സംസ്ഥാനത്ത് കനത്ത മഴ; വ്യാപക നാശനഷ്ടം
തൊടുപുഴ • കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇടുക്കിയിൽ മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേർ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മൈലാടുംപാറ, പൊന്നാങ്കാണി, തോണ്ടിമല എന്നിവിടങ്ങളിലെ ഏലത്തോട്ടങ്ങളിലാണ് അപകടമുണ്ടായത്.
നെടുങ്കണ്ടം മയിലാടുംപാറ സെന്റ്. മേരീസ് എസ്റ്റേറ്റിലെ തൊഴിലാളി മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി (50), നെടുങ്കണ്ടം പൊന്നാങ്കാണിയിലെ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിൽ ജോലിചെയ്തിരുന്ന ഒഡിഷ സ്വദേശി സോമ ലക്ര (60), തോണ്ടിമല എസ്റ്റേറ്റിലെ ചുണ്ടൻ സ്വദേശി ലക്ഷ്മി പാണ്ടി (65) എന്നിവരാണ് മരിച്ചത്. ഒഡിഷ സ്വദേശി ബാജ്ജു കിൻഡോയ്ക്ക് ഗുരുതര പരുക്കേറ്റു. ഇതോടെ ജില്ലയിൽ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി.
അതിനിടെ, സംസ്ഥാനത്തെ 13 അണക്കെട്ടുകൾ തുറന്നു. ജലവിഭവ വകുപ്പിന്റെ ഭൂതത്താൻകെട്ട്, മണിയാർ, മൂലത്തറ, പഴശ്ശി, മലങ്കര, നെയ്യാർ, ശിരുവാണി, കുറ്റ്യാടി, കാരപ്പുഴ, കല്ലട, കാഞ്ഞിരപ്പുഴ എന്നിവയും കെ.എസ്.ഇ.ബിയുടെ കീഴിലുള്ള കല്ലാർകുട്ടി, ലോവർപെരിയാർ അണക്കെട്ടുകളുമാണ് തുറന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 5 അടി ഉയർന്ന് 2,345.54 അടിയിലെത്തി.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."