ഷിറീനെ വെടിവച്ചത് അബദ്ധത്തിലെന്ന് യു.എസ് റിപ്പോർട്ട്; അല്ലെന്ന് കുടുംബം
വാഷിങ്ടൺ/റമല്ല
അൽജസീറ മാധ്യമപ്രവർത്തകയായിരുന്ന ഷിറീൻ അബൂ ആഖിലയെ ഇസ്‌റാഈൽ സൈനികൻ വെടിവച്ചുകൊന്നത് ബോധപൂർവമല്ലെന്ന് യു.എസ് റിപ്പോർട്ട്. എന്നാൽ, റിപ്പോർട്ടിലെ കണ്ടെത്തൽ സ്വീകാര്യമല്ലെന്നും തന്റെ സഹോദരിയെ ഇസ്‌റാഈൽ സേന ലക്ഷ്യമിടുകയായിരുന്നുവെന്നും ഷിറീന്റെ സഹോദരൻ ടോണി അബൂ ആഖില പറഞ്ഞു.
മേയ് 11നു വെസ്റ്റ് ബാങ്കിലെ ജനീൻ അഭയാർഥി ക്യാംപിൽ ഇസ്‌റാഈൽ സേനയുടെ അതിക്രമം റിപ്പോർട്ട് ചെയ്യാനെത്തിയ അമേരിക്കൻ മാധ്യമപ്രവർത്തകയെ തൊട്ടടുത്തുവച്ച് വെടിവച്ചു കൊല്ലുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ. വെടിയുണ്ട കേടുവന്നതിനാൽ എവിടെനിന്നാണ് വെടിവച്ചതെന്നു മനസിലാക്കാൻ സാധിക്കുന്നില്ലെന്നാണ് യു.എസ് റിപ്പോർട്ടിലുള്ളത്. ഇസ്‌റാഈൽ സൈനികൻ തന്നെയാണ് വെടിവച്ചതെന്നാണ് മനസിലാകുന്നതെന്നും അതേസമയം അത് പ്രത്യേക സാഹചര്യത്തിൽ സംഭവിച്ചു പോയതായിരിക്കുമെന്നാണ് കരുതുന്നതെന്നും യു.എസ് സുരക്ഷാ കോഡിനേറ്റർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
വെടിയുണ്ട സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥർ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് യു.എസ് വിദേശകാര്യ വകുപ്പ് പറയുന്നത്. എന്നാൽ, അമേരിക്ക ഇസ്‌റാഈലിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ഷിറീനെ ഇസ്‌റാഈൽ സൈനികൻ ബോധപൂർവം വെടിവയ്ക്കുകയായിരുന്നുവെന്നും ഉന്നത ഫലസ്തീനി ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തെ ഇസ്‌റാഈൽ നടത്തിയ അന്വേഷണത്തിലും ബോധപൂർവമല്ല വെടിവച്ചതെന്നാണ് പറഞ്ഞിരുന്നത്.
യുദ്ധമുഖത്ത് റിപ്പോർട്ടർമാർ ഉപയോഗിക്കുന്ന ഹെൽമറ്റും പ്രസ് എന്നെഴുതിയ ജാക്കറ്റുമണിഞ്ഞ് ജെനീനിലെ സംഘർഷം റിപ്പോർട്ട് ചെയ്യാൻ നടന്നുപോവുകയായിരുന്ന ഷിറീനെ മാധ്യമപ്രവർത്തകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ വെടിവച്ചു കൊല്ലുകയായിരുന്നു. കൂടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ അലി സമൂദിക്കും വെടിയേറ്റെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. വെടിവച്ചത് ഇസ്‌റാഈൽ സൈനികനാണെന്ന് സമൂദി മൊഴിനൽകിയിരുന്നു. യു.എൻ മനുഷ്യാവകാശ ഓഫിസ് ഉൾപ്പെടെ നടത്തിയ അന്വേഷണങ്ങളിൽ ഇക്കാര്യം തെളിയുകയും ചെയ്തിരുന്നു.
ഷിറീന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ യു.എസ് തയാറാകുന്നില്ലെങ്കിൽ തങ്ങൾ സാധ്യമായത് ചെയ്യുമെന്ന് അവരുടെ സഹോദരൻ വ്യക്തമാക്കി. ഒരു അമേരിക്കൻ പൗരയ്ക്ക് നീതി നേടിക്കൊടുക്കാൻ യു.എസ് ഭരണകൂടത്തിനു സാധിക്കുന്നില്ലെങ്കിൽ അതു വളരെ മോശമാണെന്നും ടോണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."