പൗരന്റെ അവസാന പ്രതീക്ഷ കോടതികൾ തന്നെ
ഭരണകൂട ഭീകരതയാലും പക്ഷപാതിത്വത്തിനാലും നീതി നിഷേധിക്കപ്പെടുന്നവർക്ക് ഇപ്പോഴും അവസാന പ്രതീക്ഷ കോടതികൾ തന്നെയാണ്. പീഡന കേസുകളിൽ പരാതി നൽകാൻ വൈകി എന്നത് പ്രതിക്ക് അനുകൂലമായ ഘടകമായി മാറാൻ പാടില്ലെന്ന കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി പ്രതീക്ഷാനിർഭരമാണ്. മറ്റു കേസുകളെപ്പോലെയല്ല ലൈംഗികാതിക്രമ കേസുകളെ പരിഗണിക്കേണ്ടതെന്നും പരാതി വൈകാനുണ്ടായ സാഹചര്യം വേറിട്ട് കാണണമെന്നും പല കാര്യങ്ങളും കണക്കിലെടുത്താണ് അതിജീവിതയും കുടുംബാംഗങ്ങളും പരാതിക്ക് മുതിരുന്നതെന്നും ജസ്റ്റിസ് ഡോ: കൗസർ എടപ്പകത്ത് വിധിന്യായത്തിൽ ചൂണ്ടികാട്ടി.
മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ പിതാവിന് കൊല്ലം അഡീ. സെഷൻസ് കോടതി അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചതിനെതിരേ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഈ കാര്യം വ്യക്തമാക്കിയത്.
കുടുംബത്തിനുള്ളിൽപ്പോലും പെൺകുട്ടികൾ അരക്ഷിതരാണിന്ന്. സുരക്ഷ നൽകേണ്ട പിതാവ് തന്നെ ഉപദ്രവിക്കുമ്പോൾ നിസഹായരായിത്തീരുന്ന ഇരകളും കുടുംബവും ആരോട് എങ്ങനെ പരാതിപ്പെടണമെന്നറിയാതെ ഉള്ളം നീറിക്കൊണ്ട് കഴിയേണ്ടി വരുന്നു. ഇത്തരമൊരവസ്ഥയിൽ ലൈംഗികാതിക്രമപരാതി നൽകാൻ വൈകുന്നത് സ്വാഭാവികം. അതൊരു തെറ്റാകുന്നില്ലെന്ന ഹൈക്കോടതി വിധി അതിജീവിതർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
രണ്ട് ദിവസം മുമ്പ് ചീഫ് ജസ്റ്റിസ് എൻ.വി രമണ സാൻഫ്രാൻസിസ്‌കോയിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻസ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു കൊണ്ട് നടത്തിയ പ്രസംഗവും നീതി നിഷേധിക്കപ്പെടുന്ന ലക്ഷങ്ങൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് നിയമ സാധുത നൽകാനുള്ളതല്ല കോടതികളെന്നും ഭരണഘടനയോട് മാത്രമാണ് കോടതികൾക്ക് ഉത്തരവാദിത്വമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന നമ്മുടെ ഭരണഘടനയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതും കൂടിയായിരുന്നു. ഇന്ത്യയിൽ സർക്കാരുകൾ കരുതുന്നത് അവരുടെ നടപടികൾക്ക് നിയമപരമായ അംഗീകാരം നൽകുന്നത് കോടതികളുടെ ഉത്തരവാദിത്വമാണെന്നാണ്. പ്രതിപക്ഷ പാർട്ടികളാകട്ടെ അവരുടെ പ്രവർത്തനങ്ങളെ കോടതി അംഗീകരിക്കണമെന്നും കരുതുന്നു. ഇത് രണ്ടും കോടതിയുടെ പരിഗണനയിൽ വരുന്ന വിഷയങ്ങളല്ലെന്നും ഭരണഘടനയാണ് ജുഡീഷ്യറിയുടെ വേദപുസ്തകവുമെന്നാണ് ചീഫ് ജസ്റ്റിസിന്റെ പ്രസംഗത്തിൽ നിന്നും വായിച്ചെടുക്കാവുന്നത്.
സുപ്രിംകോടതി അടക്കമുള്ള ഓരോ സ്ഥാപനങ്ങൾക്കും ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും പങ്കിനെക്കുറിച്ചും ബോധമില്ലാത്തതിനാലാണ് സുപ്രിംകോടതി വിധികൾക്കെതിരേ ചിലർ സമൂഹമാധ്യമങ്ങളിൽ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നത്. സ്ഥാപനങ്ങൾക്ക് ഭരണഘടന അനുവദിച്ച ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്ന് വിമർശനം നടത്തുന്നവർ പഠിക്കണം. അത്തരം കാര്യങ്ങൾ നടക്കാത്തതിൽ താൻ നിരാശനാണെന്നും ചീഫ് ജസ്റ്റിസ് പറയുകയുണ്ടായി.
ടി.വി ചർച്ചയ്ക്കിടെ പ്രവാചകനെതിരേ വിവാദ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമക്കെതിരേ കഴിഞ്ഞ വെള്ളിയാഴ്ച സുപ്രിംകോടതിയിൽ നിന്നും ഒരൊറ്റയാൾ രാജ്യമാകെ തീപടർത്തി എന്ന രൂക്ഷവിമർശനം ഉണ്ടായിരുന്നു. വിധി പറഞ്ഞ ജഡ്ജിമാരെ ആക്രമിക്കുന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞൊഴുകിയത്. ഈ സംഭവത്തെ പരാമർശിച്ചായിരിക്കണം ചീഫ് ജസ്റ്റിസ് എൻ.വി രമണ തന്റെ സാൻഫ്രാൻസിസ്‌കോ പ്രസംഗത്തിൽ പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ടാവുക.
പ്രവാചകനെതിരേ നൂപുർ ശർമ നടത്തിയത് വിടുവായത്തമാണെന്നും അവരുടെ ഈ വിടുവായത്തം രാജ്യമാകെ തീ പടർത്തിയെന്നും ഇപ്പോൾ രാജ്യത്ത് നടക്കുന്നതിനെല്ലാം കാരണം അവർ ഒറ്റയാളാണെന്നും വിധിന്യായത്തിൽ കുറ്റപ്പെടുത്തിയിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് അവരുടെ സ്വാധീന ശക്തിയാലാണെന്നും കോടതി പറയുകയുണ്ടായി. നൂപുറിന്റെ പരാമർശങ്ങളെ പിന്തുണച്ചതിന്റെ പേരിലാണ് കനയ്യലാൽ കൊല്ലപ്പെട്ടത്. നൂപുർ ശർമക്കെതിരേയുള്ള പലയിടങ്ങളിലെ കേസുകൾ ഒന്നിച്ചു പരിഗണക്കണമെന്നാവശ്യപ്പെട്ട് അവർ സുപ്രിം കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് സുപ്രിംകോടതിയിൽ നിന്നും അവർക്കെതിരേ രൂക്ഷ വിമർശനം ഉണ്ടായത്.
കോടതിവിധി വന്നിട്ടും നൂപുർ ശർമ ചാനലിൽ വന്നു മാപ്പു ചോദിക്കുകയോ പൊലിസ് അവരെ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. സുപ്രിംകോടതി അഭിപ്രായ പ്രകടനമാണ് നടത്തിയതെന്നും വിധി പ്രസ്താവമായിരുന്നില്ലെന്നുമുള്ള ന്യായവാദം നിരത്തിയാണ് പൊലിസ് അവരെ അറസ്റ്റ് ചെയ്യാതിരിക്കുന്നത്.
എന്നാൽ ഗുജറാത്ത് വംശഹത്യയിൽ ഗുൽബർഗ് കൂട്ടക്കൊലക്കെതിരേ, കൊല്ലപ്പെട്ട കോൺഗ്രസ് മുൻ എം.പി ഇഹ്‌സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നൽകിയ ഹരജി തള്ളിക്കൊണ്ടും സുപ്രിംകോടതി വാക്കാലുള്ള ചില പരാമർശങ്ങൾ നടത്തിയിരുന്നു. 'വിഷയം സജീവമാക്കി നിർത്തുന്നതിനു നിയമ നടപടികളെ ചൂഷണം ചെയ്തവരെ പ്രതിക്കൂട്ടിൽ നിർത്തണമെന്നും നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും' എന്നായിരുന്നു വാക്കാലുള്ള പരാമർശങ്ങൾ. അതൊന്നും വിധിന്യായത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ സാക്കിയ ജാഫ്രിക്ക് നിയമ സഹായം നൽകാൻ കൂടെ നിന്ന സാമൂഹ്യപ്രവർത്തക ടീസ്റ്റ സെറ്റൽവാദിനേയും ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെയും വിധി വന്നു മണിക്കൂറുകൾക്കകം ഈ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഭാഗവും സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ, സുപ്രിംകോടതി മുൻ ജഡ്ജി മദൻ ബി. ലോക്കൂർ എന്നിവർ അടുത്ത കാലത്ത് സുപ്രിംകോടതിയിൽ നിന്നുണ്ടായ വിധികൾ നിരാശപ്പെടുത്തുന്നതാണെന്ന് പറയുകയുണ്ടായി. വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് നിയമവാഴ്ച അനുദിനം തകരുന്നുവെന്നും നിയമവാഴ്ച സംരക്ഷിക്കാനായി രൂപം കൊടുത്തിട്ടുള്ള ജുഡീഷ്യറി നിയമലംഘനങ്ങൾക്കെതിരേ കണ്ണടക്കുകയാണെന്നും കപിൽ സിബൽ ആരോപിച്ചത്. നാല് വർഷം മുമ്പ് ചെയ്ത ട്വീറ്റിന്റെ പേരിൽ ഓൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും കോടതിക്ക് മുമ്പിൽ വാദിക്കാത്ത കാര്യങ്ങളിൽ കണ്ടെത്തലുകൾ നടത്തുകയാണ് ചില ജഡ്ജിമാരെന്നു സാക്കിയ ജാഫ്രി കേസിലെ പരാമർശങ്ങളെക്കുറിച്ചും കപിൽ സിബൽ നടത്തിയ അഭിപ്രായങ്ങളും നിയമ വൃത്തങ്ങളിൽ നിയമ വിശാരദന്മാരും നിയമവിദഗ്ധരും ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞത് പോലെ നീതിന്യായ വ്യവസ്ഥകളെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും അറിവില്ലാത്തവർ സമൂഹ മാധ്യമങ്ങളിൽ നിരത്തേണ്ട വിഷയങ്ങളല്ല. എന്തൊക്കെയായാലും രാജ്യത്തിന്റെ ഐക്യവും ഭദ്രതയും ഇന്നും ശക്തമായി നിലനിൽക്കുന്നതിന്റെ അടിസ്ഥാന കാരണം നമ്മുടെ ഭരണഘടനയും ഭരണഘടനയനുസരിച്ച് വിധി പറയുന്ന കോടതികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."