കോണ്‍ഗ്രസ് സമഗ്ര അഴിച്ചുപണിയിലേക്ക്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിനു പിന്നാലെ കെ.പി.സി.സിയില്‍ വന്‍ അഴിച്ചുപണിക്ക് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തീരുമാനം. നഷ്ടമായ ജനസ്വാധീനം തിരിച്ചുപിടിക്കുന്നതിനും സംഘടനാ സംവിധാനത്തിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടുവരുന്നതിനുമുള്ള തീരുമാനങ്ങളാണ് ഇന്നലെ ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി കൈക്കൊണ്ടത്.
കെ.പി.സി.സിയില്‍ പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവരുള്‍പ്പെടെ ഭാരവാഹികളുടെ എണ്ണം 51 ആയി ചുരുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50 മുതല്‍ 60 വരെ വീടുകള്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന അയല്‍ക്കൂട്ട സമിതികള്‍ വാര്‍ഡ്തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
വനിതകള്‍ക്കും എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവര്‍ക്കും കോണ്‍ഗ്രസില്‍ ഇനി 10 ശതമാനം സംവരണം നല്‍കും. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സ്ഥിരം മീഡിയാ സെല്‍ ആരംഭിക്കും. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ മുതലുള്ളവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ രണ്ടുമാസത്തിനുള്ളില്‍ സ്‌കൂള്‍ ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തും. ഇതിനായി അഞ്ച് മേഖലാ കമ്മറ്റികളെ നിയോഗിക്കും.
കെ.പി.സി.സി മാതൃകയില്‍ ഡി.സി.സികളും പുനഃസംഘടിപ്പിക്കും. അച്ചടക്കലംഘനം ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെല്ലാം സൗഹാര്‍ദപരമായി പരിഹരിക്കും.
ചെറിയ ജില്ലകളായ വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളില്‍ ഡി.സി.സി. ഭാരവാഹികളുടെ എണ്ണം ആനുപാതികമായി കുറയ്ക്കും.
ഭാരവാഹികളെ മറ്റൊന്നിന്റെയും അടിസ്ഥാനത്തിലല്ലാതെ മെരിറ്റിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഭാരവാഹികളെല്ലാം മുഴുവന്‍ സമയ പ്രവര്‍ത്തകരായിരിക്കണം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആറുമാസം വിലയിരുത്തിയ ശേഷം മോശമാണെങ്കില്‍ മാറ്റുമെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."