മൂന്നാംമുന്നണിയുടെ ഭാവി?
യു.എം മുഖ്താര്‍
'രാഹുല്‍ ഗാന്ധി ബി.ജെ.പിയെയും ആ പാര്‍ട്ടിയുടെ നയത്തെയും ശക്തമായി എതിര്‍ക്കുന്നു, പക്ഷേ അതു ട്വിറ്ററിലാണെന്ന് മാത്രം' - ശിവസേന മുഖപത്രമായ സാമ്‌നയുടെ ഇന്നലത്തെ മുഖപ്രസംഗത്തിലെ പരാമര്‍ശമാണിത്. ജനങ്ങള്‍ വലിയ രോഷത്തിലാണെങ്കിലും ചിതറിയ പ്രതിപക്ഷമുള്ളതുകൊണ്ട് തല്‍ക്കാലം ഒരു ഭീഷണിയും ഉയരില്ലെന്ന ആത്മവിശ്വാസം ബി.ജെ.പിക്കുണ്ടെന്നും ശിവസേന മുഖപത്രം എഴുതി. ഈയടുത്ത കാലംവരെ ബി.ജെ.പിയുടെ സഖ്യകക്ഷിയായി കഴിയുകയും ബി.ജെ.പിയുടെ ഹിന്ദുത്വ ആശയങ്ങളില്‍ ആകൃഷ്ടരുമായ ശിവസേന, മറ്റേതൊരു കക്ഷിയെക്കാളും സംഘ്പരിവാരിന്റെ ഉള്ളറകളും ബലഹീനതയും അറിയുന്ന പാര്‍ട്ടിയാണ്. പറഞ്ഞത് ശിവസേനയാണെങ്കിലും രാഹുലിനെയും കോണ്‍ഗ്രസിനെയും കുറിച്ചുള്ള സാമ്‌നയിലെ വരികള്‍ വിശകലനത്തിന് വഴിയൊരുക്കുന്നതാണ്.
നിലവില്‍ ബി.ജെ.പിക്കെതിരേയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചും ദിനംപ്രതി സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പറയുന്ന ഏക രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധിയാണ്. പുതിയ സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ് ഔദ്യോഗികനയം പ്രഖ്യാപിക്കും മുന്‍പേ രാഹുല്‍ഗാന്ധി അഭിപ്രായം പറഞ്ഞ സാഹചര്യങ്ങളുമുണ്ട്. മോദിക്കും ബി.ജെ.പിക്കുമെതിരായ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ കൂടുതല്‍ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏക പ്രതിപക്ഷനേതാവും രാഹുലാണ്. നീരവ് മോദി, സുശീല്‍ മോദി, ലളിത് മോദി എന്നിവര്‍ക്കെതിരായ അഴിമതി തട്ടിപ്പ് കേസുകളുടെ പശ്ചാത്തലത്തില്‍ കള്ളന്‍മാരുടെ പേരുകള്‍ക്ക് പിന്നിലെല്ലാം മോദി എന്നുണ്ടല്ലോ എന്ന പരിഹാസത്തിന്റെ പേരില്‍ ഇന്നലെയും അദ്ദേഹത്തിന് കോടതിയില്‍ കയറിയിറങ്ങേണ്ടിവന്നു. നിലവില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ഗാന്ധി. വേണമെങ്കില്‍ ജീവിച്ചിരിപ്പുള്ള ഏക കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ എന്നും പറയാം. പാര്‍ട്ടിയില്‍ മറ്റൊരു ഔദ്യോഗികപദവി അദ്ദേഹത്തിനില്ല. 'പാര്‍ട്ടി ഹൈക്കമാന്‍ഡ് വക്താവ്' എന്ന അപ്രഖ്യാപിതപദവിയും രാഹുലിന് ചേരും. പക്ഷേ, പ്രധാനഭാരവാഹിത്വം ഇല്ലെങ്കിലും പാര്‍ട്ടിയുടെ മുഖമായ അദ്ദേഹം ഓണ്‍ലൈനിലേത് പോലെ ഓഫ്‌ലൈനിലും നിലവിലുള്ളതിനെക്കാള്‍ ശക്തമായി രംഗത്തെത്തിയാല്‍ അതിന്റെ ഫലം വളരെ വലുതായിരിക്കുമെന്ന അഭിപ്രായം സാമ്‌നയുടേത് മാത്രമല്ല. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരുടേത് കൂടിയാണ്.
വാര്‍ത്തയാവുന്ന മൂന്നാംമുന്നണി
ഇന്ത്യയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരേ ഉയര്‍ന്നുവന്ന വിശാലസഖ്യമാണ് മൂന്നാംമുന്നണി. ഇടതുപക്ഷവും വിവിധസംസ്ഥാനങ്ങളില്‍ വലിയ സ്വാധീനമുള്ള പ്രാദേശികകക്ഷികളും അടങ്ങുന്ന സഖ്യം കാലം തികച്ചില്ലെങ്കിലും ഒന്നിലധികം തവണ രാജ്യം ഭരിക്കുകയും ചെയ്തു. അടുത്തിടെ എന്‍.സി.പി നേതാവ് ശരത് പവാറുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ 12 ദിവസത്തിനിടെ മൂന്നുതവണ കൂടിക്കാഴ്ച നടത്തിയതോടെയാണ് മൂന്നാംമുന്നണി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചത്. പ്രധാനമായും 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചകളാണ് ഇപ്പോള്‍ പ്രശാന്ത് കിഷോറും ശരത് പവാറും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്. കൂടിക്കാഴ്ചകളുടെ ഫലമായി ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, വിരമിച്ച സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗവും പവാറും പ്രശാന്ത് കിഷോറും വിളിച്ചുകൂട്ടി. കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളെ മാറ്റിനിര്‍ത്തിയായിരുന്നു യോഗം.
പ്രാവര്‍ത്തികമാവാന്‍ സാധ്യതയുള്ളതാണെങ്കിലും അധികാരമോഹികളുടെ ഒരു ദേശീയ കൂട്ടായ്മകൂടിയാവും കോണ്‍ഗ്രസ്, ബി.ജെ.പിയിതര മുന്നണികള്‍. ഈ മുന്നണികള്‍ മുന്‍പും അധികാരത്തില്‍ വന്നെങ്കിലും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാതെ താഴെവീണതും ഇക്കാരണം കൊണ്ട് തന്നെയാണ്. വലിയ പരിഗണനയും സീറ്റും നല്‍കേണ്ടിവരുമെന്ന ചിന്ത മാത്രമാണ് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനുള്ള ഒരു പ്രധാന കാരണം. മൂന്നാംമുന്നണി രൂപംകൊണ്ട 80കളിലെയും 90കളിലെയും സാഹചര്യമല്ല ഇപ്പോഴുള്ളത്. അന്നത്തേക്കാള്‍ ശക്തമായ പ്രാദേശികകക്ഷികള്‍ ഇന്നുണ്ട് എന്നത് ശരിയാണ്. നിലവില്‍ കോണ്‍ഗ്രസിന് രാജസ്ഥാന്‍, പഞ്ചാബ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ മാത്രമാണ് ഭരണമുള്ളത്. ജാര്‍ഖണ്ഡ്,തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മന്ത്രിസഭയില്‍ കോണ്‍ഗ്രസ് ഭാഗവുമാണ്. എന്നാല്‍, പശ്ചിമബംഗാള്‍, , കേരളം, ഡല്‍ഹി, ഒഡിഷ, ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെല്ലാം കോണ്‍ഗ്രസ് -ബി.ജെ.പിയിതര പാര്‍ട്ടികളാണ് ഭരണത്തിലുള്ളത്. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ടേറ്റുമുട്ടുന്ന വലിയ സംസ്ഥാനങ്ങള്‍ മധ്യപ്രദേശും രാജസ്ഥാനും മാത്രമാണ്. ഉത്തര്‍പ്രദേശ് അടക്കമുള്ള വലിയ സംസ്ഥാനങ്ങളിലെല്ലാം പ്രാദേശിക കക്ഷികളാണ് പ്രധാനമായും ബി.ജെ.പിയോട് ഏറ്റുമുട്ടുന്നത്.
ഈയടുത്ത് അഞ്ചിടത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയിലും അസമിലുമാണ് ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ടേറ്റുമുട്ടിയത്. രണ്ടിടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഭരണവിരുദ്ധവികാരവും സി.എ.എ വിഷയത്തിലുയര്‍ന്ന അസമിവികാരമൊന്നും അസമില്‍ കോണ്‍ഗ്രസിന് വോട്ടാക്കാനായില്ല. പുതുച്ചേരിയിലാവട്ടെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ ബി.ജെ.പിയായത്. പശ്ചിമബംഗാളില്‍ മമതയോടും തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്റെ ഡി.എം.കെയെന്ന പ്രാദേശികപാര്‍ട്ടിയോടും ബി.ജെ.പി പരാജയപ്പെട്ടു. അഞ്ചിടത്തുമായി കോണ്‍ഗ്രസിന് ഏറ്റവുമധികം പ്രതീക്ഷയുണ്ടായിരുന്നത് കേരളത്തിലായിരുന്നു. എന്നാല്‍, ചരിത്രം സൃഷ്ടിച്ച് ഭരണത്തുടര്‍ച്ചയുണ്ടായതോടെ അതുമില്ലാതായി.
ഈ വസ്തുതകളൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ രാജ്യത്തിന്റെ എല്ലാഭാഗത്തും ഒരു പോലെ സാന്നിധ്യമുള്ള ഏക കക്ഷിയാണ് കോണ്‍ഗ്രസ്. പരിചയസമ്പന്നരായ ദേശീയകാഴ്ചപ്പാടുള്ള നേതാക്കളും കോണ്‍ഗ്രസിലാണുള്ളത്. അത്തരമൊരു പാര്‍ട്ടിയെ മാറ്റിനിര്‍ത്തിയുള്ള ബദല്‍ മുന്നണി അപൂര്‍ണമാവാനാണ് സാധ്യത.
മമതയോ പവാറോ?
2014ന് ശേഷം ബി.ജെ.പിക്ക് സംഭവിച്ച ഏറ്റവും വലിയ പരാജയവും നാണക്കേടും ഇക്കഴിഞ്ഞ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമതയോടുള്ള അടിയറവ് പറച്ചിലാണ്. ബംഗാളില്‍ മമത തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുവരെ കൂടെയുണ്ടായിരുന്ന പലരും നേരം ഇരുട്ടി വെളുത്തപ്പോള്‍ ബി.ജെ.പി പാളയത്തിലെത്തി. തങ്ങളുടെ വിശ്വസ്തത ഇല്ലാതാവുന്ന വിധത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനും ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളും ബി.ജെ.പിക്ക് അനുകൂലമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ ഇടവിട്ട ദിവസങ്ങളില്‍ ബംഗാളില്‍ വന്ന് പ്രചാരണം നടത്തി. ഒരുഡസനോളം കേന്ദ്രമന്ത്രിമാര്‍ കൊല്‍ക്കത്തയില്‍ മുറിയെടുത്ത് ബി.ജെ.പിക്ക് വേണ്ടി രാപ്പകല്‍ പണിയെടുത്തു. ഇഷ്ടംപോലെ പണമൊഴുക്കി. എന്നിട്ടും മമതക്ക് മുന്‍പില്‍ ബി.ജെ.പി പരാജയപ്പെട്ടു. അതുകൊണ്ട് 2024ല്‍ മോദിയോട് മുട്ടാന്‍ കോണ്‍ഗ്രസിതര നേതാവ് എന്ന വിശേഷണത്തിനര്‍ഹതയുള്ള പട്ടികയില്‍ മമതക്ക് പിന്നിലേ മറ്റൊരാള്‍ വരൂ.
2014ല്‍ നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷമുള്ള ഏക ട്രെന്‍ഡ് പാര്‍ട്ടി ഭേദമന്യേ ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്കായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്തുനിന്നും തൃണമൂലില്‍ നിന്നുമെല്ലാം ഒഴുക്ക് തുടര്‍ന്നു. എന്നാല്‍, തിരിച്ച് ഒരു ഒഴുക്കുണ്ടായത് തൃണമൂലിലേക്ക് മാത്രമാണ്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ അടക്കമുള്ളവര്‍ തൃണമൂലിലേക്ക് തിരിച്ചെത്തി. എം.എല്‍.എമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഗംഗാജലം മേലൊഴിച്ച് കൊല്‍ക്കത്തയിലെ ഹരിഷ് ചാറ്റര്‍ജി സ്ട്രീറ്റിലുള്ള തൃണമൂല്‍ ആസ്ഥാനത്തിന് മുന്‍പില്‍ വരിനില്‍ക്കുകയുമാണ്. ഇതുകൊണ്ടൊക്കെയാണ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ നേരിടാന്‍ മമതക്ക് കഴിയുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതായി ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്നാണ് ഇങ്ങനെയൊരു അംഗീകാരം മമതക്ക് കിട്ടിയത്.
പട്ടികയിലുള്ള മറ്റൊരാള്‍ ശരത് പവാറാണ്. സോണിയാഗാന്ധി തലപ്പത്തെത്തുംവരെ കോണ്‍ഗ്രസുകാരനായിരുന്നു ശരത് പവാര്‍. കോണ്‍ഗ്രസില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ആ പാര്‍ട്ടിയിലെ രണ്ടാമനൊക്കെ ആവേണ്ടയാള്‍, പക്ഷേ സോണിയാഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധം ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ കലഹമുണ്ടാക്കി പുറത്തുപോയി എന്‍.സി.പി രൂപീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. സോണിയയുടെ പേരില്‍ കലാപമുണ്ടാക്കിയാണ് പുറത്തുപോയതെങ്കിലും പിന്നീട് സോണിയ അധ്യക്ഷയായ യു.പി.എ സര്‍ക്കാരില്‍ പ്രധാനവകുപ്പുകള്‍ പവാര്‍ കൈകാര്യംചെയ്തു. കൂടാതെ ഇന്ന് ഗാന്ധികുടുംബത്തോടും കോണ്‍ഗ്രസിതര കക്ഷികളോടും അതുപോലെ ബി.ജെ.പി നേതാക്കളുമായും ഒരുപോലെ ബന്ധം സൂക്ഷിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഒരിടവേളയ്ക്ക് ശേഷം പവാറിന്റെ മുംബൈയിലെയും ഡല്‍ഹിയിലെയും വസതികള്‍ കേന്ദ്രീകരിച്ച് പ്രശാന്ത് കിഷോറിനെ വരുത്തിച്ച് ചൂടേറിയചര്‍ച്ചകള്‍ നടക്കുമ്പോള്‍ സൂക്ഷമമായി നിരീക്ഷിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."