കണ്ണൂരില്‍ സി.പി.എമ്മും പൊലിസും നേര്‍ക്കുനേര്‍
എസ്.പിയെ മാറ്റണമെന്നു പാര്‍ട്ടി നേതൃത്വം
കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എമ്മും പൊലിസും തമ്മിലുള്ള ഭിന്നത പരസ്യമായ ഏറ്റുമുട്ടലിലേക്ക്. എസ്.പി സഞ്ജയ് കുമാര്‍ ഗുരുദ്ദീനെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.എം ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന്‍ ഇന്നലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപരോധിച്ചതോടെയാണു ഭിന്നത പരസ്യമായി മാറിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ സ്വന്തംതട്ടകത്തില്‍ പാര്‍ട്ടി പൊലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. പയ്യന്നൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ വധക്കേസ് പ്രതിയായ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ടി.സി.വി നന്ദകുമാറിനെതിരേ കാപ്പ ചുമത്തിയതോടെയാണു പൊലിസിനെതിരേ പരസ്യവിമര്‍ശനവുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയത്.രാമചന്ദ്രന്‍ വധക്കേസില്‍ പാര്‍ട്ടി നേതൃത്വം നല്‍കിയ പ്രതിപ്പട്ടിക എസ്.പി നിരാകരിച്ചതോടെയായിരുന്നു പോരിനു തുടക്കം.
കേസന്വേഷണത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റുചെയ്തതോടെ സി.പി.എം പ്രാദേശിക നേതൃത്വം എസ്.പിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസില്‍ ആര്‍.എസ്.എസ് ജില്ലാ കാര്യവാഹിനെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പൊലിസ് നടപടിയും പാര്‍ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചു.
ഏറ്റവുമൊടുവില്‍ ഇടത് അനുകൂല പൊലിസുകരുടെയും ജില്ലാ പൊലിസ് ആസ്ഥാനത്തെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെയും സ്ഥലംമാറ്റപ്പട്ടിക എസ്.പി അംഗീകരിക്കാതെ വന്നതോടെ പൊലിസിനെതിരേ പരസ്യമായി രംഗത്തെത്താന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. പൊലിസുകാരുടെ സ്ഥലംമാറ്റം അംഗീകരിക്കാത്തതിനെ തുടര്‍ന്നു കഴിഞ്ഞദിവസം ജില്ലയിലെ ഉന്നത സി.പി.എം നേതാവ് എസ്.പിയെ ക്യാംപ് ഓഫിസില്‍ സന്ദര്‍ശിച്ചിരുന്നു.
എസ്.പി നിലപാട് മാറ്റത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയെയും ധരിച്ചിപ്പിരിക്കുകയാണു പാര്‍ട്ടി ജില്ലാ നേതൃത്വം.
എല്‍.ഡി.എഫ് അധികാരത്തിലെത്തിയ ശേഷമാണു ജില്ലാ പൊലിസ് മേധാവിയായിരുന്ന ഹരിശങ്കറിനെ മാറ്റി നിലവിലെ എസ്.പി സഞ്ജയ്കുമാര്‍ ഗുരുദ്ദിനെ കണ്ണൂരില്‍ നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."