അതിരുവിടുന്ന ഏകാധിപത്യത്തിൽ അവഹേളിക്കപ്പെടുന്ന രാഷ്ട്രപതി പദവി
ബി.എസ് ഷിജു
നിര്‍മാണപ്രവൃത്തി തുടങ്ങിയതു മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിക്കൊപ്പം വിവാദമുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍നിന്ന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഒഴിവാക്കിയിരുന്നു. പകരം തറക്കല്ലിടല്‍ നിര്‍വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇപ്പോള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കി, നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്ര നിമിഷമാകുമെന്നാണ് പ്രധാനമന്ത്രിയും അമിത് ഷായുമൊക്കെ അവകാശപ്പെടുന്നത്.
എന്നാല്‍ പ്രധാനമന്ത്രിയുടെ അല്‍പത്വത്തിന്റെ നിമിഷമാണ് ഇതെന്നാണ് പ്രതിപക്ഷ പക്ഷം. രാജ്യത്തിന്റെ പൊതുഖജനാവില്‍നിന്ന് ഒരു സഹസ്രത്തിനടുത്ത് കോടി രൂപ ചെലവിട്ട് നിര്‍മിച്ച പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടത് ഏതാനും മീറ്ററുകള്‍ക്ക് അപ്പുറത്ത് താമസിക്കുന്ന ദ്രൗപതി മുര്‍മു ആയിരുന്നു. രാഷ്ട്രപതിക്കുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. രാജ്യത്തിന്റെയും ഭരണഘടനയുടെയും പാര്‍ലമെന്റിന്റെയും തലവനാണ് രാഷ്ട്രപതി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60, 79, 111 എന്നിവ ലോക്സഭയും രാജ്യസഭയും ഉള്‍പ്പെടുന്ന പാര്‍ലമെന്റിന്റെ തലവന്‍ രാഷ്ട്രപതിയാണെന്ന് വ്യക്തമാക്കുന്നു. ഭരണഘടനയുടെ 85-ാം വകുപ്പ് പ്രകാരം പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള അധികാരം അടക്കം രാഷ്ട്രപതിക്കാണ്. അങ്ങനെയുള്ള രാഷ്ട്രപതിക്കാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കേവലം കാഴ്ചക്കാരനായി നില്‍ക്കേണ്ടിവരുന്നത്. ആദിവാസി വിഭാഗത്തില്‍നിന്ന് രാഷ്ട്രപതി പദവിയിലേക്ക് ഉയര്‍ന്ന ഒരു വനിതയെ പൂര്‍ണമായും നോക്കുകുത്തിയാക്കി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നതിലൂടെ അപഹസിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ഒന്നാകെയാണ്.
കോണ്‍ഗ്രസ് അടക്കമുള്ള 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ഇത്തരം സാഹചര്യത്തിലാണ്. പുതിയ മന്ദിരം നിര്‍മിക്കാന്‍ തെരഞ്ഞെടുത്ത സമയം, തറക്കല്ലിടല്‍ വേളയിലും ഇപ്പോള്‍ ഉദ്ഘാടന വേളയിലും രാഷ്ട്രപതിമാരോട് സ്വീകരിക്കുന്ന സമീപനം എന്നിവയൊക്കെയാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിനിടെ ബ്രിട്ടിഷുകാരോട് മാപ്പിരന്ന ഒരാളുടെ ജന്മദിനമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് മറ്റൊരു വൈരുധ്യം.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ രാഷ്ട്രതന്ത്രജ്ഞര്‍ ശ്രദ്ധകേന്ദ്രീകരിച്ചത് കെട്ടിടങ്ങളുടെ നിര്‍മാണത്തിലല്ല. ശക്തമായ ഒരു ഭരണഘടനയും ജനാധിപത്യവും ഉറപ്പാക്കുന്നതിലായിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റ മോദി ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിന്റെ പടവുകളില്‍ മുത്തമിട്ട് അകത്തേക്ക് പ്രവേശിക്കുന്ന കാഴ്ച ഇന്നും രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. എന്നാല്‍ പിന്നീട് കണ്ടുകൊണ്ടിരിക്കുന്നത് ഇതും ചെയ്തികളും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത പ്രവര്‍ത്തനവും. ആദ്യം ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി. ബില്ലുകള്‍ ചര്‍ച്ചയ്ക്ക് വിടാതെ ഏകപക്ഷീയമയി പാസാക്കുന്നത് പതിവായി. പാര്‍ലമെന്ററി സമിതികളെ നോക്കുകുത്തിയാക്കി. രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കാനുള്ള അവസരം നിഷേധിക്കുന്ന സമീപനമാണ് അധികാരത്തില്‍ എത്തിയത് മുതല്‍ പിന്തുടരുന്നത്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ സുരക്ഷിതമായി കണ്ട് നിക്ഷേപം നടത്തിയിരുന്ന എല്‍.ഐ.സി പോലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഫണ്ട് ചങ്ങാത്ത മുതലാളിയായ അദാനിക്ക് വ്യവസായ സമ്രാജ്യം വിപലുപ്പെടുത്താന്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നല്‍കിയത് ചോദ്യം ചെയ്ത രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വത്തിന് അയോഗ്യത കല്‍പ്പിക്കാന്‍ നടത്തിയ നടപടികള്‍ ജനാധിപത്യത്തെ ഏതെല്ലാം മാര്‍ഗത്തിലാണ് മോദിയും സര്‍ക്കാരും കശാപ്പ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ അവസാനത്തെ ദൃഷ്ടാന്തമാണ്.രണ്ടാമത് ചെയ്ത് സ്വന്തം കാബിനറ്റിനെ നോക്കുകുത്തിയാക്കിയതായിരുന്നു. മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ തീരുമാനമെടുക്കാനോ അവകാശമില്ലാത്ത സാഹചര്യമാണുള്ളത്. ഇപ്പോള്‍ രാഷ്ട്രതലവനെ തന്നെ നോക്കുകുത്തിയാക്കിയിരിക്കുന്നു.
20,000 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ 970 കോടി രൂപയാണ് പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാന്‍ മാത്രം ചെലവിട്ടിരിക്കുന്നത്. കൊവിഡ് പടര്‍ന്നുപിടിക്കുമ്പോള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഇന്ത്യയിലെ മോദി സര്‍ക്കാരിന്റെ നടപടിക്കെതിരേ ഇന്ത്യക്ക് അകത്തുനിന്നും അന്താരാഷ്ട്രതലത്തില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ടെണ്ടര്‍ നടപടികളിലെ സുതാര്യത ഇല്ലായ്മ, പാരിസ്ഥിതിക അനുമതി എന്നിവയെ കുറിച്ചും നിരവധി സംശയങ്ങള്‍ ഉയര്‍ന്നു. ലോക്ഡൗണ്‍ കാലത്താണ് നിര്‍മാണം ആരംഭിച്ചത്. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ രേഖപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. കേവലം രണ്ടുദിവസം മാത്രമാണ് ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡി.ഡി.എ) പൊതുജന അഭിപ്രായം അറിയിക്കാന്‍ അവസരം നല്‍കിയത്. പല മന്ത്രാലയ ആസ്ഥാനങ്ങളും പൈതൃക കെട്ടിടങ്ങളും പൊളിച്ചുമാറ്റിയുള്ളതാണ് സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം. 1985-ലെ ദേശീയ തലസ്ഥാന നഗര ആസൂത്രണ ബോര്‍ഡ് ആക്ട് അനുസരിച്ച് പൈതൃക മേഖലയാണ് പാര്‍ലമെന്റും ഇന്ത്യാഗേറ്റും അടങ്ങുന്ന മേഖല. ഈ മേഖലയില്‍ പുതിയ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഇതിനുപുറമെ 2013-ല്‍ യു.പി.എ സര്‍ക്കാര്‍ ഈ മേഖലയെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് മോദി സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണപ്രവൃത്തിയുമായി മുന്നോട്ടുപോകുന്നത്. ഏകാധിപത്യ പ്രവണതയുടെ അടയാളങ്ങളാണ് ഈ ചെയ്തികളെല്ലാം.
ചരിത്രം പരിശോധിച്ചാല്‍ ഏകാധിപതികളായ ഭരണാധികാരികളൊക്കെയും കൃത്രിമമായ അടയാളപ്പെടുത്തലുകള്‍ ആഗ്രഹിക്കുന്നവരാണെന്ന് മനസിലാകും. കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം കണ്ട ഫാസിസ്റ്റ് ഭരണധികാരികളിലെല്ലാം ഇത് പ്രകടമായിരുന്നു. മനോജ്ഞമായ സൗധങ്ങളുടെ നിര്‍മാണം നാസി ഭരണ കാലത്തും ഫാസിസ്റ്റ് ഭരണ കാലത്തും പിന്തുടര്‍ന്ന ശൈലിയാണ്. രാജ്യം എങ്ങനെ മുന്നോട്ടു പോകുമെന്നതിനേക്കാളും സാമ്പത്തികം എവിടെ നിന്ന് കണ്ടെത്തുമെന്നതിനേക്കാളും ഏകാധിപതികളായ ഭരണാധികാരികള്‍ക്ക് എന്നും നിര്‍മാണപ്രവൃത്തികളോട് പ്രത്യേക ആകര്‍ഷണമായിരുന്നു. നരേന്ദ്ര മോദിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയേയും ഇത്തരത്തില്‍ ഒന്നായേ കാണാന്‍ കഴിയൂ.
വലിയ മനോജ്ഞമായ സൗധങ്ങള്‍ പണിതാല്‍ പാരമ്പര്യത്തിന്റെയും പ്രതാപത്തിന്റെയും അടയാളമായി അവ മാറുമെന്ന് ധരിച്ചവരാണ് അഡോള്‍ഫ് ഹിറ്റ്ലറും ബെനിറ്റോ മുസോളിനിയുമൊക്കെ. ഇത്തരം നിര്‍മാണപ്രവൃത്തികളിലൂടെ ചരിത്രത്തിന്റെ താളുകളില്‍ തങ്ങളുടെ കാല്‍പ്പാടുകള്‍ പതിപ്പിക്കാനാകുമെന്നായിരുന്നു അവരുടെ ചിന്ത. 1933-ല്‍ അധികാരം പിടിച്ചെടുക്കുന്നതിന് എത്രയോ മുമ്പുതന്നെ ഹിറ്റ്‌ലര്‍ തന്റെ സാമ്രാജ്യത്തിന് പുതിയ തലസ്ഥാനം നിര്‍മിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു. 'ജെര്‍മേനിയ' എന്ന പേരു നല്‍കിയ ഈ ആസൂത്രിത നിര്‍മാണത്തിന്റെ രൂപരേഖ 1920-ല്‍ തന്നെ തയാറാക്കിയിരുന്നുവെന്ന് ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍കാഫില്‍ വ്യക്തമാകുന്നുണ്ട്. 4-5 ദശലക്ഷം റിച്ച് മാര്‍ക്ക് (ഏകദേശം ഇന്നത്തെ 50 ബില്യന്‍ അമേരിക്കന്‍ ഡോളര്‍) ചെലവിട്ട് 1950-ല്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനിടയിലും നിര്‍മാണം തുടര്‍ന്നു. ഇത്രയധികം രൂപ ചെലവിട്ട് നിര്‍മാണം നടത്തുന്നതിനെതിരേ അന്ന് പലതരം ആശങ്കകളും കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ ഹിറ്റ്‌ലര്‍ നിര്‍മാണവുമായി മുന്നോട്ടു പോയി.
ഇറ്റലിയിലെ ഫാസിസ്റ്റ് സ്വേച്ഛാധിപതി ബെനിറ്റോ മുസോളിനിയും ഇത്തരം നിര്‍മാണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇതില്‍ ഏറ്റവും വിഖ്യാതമായ ഒന്ന് 'കാസ ഡെല്‍ ഫാസിയോ' എന്ന ഫാസിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനമായിരുന്നു. ഇറ്റാലിയന്‍ ഉപദ്വീപിലുടനീളം ഈ കെട്ടിടത്തിന്റെ മാതൃകയില്‍ മുസോളിനി കെട്ടിടങ്ങള്‍ നിര്‍മിച്ചുകൂട്ടി. അവരുടെയൊക്കെ പ്രതാപകാലത്തിനുശേഷമുള്ള അവസ്ഥ എന്തായി എന്ന പാഠം സെങ്കോല്‍ സ്ഥാപിച്ച് പുതിയ അടയാളപ്പെടുത്തലുകളും ചരിത്രവും രചിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുമ്പില്‍ ഒരു ഓര്‍മപ്പെടുത്തലാണ്.
സ്വാതന്ത്ര്യാനന്തരം അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ സംരക്ഷിച്ചു നിര്‍ത്തിയ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയാണ് മോദിയെപ്പോലുള്ള ഒരാള്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ അവസരമുണ്ടാക്കി നല്‍കിയത്. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരമുണ്ടാകുമ്പോഴും അതുവഴി തിരുത്തലുകള്‍ക്ക് വിധേയമാകുമ്പോഴുമാണ് ജനാധിപത്യം ശക്തിപ്പെടുക. അതിനുള്ള അവസരങ്ങള്‍ നിഷേധിച്ച് പൊതുഖജനാവില്‍നിന്ന് കോടികള്‍ മുടക്കി പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ച്, അത് ഉദ്ഘാടനം ചെയ്ത് മേനി നടിച്ചാല്‍ ജനാധിപത്യം ശക്തിപ്പെടില്ല. ദുര്‍ബലമാകുകയേ ഉള്ളൂ. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ സമ്മേളിക്കുമ്പോഴെങ്കിലും ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനം മോദിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്നുവേണം പ്രതീക്ഷിക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."