മക്ക പ്രാർഥനാമുഖരിതം; വിശുദ്ധ ഹജ്ജിന് നാളെ തുടക്കം
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക • നാഥന്റെ വിളിക്കുത്തരം നൽകി വിശുദ്ധ മക്കയിലെത്തിയ വിശ്വാസിലക്ഷങ്ങളുടെ നാവിൽ നിന്നുയരുന്ന തൽബിയത് ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 10 ലക്ഷം തീർഥാടകർ പുണ്യനഗരിയായ മിനയിൽ നാളെ സംഗമിക്കുന്നതോടെയാണ് ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകുക.
യൗമുത്തർവിയതിന്റെ ദിനമായ നാളെ പകലും രാത്രിയിലും തമ്പുകളുടെ നഗരിയായ മിനായിൽ തങ്ങുന്ന ഹാജിമാർ ദുൽഹജ്ജ് ഒമ്പതിന് (ജൂലൈ 8) നടക്കുന്ന ഹജ്ജിന്റെ പ്രധാന കർമമായ അറഫാ സംഗമത്തിന് സജ്ജമാകും. വെള്ളിയാഴ്ചയാണ് ഹജ്ജിന്റെ ഏറ്റവും പ്രധാന കർമമായ അറഫാ സംഗമം.
അഷ്ടദിക്കുകളിൽ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരിയായ മിന സജ്ജമായിക്കഴിഞ്ഞു. മദീനയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഹാജിമാരടക്കം തീർഥാടകർ മുഴുവനും മക്കയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഹജ്ജ് കർമത്തിന്റെ ആദ്യഘട്ടമായ മിനയിൽ രാപാർക്കുന്നതിനായി നാളെ സുബ്ഹിയോടെ ഹാജിമാർ മിനയിലേക്കെത്തിച്ചേരും. ഇതിനായി ഇന്നുതന്നെ മിന ലക്ഷ്യമാക്കി തീർഥാടകർ നീങ്ങിത്തുടങ്ങും. ഇതോടെ മിന താഴ്‌വാരം ശുഭ്രവസ്ത്രധാരികളുടെ കേന്ദ്രമായി മാറും. ദൈവികചിന്തയിൽ മിനയിൽ കണ്ണീർചാലിച്ച് പ്രാർഥനകളിൽ മുഴുകുന്ന ഹാജിമാർ വെള്ളിയാഴ്ച രാവിലെയോടെ ഹജ്ജിന്റെ പ്രധാന കർമമായ അറഫാ സംഗമം ലക്ഷ്യമാക്കി നീങ്ങും.
അതേസമയം, തിരക്ക് കണക്കിലെടുത്തും കൂടുതൽ സൗകര്യത്തിനുവേണ്ടിയും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ തീർഥാടകർ ഇന്നു വൈകിട്ട് നാലിനു തന്നെ മിനായിലേക്കു പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."