സജി ചെറിയാന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; മന്ത്രി രാജിവെക്കണം, ഇല്ലെങ്കില്‍ നിയമനടപടിയെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം: ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ ശില്‍പ്പികളെയാണ് മന്ത്രി അവഹേളിച്ചത്. സജി ചെറിയാന്‍ രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണം. അല്ലെങ്കില്‍ പ്രതിപക്ഷം നിയമവഴി തേടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സത്യപ്രതിജ്ഞാ ലംഘനം ആണ് മന്ത്രി നടത്തിയത്. സത്യപ്രതിജ്ഞയോടെ കൂറ് കാണിക്കേണ്ട മന്ത്രി അത് ലംഘിച്ചു. അടിസ്ഥാനം ഇല്ലാത്തകാര്യങ്ങള്‍ ആണ് മന്ത്രി പറഞ്ഞത്.
ജനാധിപത്യം, മതേതരത്വം എന്നിവയെയും മന്ത്രി അവഹേളിച്ചു. ഇതിനെ കുന്തവും കുടച്ചക്രവും എന്നാണ് മന്ത്രി അധിക്ഷേപിച്ചത്. ഇത്തരമൊരു പ്രസ്താവന നടത്തിയ മന്ത്രി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ല.
കോടതികളെയും ഭരണഘടനാ സംവിധാനങ്ങളെയുമെല്ലാം മന്ത്രി അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തത്. സര്‍ക്കാരിന് എന്തുപറ്റിയെന്ന് മനസ്സിലാകുന്നില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് വിഭ്രാന്തിയും വെപ്രാളവും ഭീതിയുമാണ്. വിഷയം സഭയില്‍ ഉന്നയിക്കുമെന്നും അതിന് മുന്നെ സജി ചെറിയാന്‍ രാജിവെക്കുമോയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
എന്തിനാണ് ഭരണഘടനയുടേയും ഭരണഘടനാ ശില്‍പ്പികളുടേയും മെക്കിട്ട് കയറുന്നത്. സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്നും വിഷയം മാറ്റാനുള്ള ശ്രമമാണിതൊക്കെ. അതിനായി ഭരണഘടനയെ തെരഞ്ഞെടുത്തതും ഭരണഘടനാശില്‍പ്പികളെ അവഹേളിച്ചതും ക്രൂരമായിപ്പോയെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന സി.പി.എം പരിപാടിയിലാണ് മന്ത്രിയുടെ പരാമര്‍ശം.രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നാണ് മന്ത്രിയുടെ വിമര്‍ശനം. ആര് പ്രസംഗിച്ചാലും ഇന്ത്യന്‍ ഭരണഘടന മികച്ചതാണെന്ന് ഞാന്‍ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാര്‍ പറയുന്നതിനനുസരിച്ച് ചിലര്‍ എഴുതിയതാണ് ഇന്ത്യന്‍ ഭരണഘടന-മന്ത്രി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."