻ ജില്ലാ വ്യവസായ കേന്ദ്രം നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 60 വർഷം മുൻപു തുടങ്ങിയ സംരംഭം ഉൾപ്പെട്ടതായ ആക്ഷേപം പരിശോധിച്ചു. പുതിയ ലൈസൻസിന് അപേക്ഷിച്ചതിന്റെയും അത് അനുവദിച്ചതിന്റെയും പകർപ്പുണ്ട്. ഒന്നുകൂടി പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്.
കിഫ്ബി പദ്ധതികൾ
ഏഴുവർഷംകൊണ്ട് 80,0000 കോടിയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, അതിനെ തകർക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ട്-പിണറായി വിജയൻ
വസ്തുത
കിഫ്ബിയുടെ മേയ് മാസത്തിലെ ന്യൂസ് ലെറ്ററിൽ പറയുന്നത് 2016 മുതലുള്ള പദ്ധതികൾക്കായി 24,273 കോടി രൂപ ചെലവാക്കിയെന്നാണ്.
ഐ.ടി ഹബ്
ഐ.ടി മേഖലയിൽ കേരളം സ്റ്റാർട്ടപ്പുകളുടെ ലോകോത്തര ഹബായി മാറി. ബഹുരാഷ്ട്ര കമ്പനികൾ ഇവിടേക്കു വരുന്നു. വലിയ തോതിൽ കേരളം ശ്രദ്ധിക്കപ്പെടുന്നു- പിണറായി വിജയൻ
വസ്തുത
2021-22ൽ കർണാടക സോഫ്‌റ്റ്‌വെയർ കയറ്റുമതി 3.95 ലക്ഷം കോടി, മഹാരാഷ്ട്രയുടെ സോഫ്‌റ്റ്‌വെയർ കയറ്റുമതി 2.37 ലക്ഷം കോടി, തെലങ്കാനയുടേത് 1.80 ലക്ഷം കോടി, തമിഴ്‌നാടിന്റേത് 1.57 ലക്ഷം കോടി, ഉത്തർപ്രദേശിന്റേത് 55,000 കോടി, കേരളത്തിന്റേത് 20,000 കോടി എന്നിങ്ങനെയാണ്.
അഴിമതി കുറഞ്ഞ സംസ്ഥാനം?
രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതും കഴിഞ്ഞ ഏഴു വർഷത്തിനിടെയാണ്. ഇവിടെ എല്ലാം സുതാര്യമാണ്- പിണറായി വിജയൻ
വസ്തുത
ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരേ ആരോപണങ്ങൾ വന്നതാണ്. അദ്ദേഹത്തിൻ്റെ മുഖ്യ സെക്രട്ടറി ലൈഫ് മിഷൻ പദ്ധതി അഴിമതിയും ബന്ധപ്പെട്ടു ജയിലിലും കിടന്നതാണ്. അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പിണറായി സർക്കാർ ലോകായുക്ത ഉൾപ്പെടെയുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞത്. ഓംബുഡ്‌സ്മാൻ കുരയ്ക്കുകയേയുള്ളൂ ഇവിടെ കടിക്കുന്ന നായയുണ്ട് അതാണ് ലോകായുക്ത എന്ന് 2019ൽ പറഞ്ഞ പിണറായി തന്നെയാണ് 2022ൽ ലോകായുക്തയുടെ ഉദകക്രിയയും നടത്തിയത്. സി.ബി.ഐയെ വരിഞ്ഞു കെട്ടി. വിജിലൻസിന് മൂക്കുകയർ ഇട്ടു. അങ്ങനെ കേസുകൾ അന്വേഷിക്കേണ്ടവരെ നിയന്ത്രിച്ചു അഴിമതി കുറഞ്ഞ സംസ്ഥാനമായി മേനിനടിക്കുകയാണ് പിണറായി സർക്കാർ.
ഇനി സാധാരണക്കാരന്റെ ജീവിതം തകർക്കുന്ന നികുതി വർധനവുകൾ കൂടി എഴുതി ഈ ലേഖനം സംഗ്രഹിക്കാം
1) പെട്രോൾ, ഡീസൽ സെസ് ലിറ്ററിന് 2 രൂപ.
അഞ്ചു വർഷത്തിനിടെ ഇന്ധന വിൽപനയിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനമാണ് കേരളത്തിന് ലഭിച്ചത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നാലുതവണ ഇന്ധന നികുതി കുറച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ, ഓട്ടോ, ടാക്‌സി തൊഴിലാളികൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്ക് ഇന്ധന സബ്‌സിഡി നൽകണമെന്ന നിർദേശം മുഖവിലയ്‌ക്കെടുത്തിട്ടില്ല.
2) 2 ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി രണ്ടു ശതമാനം വർധന (92കോടി അധിക നികുതി).
3) കാറുകൾക്ക് ഒറ്റത്തവണ മോട്ടോർ വാഹന നികുതി. 5 ലക്ഷം രൂപവരെ വില ഒരു ശതമാനം. അഞ്ചു മുതൽ 15 ലക്ഷം രൂപവരെ രണ്ട് ശതമാനം. 15 ലക്ഷം രൂപയ്ക്ക് മുകളിൽ 1 ശതമാനം (340 കോടി രൂപയുടെ അധിക നികുതി).
4 ) വാഹന രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന ഒറ്റത്തവണ സെസ് ഇരട്ടിയായി വർധിപ്പിച്ചു.
5 ) ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചു. വിപണിമൂല്യം വർധിച്ച പ്രദേശങ്ങളിൽ ന്യായവില 30% വരെ വർധിപ്പിച്ചു.
6 ) വൈദ്യുതി നിരക്ക് വർധിപ്പിച്ചു
7 ) കെട്ടിട നമ്പർ ലഭിച്ച് ആറുമാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്‌ളാറ്റുകൾ, അപ്പാർട്ട്‌മെന്റുകൾ എന്നിവയുടെ മുദ്രവില 7% ആയി ഉയർത്തി.
8 ) പട്ടയ ഭൂമിയിൽ നിന്നുള്ള വാർഷിക ഭൂനികുതി വാണിജ്യ വ്യവസായ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ വർധിപ്പിക്കും.
9 ) വിദേശ മദ്യവില വർധിപ്പിച്ചു.
500 മുതൽ 999 രൂപ വരെ 20 രൂപ. 1000 മുതൽ 40 രൂപ(400 കോടി അധികവരുമാനം).
10) വെള്ളക്കരം വർധിപ്പിച്ചു
സംസ്ഥാനത്ത് ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ വർധിപ്പിച്ചു. ഇതുപ്രകാരം 1000 ലിറ്ററിന് അതായത് ഒരു യൂണിറ്റിന് 10 രൂപ കൂടി. മൂന്നിരട്ടിയിലേറെ വർധനവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."