വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍, യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതികള്‍ക്ക് വ്യത്യസ്ത നിലപാട് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളിയത്.
അതേസമയം, വിജയ് ബാബുവിനെ തുടര്‍ന്നും ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി അനുമതി നല്കി. തെളിവു നശിപ്പിക്കുന്നതിനോ സാക്ഷികളെ സ്വാധീനിക്കുന്നതിനോ ഉള്ള ശ്രമങ്ങള്‍ പാടില്ലെന്നും അതിജീവിതയയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തരുതെന്നും വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചു. പ്രതിയെ സമ്മര്‍ദ്ദം ചെലുത്താനുള്ളതല്ല അറസ്റ്റ്, നിയമ വ്യവസ്ഥയില്‍നിന്ന് പ്രതി ഒളിച്ചോടാതിരിക്കാന്‍ വേണ്ടിയാണ് അറസ്റ്റെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ജാമ്യ വ്യവസ്ഥകളില്‍ സുപ്രിംകോടതി മാറ്റം വരുത്തി. ഇതുപ്രകാരം, വിജയ് ബാബുവിന് കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാന്‍ കഴിയില്ല. കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നതിനും വിലക്കുണ്ട്.
ജൂണ്‍ 27 മുതല്‍ മുതല്‍ ജൂലായ് മൂന്ന് വരെയാണ് വിജയ് ബാബുവിനെ ചോദ്യംചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നത്. ഈ സമയപരിധി സുപ്രിംകോടതി നീക്കി.
സംസ്ഥാന സര്‍ക്കാരിനു പുറമേ, അതിജീവിതയും മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഫെയ്സ്ബുക്ക് ലൈവില്‍ വന്നു തന്റെ പേര് വിജയ്ബാബു വെളിപ്പെടുത്തിയെന്നും പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദമുണ്ടെന്നുമാണ് അതിജീവിത ചൂണ്ടിക്കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."