വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കം, ഹാജിമാരുടെ മിന പ്രയാണം തുടരുന്നു, അറഫാ സംഗമം നാളെ
മക്ക: ദൈവീക വിളിക്കുത്തരം നൽകി “തൽബിയതിന്റെ” മന്ത്രവുമായി ലോകത്തിനെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷോപലക്ഷം ഹാജിമാർ ഇന്ന് മിനായിൽ. ഇതോടെ ഈ വർഷത്തെ മഹത്തായ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കമാകും. തൽബിയത്ത് മന്ത്രങ്ങളാൽ നിറഞ്ഞൊഴുകി മിനയിലേക്ക് ബുധനാഴ്ച വൈകീട്ടോടെ തന്നെ പ്രയാണം ആരംഭിച്ചിരുന്നു.
ഇന്ന് വൈകുന്നേരം വരെ ഇത് തുടരും. ദുൽഹജ്ജ് 8 ആയ ഇന്ന് ഹാജിമാർക്ക് പ്രത്യേക ആരാധനകളൊന്നുമില്ലെങ്കിലും ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫാത്തിലെ അറഫ സംഗമത്തിലേക്കുള്ള തയാറെടുപ്പിലാണ് (തർവിയത്) ഹാജിമാർ. ഹജ്ജിന്റെ പ്രധാന ചടങ്ങായ ലോകത്തെ ഏറ്റവും വലിയ വിശ്വാസി സംഗമം കൂടിയായ അറഫാ സംഗമം നാളെയാണ്. ഇന്ത്യൻ ഹാജിമാർ ഇന്നലെ വെകീട്ട് മുതൽ മിനയെ ലക്ഷ്യമാക്കി നീക്കം തുടങ്ങിരുന്നു. മലയാളി ഹാജിമാരെല്ലാം ഇന്ന് പുലർച്ചയോടെയാണ് മിന തമ്പുകളിൽ എത്തിചേർന്നു.
‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി മക്കയിലെ മസ്‌ജിദുൽ ഹറം പള്ളിക്കു ചുറ്റുമുള്ള താമസ കേന്ദ്രങ്ങളിൽ നിന്നും ചെറു സംഘങ്ങളായാണ് മിനായിലേക്കുള്ള മനുഷ്യ മഹാ ഒഴുക്ക് ആരംഭിച്ചത്. പാപങ്ങളും സങ്കടങ്ങളും എണ്ണിയെണ്ണി പറഞ്ഞു വിതുമ്പുന്ന ഹൃദയങ്ങൾക്ക് മിനാ മിനാ താഴ്‌വാരവും തമ്പുകളും ഇന്ന് രാത്രി സാക്ഷിയാകും.
കനത്ത സുരക്ഷയിൽ സഊദി അധികൃതർ നൽകിയ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ മുതവ്വിഫുമാർ ഏർപ്പെടുത്തിയ പ്രത്യേക വാഹനങ്ങളിലും മെട്രോ ട്രെയിനുകളിലുമായാണ് ഹാജിമാർ മിനയിലെത്തിയത്. വിവിധ രാജ്യങ്ങൾക്കും സംഘങ്ങൾക്കും പ്രത്യേകം സമയങ്ങളും നൽകിയിരുന്നു. ഹാജിമാർക്കുള്ള ഹജ്ജ് പാസ്സ്, ടെന്റ് നമ്പരുകൾ ഭക്ഷണ കൂപ്പണുകൾ, ബലികൂപ്പൺ വഴികളുടെ വിശദീകരണം നൽകുന്ന മാപ്പ്, മശാഇർ ട്രെയിനിന്റെയും ബസ്സിന്റെയും ടിക്കറ്റുകൾ തുടങ്ങിയവയുടെ വിതരണം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.
ഇന്ന് മിനായിൽ, നെരത്തെയെത്തുന്ന ഹാജിമാർ അഞ്ചു നേരത്തെ നിസ്‌കാരം പൂർത്തിയാക്കിയ ശേഷം അർദ്ധ രാത്രിക്കു ശേഷം അറഫ മൈതാനം ലക്ഷ്യമാക്കി നീങ്ങും. വെള്ളിയാഴ്ച ഉച്ചയോടെ മുഴുവൻ ഹാജിമാരും അറഫയിൽ എത്തി ചേരും. പ്രത്യേക മശാഇർ ട്രെയിൻ സർവ്വീസുകൾ, ബസ് തുടങ്ങിയവ വഴിയും കാൽ നടയുമായാണ് ഹാജിമാർ അറഫയിലേക്ക് നീങ്ങുക. അറഫ സംഗമത്തിന്റെ ഭാഗമായി നാളെ ദുഹ്ർ നിസ്‌കാര ശേഷം അറഫാത്ത് മൈതാനിയിലെ മസ്ജിദുന്നമിറയിൽ മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുതിർന്ന പണ്ഡിത കൗൺസിൽ അംഗവുമായ മുഹമ്മദ് അൽ ഈസയ അറഫ പ്രഭാഷണം നിർവ്വഹിക്കും.
നാളെ നടക്കുന്ന അറഫാ സംഗമത്തിലേക്ക് രോഗികളായ ഹാജിമാരെയും പ്രായമായവരെയും എത്തിക്കാൻ പ്രത്യക സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രികളിൽ അടിയന്തിര ചികിത്സയിൽ കഴിയുന്നവരെ എത്തിക്കാനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
നാളെ അറഫാ സംഗമത്തിന് ശേഷം ഹാജിമാർ മുസ്‌ദലിഫ ലക്ഷ്യമാക്കി നീങ്ങും. കനത്ത ചൂട് ഹാജിമാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും വേണ്ട സജ്ജീകരണങ്ങൾ കൈക്കൊള്ളണമെന്നും അധികൃതർ ഹാജിമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിന, അറഫാത്ത് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ സൂര്യാഘാതം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും മറ്റു അടിയന്തിര വിഷയങ്ങളും കൈകാര്യം ചെയ്യാൻ ജാഗരൂകരായി വിവിധ സംഘങ്ങൾ പ്രവർത്തന സജ്ജമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."