മഥുര ഷാഹി മസ്ജിദ് കമ്മിറ്റിതന്നെ പൊളിച്ചു കൊടുത്താല്‍ പകരം ഭൂമി നല്‍കാമെന്ന് സംഘ്പരിവാര്‍
മഥുര: മഥുരയിലെ ചരിത്രപ്രാധാന്യമുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് പള്ളിക്കമ്മിറ്റി തന്നെ പൊളിച്ചു കൊടുക്കുകയാണെങ്കില്‍ കേസ് വേണ്ടെന്നും പള്ളിക്കായി ക്ഷേത്രനഗരിക്കുപുറത്ത് പകരം ഭൂമി നല്കാമെന്നുമുള്ള വാഗ്ദാനവുമായി കൃഷ്ണ ജന്മഭൂമി മുക്തി ആന്ദോളന് സമിതി. ഷാഹി ഈദ്ഗാഹ് പള്ളി നില്‍ക്കുന്നത് കൃഷ്ണ ജന്മഭൂമിയിലാണെന്നും അത് പൊളിച്ച് പള്ളിയുടെ 13.37 ഏക്കര്‍ ഭൂമി ശ്രീകൃഷ്ണ ജന്മഭൂമിയ്ക്ക് വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ട് നിലവില്‍ കോടതിയില്‍ കേസുണ്ട്. ഇതിന് അനുബന്ധമായി മഥുര സീനിയര്‍ സിവില്‍ കോടതിയില്‍ നല്കിയ അപേക്ഷയിലാണ് ഒത്തുതീര്‍പ്പെന്ന നിലയില്‍ ഇത്തരത്തിലൊരു നിര്‍ദേശം വച്ചിരിക്കുന്നത്.
സംഘ്പരിവാറിന്റെ പൊളിക്കാനുള്ള പള്ളികളുടെ ലിസ്റ്റില്‍ ബാബരിക്ക് പിന്നാലെ രണ്ടാം സ്ഥാനത്തുള്ളതാണ് ഷാഹി ഈദ്ഗാഹ് പള്ളി. മുഗള്‍ ഭരണാധികാരി ഔറംഗസീബ് ശ്രീകൃഷ്ണ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നും വിട്ടു കിട്ടണമെന്നുമാണ് 2020 ഡിസംബറില്‍ നല്കിയ ഹരജിയില്‍ സംഘ്പരിവാര്‍ സംഘടനയുടെ അവകാശവാദം. പള്ളി നില്ക്കുന്ന സ്ഥലം തൊട്ടടുത്തുള്ള കത്റ കേശവ് ദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്നാണ് ഹരജിയില്‍ പറയുന്നത്. ഭഗ്വാന് ശ്രീകൃഷ്ണ വിരാജ്മാന്റെ പേരില്‍, ബാലനായ ശ്രീകൃഷ്ണന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന രഞ്ജന അഗ്നിഹോത്രിയാണ് ആദ്യമായി ഇതിന് സ്യൂട്ട് ഫയല്‍ ചെയ്തത്.
കീഴ്ക്കോടതി ആദ്യഘട്ടത്തില്‍ ഹരജി തള്ളിയിരുന്നെങ്കിലും മേല്‍ക്കോടതി അത് ഫയലില്‍ സ്വീകരിച്ചിരുന്നു.
നിലവിലുള്ള ഷാഹി ഈദ്ഗാഹ് പള്ളിയേക്കാള്‍ വലിയപള്ളി പണിയാനുള്ള ഭൂമിതന്നെ നല്‍കുമെന്ന് അഭിഭാഷകനായ മഹേന്ദ്രപ്രതാപ് സിങ് മുഖേന സമര്‍പ്പിച്ച അനുബന്ധ അപേക്ഷയില്‍ കൃഷ്ണ ജന്മഭൂമി മുക്തി ആന്ദോളന് സമിതി പറയുന്നു. ഉത്തര്‍പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി എന്നിവരാണ് കേസിലെ മുഖ്യ എതിര്‍കക്ഷികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."