'മന്ത്രി സജി ചെറിയാന് രാജിവെച്ച് ആര്.എസ്.എസില്‍ ചേരുന്നതാണ് നല്ലത്' ആഞ്ഞടിച്ച് വിഡി സതീശന്
തിരുവനന്തപുരം: ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പരാമര്‍ശത്തെ ന്യായീകരിക്കുന്നവരോട് സഹതാപമേ ഉള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മറുപടി പറയാതെ സഭയില്‍ നിന്ന് ഒളിച്ചോടിയതായിവി.ഡി സതീശന് കുറ്റപ്പെടുത്തി. സജി ചെറിയാന്റെ ഭരണഘടനാ നിന്ദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍. എന്നാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാരിനും കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി രാജിവെക്കണമെന്ന് നാട് ഒന്നാകെ ആവശ്യപ്പെടുകയാണ്- അദ്ദേഹം പറഞ്ഞു.
ആര്.എസ്.എസിന്റെ അഭിപ്രായമാണ് സജി ചെറിയാന്റേതെന്ന് പറഞ്ഞ വി.ഡി സതീശന് ഗോള്‍വാള്‍ക്കറുടെ ആശയമാണ് സജി ചെറിയാന് ഉയര്‍ത്തുന്നതെന്നും ആരോപിച്ചു.
സജി ചെറിയാന്റെ നിലപാട് തന്നെയാണ് ഭരണഘടനയെ സംബന്ധിച്ച് സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമുള്ളതെങ്കില്‍ സജി ചെറിയാന് രാജിവെക്കേണ്ട. അല്ലെങ്കില്‍ മുഖ്യമന്ത്രി സജി ചെറിയാനോട് രാജി ആവശ്യപ്പെടണം. പ്രതിപക്ഷനേതാവ് പറഞ്ഞു.
അതേസമയം മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ നിന്ദയില്‍ സഭയില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ചോദ്യോത്തരവേളക്കെത്തിയത് തന്നെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമുയര്‍ത്തിയായിരുന്നു. കുന്തവുമല്ല കുടച്ചക്രവുമല്ലെന്ന മുദ്രാവാക്യം അവര്‍ സഭയില്‍ ഉയര്‍ത്തി.
പ്ലക്കാര്‍ഡ് ഉയര്‍ത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി സഭയിലുള്ളതിനാല്‍ അടിയന്തര പ്രമേയം പരിഗണിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ചോദ്യോത്തരവേളയില്‍ സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ചോദിക്കുന്നില്ലെന്ന നിലപാടാണ് മുന്നോട്ട് വെച്ചത്. തുടര്‍ന്ന് ഭരണപക്ഷ എം.എല്‍.എമാരും സീറ്റില്‍ നിന്ന് പുറത്തിറങ്ങി. ചോദ്യോത്തരവേളയും സീറോ അവറും റദ്ദാക്കിയതിന് ശേഷം സഭ നിര്‍ത്തി വെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."